
രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് ഒരു പാര്‍ട്ടിക്ക് 400 സീറ്റിന് മുകളില്‍ നേടാനായത്. ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ നടന്ന 1984-ലെ പൊതുതിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ആണ് ആ റെക്കോഡ് സൃഷ്ടിച്ചത്, 414 സീറ്റ്. 404 സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചത്(പഞ്ചാബിലും അസമിലും 1985 ലാണ് ലോക്‌സഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. അതില്‍ 10 സീറ്റ് കൂടി നേടി കോണ്‍ഗ്രസിന്റെ അംഗബലം 414 ആയി വര്‍ധിച്ചു). നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മൂന്നാംവട്ടം പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയുടെ ഇത്തവണത്തെ പ്രധാന മുദ്രാവാക്യമായിരുന്നു 'അബ്കി ബാര്‍ 400 പാര്‍' (ഇത്തവണ 400ന് മുകളില്‍) എന്നത്. 2014-ല്‍ 336 സീറ്റുകള്‍ നേടി അധികാരത്തിലേറിയ എന്‍ഡിഎയ്ക്ക് 2019-ല്‍ 353 സീറ്റുകളാണ് ലഭിച്ചത്. ഈ കുതിപ്പ് നല്‍കിയ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് മോദിയും ബിജെപിയും 400 എന്ന ലക്ഷ്യമുയര്‍ത്തി 2024-ലെ തിരഞ്ഞെടുപ്പിനെ സമീപിച്ചത്.
അയോധ്യയിലെ രാമക്ഷേത്രം, സിഎഎ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി തുടങ്ങിയവയുടെ പിന്‍ബലത്തില്‍ 543 അംഗ പാര്‍ലമെന്റില്‍ നാലില്‍ മൂന്ന് ഭാഗവും എന്‍ഡിഎയ്ക്ക് കിട്ടുമെന്ന് വിവിധ അഭിപ്രായ സര്‍വേകളും തിരഞ്ഞെടുപ്പിന് മുമ്പ് പ്രവചിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ മൂന്ന് ഘട്ടം പിന്നിടുമ്പോള്‍ 400 സീറ്റുകള്‍ നേടുമെന്ന ബിജെപി ക്യാമ്പിലെ ആത്മവിശ്വാസത്തിന് മങ്ങലേറ്റിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പോളിങ് ശതമാനത്തിലുണ്ടായ കുറവും തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ബിജെപി നേതാക്കളുടെ ചുവടുമാറ്റവുമാണ് ഈ വിലയിരുത്തലുകള്‍ക്ക് ആധാരം.
വോട്ടെടുപ്പിന്റെ മൂന്നാംഘട്ടം അവസാനിച്ചതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ പകുതി പിന്നിട്ടു. 543-ല്‍ 283 മണ്ഡലങ്ങളിലേയും വോട്ടര്‍മാര്‍ വിധിയെഴുതിക്കഴിഞ്ഞു. 2019-ലെ മോദി തരംഗം രാജ്യത്ത് നിലവിലില്ല എന്നതിന്റെ സൂചനയാണ് കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലെ വോട്ടിങ് ശതമാനത്തിലെ കുറവെന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാല്‍ തങ്ങള്‍ക്കനൂകലമായ വോട്ടുകള്‍ പൂര്‍ണമായും പോള്‍ ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷത്തെ ജനം തിരസ്‌കരിച്ചുവെന്നുമാണ് എന്‍ഡിഎയുടെ വാദം. അതേസമയം തന്നെ കഴിഞ്ഞ തവണ കാര്യമായ സീറ്റുകള്‍ സംഭാവന നല്‍കിയ ചില സംസ്ഥാനങ്ങളിലെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം അത്ര സുഖകരമല്ലെന്ന മുന്നറിയിപ്പും ബിജെപിക്ക് ലഭിച്ചിട്ടുണ്ട്.
വോട്ടിങ് ശതമാനം കുറഞ്ഞതിന് പിന്നിലെന്ത്?
