ബി.ജെ.പി. മൂന്നാമൂഴം നേടുമോ? ഇന്ത്യസഖ്യം അട്ടിമറിക്കുമോ? രാഷ്ട്രീയം മാറ്റിയെഴുതാൻ പ്രാദേശികപ്പാർട്ടികൾക്ക് കഴിയുമോ? ഇതുസംബന്ധിച്ച്, രാജ്യത്തിന്റെ പ്രധാന രാഷ്ട്രീയ ഭൂപടങ്ങളിലൂടെ സഞ്ചരിച്ച് സംസ്ഥാനങ്ങളുടെ രാഷ്ട്രീയകാലാവസ്ഥ നേരിൽക്കണ്ട മാതൃഭൂമി ലേഖകരുടെ നിരീക്ഷണങ്ങൾ ഇങ്ങനെ....
ഗുജറാത്ത്
2019-ലെ ഫലം
Also Read
ആകെ സീറ്റ് 26
ബി.ജെ.പി. 26
അഭിപ്രായ സർവേകൾ മുഴുവൻസീറ്റും ബി.ജെ.പി.ക്ക് പ്രവചിച്ച സംസ്ഥാനമാണ് ഗുജറാത്ത്. സൂറത്തിൽ വോട്ടിങ്ങില്ലാതെ ജയിക്കാനുമായി. ബാക്കിയുള്ള 25 സീറ്റിൽ ഭൂരിഭാഗവും ബി.ജെ.പി. നേടുമെന്നതിൽ തർക്കമില്ല. ഇന്ത്യസഖ്യത്തിന് അക്കൗണ്ട് തുറക്കാനാകുമോയെന്നതാണ് ചോദ്യം.
പ്രതിപക്ഷത്തിന് പ്രതീക്ഷനൽകുന്ന ഘടകങ്ങൾ വോട്ടിങ്ങിൽ ദൃശ്യമായി. നാലുശതമാനത്തിലേറെ പോളിങ് കുറഞ്ഞു. അമിത്ഷാ, പാർട്ടി സംസ്ഥാന അധ്യക്ഷൻ സി.ആർ. പാട്ടീൽ എന്നിവർ മത്സരിക്കുന്നയിടങ്ങളിൽ ആറു ശതമാനത്തിലേറെ കുറഞ്ഞു. അതേസമയം, കോൺഗ്രസ്-ആപ്പ് സഖ്യം നല്ലമത്സരം കാഴ്ചവെച്ചയിടങ്ങളിൽ പോളിങ് കൂടി. തിരഞ്ഞെടുപ്പിനുമുമ്പും ശേഷവും ബി.ജെ.പി.യിൽ പതിവില്ലാത്തവിധം പാളയത്തിൽ പടയുണ്ടായി. രജപുത്രരിൽ ഒരുവിഭാഗം ബി.ജെ.പി.ക്ക് വോട്ടുചെയ്തിട്ടില്ല. എങ്കിലും മോദിക്ക് മൂന്നാമൂഴം എന്ന സന്ദേശം ഇതിനെയെല്ലാം മറികടന്നതായി ബി.ജെ.പി. കണക്കുകൂട്ടുന്നു.
രണ്ട് മുഖ്യപാർട്ടികളും വനിതകളെ രംഗത്തിറക്കിയ ബനസ്‌കന്ധയിൽ ഗെനിബെൻ ഠാക്കൂർ വിജയിക്കുമെന്ന് കോൺഗ്രസ് ഉറപ്പിക്കുന്നു. സംസ്ഥാനത്ത് 2019-ലെക്കാൾ പോളിങ് കൂടിയ ഏകമണ്ഡലവുമാണിത്. എ.എ.പി. സ്ഥാനാർഥി ചൈതർ വസാവ കടുത്തപോരാട്ടം കാഴ്ചവെച്ച ഭറൂച്ചാണ് മറ്റൊരു സാധ്യതാമണ്ഡലം. രജപുത്രരുടെ വോട്ടുകൂടി ലഭിച്ചതിനാൽ പഴയ ശക്തികേന്ദ്രമായ ആനന്ദിൽ കോൺഗ്രസ് നിയമസഭാകക്ഷിനേതാവ് അമിത് ചവഡയ്ക്കും വിജയപ്രതീക്ഷയുണ്ട്. മോദിയുടെ ജനപ്രീതി ഏശിയിട്ടില്ലെങ്കിൽ സുരേന്ദ്രനഗർ, സബർക്കന്ധ, വൽസാഡ് മണ്ഡലങ്ങളിലും കോൺഗ്രസിന് ജയസാധ്യതയുണ്ട്.