102 സീറ്റുകളിലേക്ക് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പില്‍ 66.14 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 88 സീറ്റുകളിലേക്ക് നടന്ന രണ്ടാം ഘട്ടത്തില്‍ 66.71 ശതമാനവും 93 സീറ്റുകളുള്ള മൂന്നാംഘട്ടത്തില്‍ 64.57 ശതമാനം പോളിങ്ങും രേഖപ്പെടുത്തി. ഇതേ സീറ്റുകളില്‍ 2019-ലെ തിരഞ്ഞെടുപ്പിലെ പോളിങ് താരതമ്യം ചെയ്യുമ്പോള്‍, ഒന്നാം ഘട്ടത്തില്‍ നാലു ശതമാനത്തിനടുത്തും രണ്ടാംഘട്ടത്തില്‍ മൂന്ന് ശതമാനത്തിന് മുകളിലും മൂന്നാംഘട്ടത്തില്‍ രണ്ട് ശതമാനത്തോളം കുറവ് വന്നിട്ടുണ്ട്.

പോളിങിലെ ഇടിവ് സംബന്ധിച്ച് പലതരത്തിലുള്ള വിലയിരുത്തലുകളാണ് നടന്നുവരുന്നത്. തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും തരത്തിലുള്ള തരംഗമില്ലാത്തതാണ് ഇതിന് പിന്നിലെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ കനത്ത ചൂട്, വേനലവധി, മെട്രോ നഗരങ്ങളിലെ വോട്ടര്‍മാരുടെ തിരഞ്ഞെടുപ്പിനോടുള്ള മുഖം തിരിക്കല്‍ തുടങ്ങിയ കാരണങ്ങളാണ് പോളിങ് കുറയാന്‍ പ്രധാന കാരണമെന്നാണ് തിരഞ്ഞെടുപ്പ് വിദഗ്ദനും ആക്‌സിസ് മൈ ഇന്ത്യ ചെയര്‍മാനുമായ പ്രദീപ് ഗുപ്ത ഒരു അഭിമുഖത്തില്‍ പറഞ്ഞത്. തിരഞ്ഞെടുപ്പ് കമ്മിഷനും സമാനമായ വിലയിരുത്തലാണ് നടത്തിയിട്ടുള്ളത്. കാലവസ്ഥയും നഗരങ്ങളിലെ വോട്ടര്‍മാരുടെ താത്പര്യമില്ലായ്മ പ്രധാന കാരണമായി കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നത്. ആദ്യ രണ്ട് ഘട്ടത്തിന് ശേഷം വോട്ടിങ് ശതമാനം ഉയര്‍ത്തുന്നതിന് വലിയ പ്രചാരണ പരിപാടികള്‍ കമ്മിഷന്‍ ആസൂത്രണം ചെയ്‌തെങ്കിലും മൂന്നാംഘട്ടത്തിലും വോട്ടര്‍മാരുടെ കാര്യമായ ഒഴുക്കുണ്ടായില്ല.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ പ്രകാരം 2019-ലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തപ്പെട്ടത്. 67.40 ശതമാനം. ആദ്യമൂന്ന് ഘട്ടം പിന്നിടുമ്പോള്‍ ഇത്തവണ അതിലേക്കെത്തില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. 2014-ല്‍ 66.44 ശതമാനവും 2004-ല്‍ 58.21 ശതമാനവുമായിരുന്നു പോളിങ്. ചരിത്രപരമായി വിശകലനം ചെയ്യുമ്പോള്‍ പോളിങ് ശതമാനം കുറയുന്നത് ഭരണകക്ഷിക്ക് അത്രസുഖകരമല്ലാത്ത ഫലമാണ് നല്‍കാറുള്ളത്. എന്നാല്‍ ഇത് എല്ലായ്‌പ്പോഴും ശരിയാകില്ലെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വോട്ടിങ് ശതമാനത്തിലെ നേരിയ കുറവ് ചിലപ്പോള്‍ പ്രാദേശിക വിഷയങ്ങളും മറ്റുമായിരിക്കും. ഇത് ഫലത്തില്‍ വലിയ അത്ഭുതങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അഞ്ച് ശതമാനത്തിലധികം കുറവ് വരികയാണെങ്കില്‍ അമ്പരപ്പിക്കുന്ന ഫലങ്ങള്‍ സൃഷ്ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
400 സീറ്റ് ലക്ഷ്യം കാണുമോ ബിജെപി?
ലോക്‌സഭാ തിരഞ്ഞെടുപ്പിന് തീയതി കുറിക്കുംമുന്നേ ആരംഭിച്ചതാണ് ബിജെപിയുടെ 400 സീറ്റെന്ന പ്രചാരണം. കക്ഷികളെ അടര്‍ത്തിയെടുത്ത് ഇന്ത്യ സഖ്യത്തിന്റെ ആത്മവിശ്വാസം തകര്‍ക്കാനുള്ള നീക്കങ്ങളായിരുന്നു ലക്ഷ്യംനേടാനുള്ള ആദ്യപടി. മഹാരാഷ്ട്രയില്‍ ശിവസേനയേയും എന്‍സിപിയേയും പിളര്‍ത്തി, ബിഹാറില്‍ നിതീഷ് കുമാറിനെ വീണ്ടും ഒപ്പംചേര്‍ത്തതും 2024ലെ 400 എന്ന ലക്ഷ്യം മുന്നിൽ കണ്ടുതന്നെയായിരുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ ഉദ്ധവിനും ശരദ് പവാറിനും അനുകൂലമായ സഹതാപ തരംഗമുണ്ടെന്ന് എന്‍ഡിഎ നേതാക്കള്‍ തന്നെ പറയുന്നത് ബിജെപിയുടെ പ്രതീക്ഷകളില്‍ മങ്ങലേല്‍പ്പിക്കുന്നതാണ്. ബിഹാറിലും ഭരണവിരുദ്ധ വികാരം നിഴലിക്കുണ്ടെന്ന റിപ്പോര്‍ട്ടുകളും വോട്ടിങ് ശതമാനത്തിലെ കുറവും എന്‍ഡിഎയെ ആശങ്കപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലും ഏറ്റവും കുറവ് വോട്ടിങ് ശതമാനം രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിലൊന്നാണ് ബിഹാര്‍. 2019-ല്‍ ബിഹാറില്‍ 40-ല്‍ 39 സീറ്റുകളും എന്‍ഡിഎയ്‌ക്കൊപ്പമായിരുന്നു. മഹാരാഷ്ട്രയില്‍ ശിവസേന-ബിജെപി സഖ്യം 48-ല്‍ 41 സീറ്റുകളാണ് പിടിച്ചിരുന്നത്. കര്‍ണാടകത്തില്‍ പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ രാജ്യത്തൊട്ടാകെ എന്‍ഡിഎ പ്രതിസന്ധിയിലാക്കി. 2019-ല്‍ കാര്യമായ ദക്ഷിണേന്ത്യയില്‍ ബിജെപി ഏറ്റവുംകൂടുതല്‍ നേട്ടമുണ്ടാക്കിയ സംസ്ഥാനമാണ് കര്‍ണാടക. എന്നാല്‍ ഇത്തവണ അത്തരമൊരു അനുകൂല സാഹചര്യം പാര്‍ട്ടി കാണുന്നില്ല. പാര്‍ട്ടി ശക്തികേന്ദ്രങ്ങളായ ബെംഗളൂരുവിലെ വിവിധ മണ്ഡലങ്ങളിലടക്കം ശക്തമായ മത്സരമാണ് നടന്നതെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ തന്നെ വിലയിരുത്തിയിട്ടുണ്ട്. 2019-ല്‍ 26-ല്‍ 25 സീറ്റുകളും ബിജെപി നേടിയിരുന്നു കര്‍ണാടകത്തില്‍.