ഒഡിഷ
2019-ലെ ഫലം
ആകെ സീറ്റ് 21
ബി.ജെ.ഡി.12
ബി.ജെ.പി.08
കോൺ.01
പഴയ ചങ്ങാതിമാരായ ബി.ജെ.പി.യും ബി.ജെ.ഡി.യും സഖ്യചർച്ചകൾ പരാജയപ്പെട്ടശേഷമാണ് ഒഡിഷയിൽ പരസ്പരം മത്സരിക്കാനിറങ്ങിയത്. പ്രചാരണം മുറുകിയപ്പോഴേക്കും ചങ്ങാത്തപ്പോരിന്റെ അന്തരീക്ഷം മാറി. രണ്ടു ഘട്ടങ്ങൾകൂടി ശേഷിക്കേ കടുത്തമത്സരമാണ് ലോക്‌സഭയ്ക്കൊപ്പം നിയമസഭയിലേക്കും അരങ്ങേറുന്നത്. ബി.ജെ.ഡി.ക്കുള്ളിലെ അസ്വാരസ്യങ്ങൾ വിലയിരുത്തുന്നതിലും തിരഞ്ഞെടുപ്പ് അജൻഡ സെറ്റുചെയ്യുന്നതിലും വിജയിച്ച ബി.ജെ.പി. വലിയ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനഭരണമെന്ന ഭാവിയിലെ സാധ്യതകൾകൂടി മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെയാണ് ബി.ജെ.പി.ക്കുവേണ്ടി പടനയിക്കുന്നത്. മുഖ്യമന്ത്രിയും ബി.ജെ.ഡി. അധ്യക്ഷനുമായ നവീൻ പട്നായിക്കിന്റെ സ്വീകാര്യതയെ നേരിടാൻ മോദിയെ മുൻനിർത്തിയതോടെയാണ് മത്സരം മുറുകിയത്. തുടർച്ചയായി അഞ്ചുതവണ ഭരിച്ചിട്ടും ഭരണവിരുദ്ധവികാരമില്ലെന്നതാണ് നവീൻ പട്നായിക്കിന്റെ നേട്ടം.
2019-ൽ 21 ലോക്‌സഭാ സീറ്റിൽ 12 എണ്ണം ബി.ജെ.ഡി.ക്കായിരുന്നു. എട്ടുസീറ്റാണ് ബി.ജെ.പി. നേടിയത്. നിലവിലെ സാഹചര്യത്തിൽ ബി.ജെ.പി. 10 മുതൽ 14 വരെ സീറ്റ് നേടിയേക്കും. കോൺഗ്രസിന് കൈയിലുള്ള ഒരെണ്ണം നിലനിർത്താനായേക്കും. ബി.ജെ.ഡി.ക്കാവും നഷ്ടം.
ആന്ധ്ര
2019
ആകെ സീറ്റ് 25
വൈ.എസ്.ആർ.സി.22
ടി.ഡി.പി.03
ജഗൻമോഹൻ റെഡ്ഡിക്ക് അധികാരത്തുടർച്ച എളുപ്പമാവില്ല. 2019-ലെ ജഗൻ അനുകൂല തരംഗമൊന്നും സംസ്ഥാനത്തില്ല. ഇത്തവണ പ്രധാനപ്രതിപക്ഷമായ ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടി ബി.ജെ.പി.യുമായും തെലുഗു സൂപ്പർതാരം പവൻ കല്യാണിന്റെ ജനസേനാപാർട്ടിയുമായും സഖ്യമുണ്ടാക്കിയതും ഭരണവിരുദ്ധവികാരവും ജഗന്റെ പാർട്ടിക്ക് തിരിച്ചടിയാകും.
അഭിപ്രായ സർവേകളിൽ വൈ.എസ്.ആർ. കോൺഗ്രസ് മുന്നിലാണെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൻ.ഡി.എ. സഖ്യത്തിന് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പവൻ കല്യാണിന്റെയും റാലികളിൽ ഒഴുകിയെത്തിയ ജനക്കൂട്ടം വോട്ടാകുമെന്ന പ്രതീക്ഷ നായിഡുവിനുണ്ട്. എൻ.ഡി.എ. സഖ്യത്തെ പ്രതിരോധിക്കാൻ ഒറ്റയ്ക്ക് പ്രചാരണത്തിന് നേതൃത്വംനൽകിയ ജഗൻമേഹന് സാധിച്ചിട്ടില്ലെന്നാണ് സൂചന. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജഗനോടൊപ്പംനിന്ന സഹോദരി വൈ.എസ്. ശർമിള അധ്യക്ഷയായശേഷം കോൺഗ്രസിനുണ്ടായ ഉണർവ് പ്രഹരമേൽപ്പിക്കുന്നത് ജഗനായിരിക്കും. കോൺഗ്രസ് നേടുന്ന മുന്നേറ്റം വൈ.എസ്.ആർ. കോൺഗ്രസിന്റെ വോട്ടുകുറയ്ക്കും. സംസ്ഥാനത്ത് വൈ.എസ്.ആർ. കോൺഗ്രസും തെലുഗുദേശം പാർട്ടിയും തമ്മിലാണ് പ്രധാന മത്സരമെങ്കിലും ജനസേന പാർട്ടി ഈ തിരഞ്ഞെടുപ്പിൽ നിർണായകശക്തിയാകുമെന്നാണ് വിലയിരുത്തൽ. 24 ശതമാനംവരുന്ന കാപ്പു സമുദായത്തിന്റെ പിന്തുണ പവന് ലഭിച്ചാൽ തിരഞ്ഞെടുപ്പുഫലം തെലുഗുദേശത്തിന് അനുകൂലമാകും.ലോക്‌സഭാ സീറ്റുകളിലും ഈ നില