ഏറ്റവും പുതിയ പ്രതിസന്ധി ബിജെപി നേരിടുന്നത് ഹരിയാണയിലാണ്. സംസ്ഥാന സര്‍ക്കാരിനെ താങ്ങിനിര്‍ത്തിയിരുന്ന ഏഴ് സ്വതന്ത്ര എംഎല്‍എമാരില്‍ മൂന്ന്‌പേര്‍ പിന്തുണ പിന്‍വലിച്ചതാണ് പുതിയ പ്രതിസന്ധി. കര്‍ഷകപ്രതിഷേധങ്ങളും ഗുസ്തി താരങ്ങളുടെ പ്രതിഷേധവുമടക്കം ഉയര്‍ന്ന ഹരിയാണയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള കടുത്ത വികാരമാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുന്നത്. സര്‍ക്കാരിനെതിരേയുള്ള ജനരോഷം മുന്നില്‍ക്കണ്ട് നേരത്തെ ജെജെപി പിന്തുണ പിന്‍വലിച്ചിരുന്നു. പിന്നാലെ മുഖ്യമന്ത്രിയെ മാറ്റി ഭരണവിരുദ്ധ വികാരം മറികടക്കാനുള്ള ബിജെപിയുടെ ശ്രമം ഫലം കണ്ടില്ലെന്നാണ് പുതിയ സംഭവവികാസങ്ങളിലൂടെ വ്യക്തമാകുന്നത്. 2019-ല്‍ ഹരിയാണയിലെ 10-ല്‍ 10 സീറ്റും നേടിയ ബിജെപിക്ക് ഇത് ആവർത്തിക്കാൻ ഇത്തവണ കുറച്ച് വിയര്‍ക്കേണ്ടവരും.
ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇത്തവണ ബിജെപി 400 സീറ്റ് ലക്ഷ്യംവെക്കുന്നത്. 2019-ല്‍ 353 സീറ്റുകള്‍ എന്‍ഡിഎ പിടിച്ചപ്പോള്‍ 303 സീറ്റുകള്‍ ബിജെപിക്ക് സ്വന്തമായി നേടാനായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 47 സീറ്റുകള്‍ അധികം നേടിയാലെ 400 എന്ന ലക്ഷ്യത്തിലേക്ക് എന്‍ഡിഎയ്ക്ക് കടക്കാന്‍ കഴിയുകയുള്ളൂ.
2019-ല്‍ എന്‍ഡിഎയ്ക്ക് 12 ഓളം സംസ്ഥാനങ്ങളില്‍ 90 ശതമാനത്തിന് മുകളില്‍ സീറ്റുകള്‍ നേടായിട്ടുണ്ട്. ബിഹാര്‍, മധ്യപ്രദേശ്, കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഹരിയാണ, ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഗോവ എന്നിവിടങ്ങളിലെ 257 സീറ്റുകളില്‍ 238 സീറ്റുകളും നേടാന്‍ എന്‍ഡിഎയ്ക്കായിരുന്നു. 19 സീറ്റുകള്‍ മാത്രമാണ് പ്രതിപക്ഷത്തിന് പിടിക്കാനായിരുന്നത്.
പ്രതിപക്ഷത്തിന് 90 ശതമാനത്തിന് മുകളില്‍ സീറ്റുകള്‍ പിടിക്കാനായ അഞ്ച് സംസ്ഥാനങ്ങളാണുള്ളത്. തമിഴ്‌നാട്, കേരളം, പഞ്ചാബ്, ആന്ധ്രപ്രദേശ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളാണിത്. മേല്‍പ്പറഞ്ഞ ബിജെപിക്ക് മേധാവിത്വമുണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ മുഴുവന്‍ സീറ്റുകള്‍ നേടിയാല്‍ തന്നെ കേരളമടക്കമുള്ളയിടങ്ങളില്‍ നിന്ന് സീറ്റുകള്‍ നേടാനാകാതെ 400 സീറ്റെന്ന ലക്ഷ്യത്തിലേക്കെത്താന്‍ എന്‍ഡിഎയ്ക്കാകില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
അജണ്ടകൾ മാറുമ്പോള്‍
തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പിന്നിട്ടപ്പോള്‍ തന്നെ വികസന മുദ്രാവാക്യങ്ങള്‍ വിട്ട് കോണ്‍ഗ്രസ് പ്രകടനപത്രിക ഏറ്റെടുത്തുള്ള പ്രചാരണങ്ങളിലേക്ക് ബിജെപി കടന്നിരുന്നു. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങളെടുത്ത് മുസ്‌ലിങ്ങള്‍ക്ക് നല്‍കുകയാണ് കോണ്‍ഗ്രസിന്റെ നീക്കമെന്ന് രാജസ്ഥാനിലെ ആദിവാസി മേഖലയായ ടോങ്ക്-സവായ് മധേപൂരില്‍ നടന്ന ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാന മന്ത്രി മോദി പറഞ്ഞു. രണ്ടാംഘട്ടത്തിന് തൊട്ടുമുമ്പായിരുന്നു ഈ പ്രസ്താവന. ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങളില്‍ കേന്ദ്രീകരിച്ച പ്രചാരണത്തിന് ഊന്നല്‍ നല്‍കിയാണ് പിന്നീടുള്ള രണ്ട് ഘട്ടങ്ങളേയും ബി.ജെ.പി. നേരിട്ടത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ന്യൂനപക്ഷങ്ങൾക്ക് മുൻഗണന നൽകുമെന്ന് വരെ രാജ്യത്തിന്റെ പ്രധാനമന്ത്രി പറയുന്ന സ്ഥിതിയുണ്ടായി.
കര്‍ണാടക ബിജെപി പ്രചരിപ്പിച്ച വിദ്വേഷ വീഡിയോ പിന്‍വലിക്കാന്‍ എക്‌സിനോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെടുന്ന സാഹചര്യവുമുണ്ടായി. തിരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിക്കുമെന്ന ആദ്യഘട്ടത്തില്‍ ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് മോദി വര്‍ഗീയ അജണ്ടയിലേക്ക് കടന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ആദ്യഘട്ടം പിന്നിട്ടപ്പോള്‍ തന്നെ ഇത്തവണ 400 സീറ്റെന്ന മുദ്രാവാക്യം മോദി മാറ്റിവെച്ചെന്നും പ്രതിപക്ഷനേതാക്കള്‍ ആരോപിക്കുന്നു.

ഇതോടൊപ്പം പ്രതിപക്ഷത്തിന്റെ വായില്‍നിന്ന് വീണുകിട്ടുന്ന വാക്കുകളും ബിജെപി പ്രചാരണായുധമാക്കുന്ന കാഴ്ചയും കണ്ടു. മുസ്‌ലിംകള്‍ക്ക് പൂര്‍ണ സംവരണം നല്‍കണമെന്ന ലാലു പ്രസാദ് യാദവ് പ്രസ്താവന നടത്തിയ മണിക്കൂറുകള്‍ക്കകം അദ്ദേഹത്തിന് പിന്‍വലിക്കേണ്ടി വന്നു. നേരത്തെ മോദിക്കെതിരേ ലാലു നടത്തിയ പരാമര്‍ശത്തിന് പിന്നാലെ മോദി കി പരിവാര്‍ കാമ്പയിൻ ബിജെപി ആരംഭിച്ചിരുന്നു. വിവാദ പ്രസ്താവനയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ രണ്ടു തവണയാണ് അകപ്പെട്ടത്. അമേരിക്കയിലെ ഇന്‍ഹെറിറ്റന്‍സ് നികുതിയെ കുറിച്ച് അദ്ദേഹം നടത്തിയ പ്രസ്താവന വിവാദമായതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇന്ത്യക്കാരുടെ നിറത്തെ സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങളും ബിജെപി ഏറ്റെടുത്തിട്ടുണ്ട്.
അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും നിശ്ചയിക്കുന്ന അജണ്ടയില്‍ നിന്ന് പരാമവധി ഒഴിഞ്ഞുമാറിക്കൊണ്ടാണ് കോണ്‍ഗ്രസിന്റെയും ഇന്ത്യയുടെ പ്രചാരണം. സംവരണവും ഭരണഘടനയും അപകടത്തിലാണെന്ന വാദത്തിലൂന്നിയാണ് അവരുടെ പ്രധാന പ്രചാരണം. ഇതിനിടെ കര്‍ണാടകയിൽ ജെ.ഡി. എസ് സ്ഥാനാർഥി പ്രജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗികാരോപണങ്ങള്‍ ബിജെപിക്കെതിരെ രാജ്യമൊട്ടുക്കും ഉപയോഗിക്കാനുള്ള ആയുധമാക്കി മാറ്റുകയും ചെയ്തു.
Content Highlights: India election-Low turnout-how can achieve 400-seat target bjp
Published: 09 May 2024, 02:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented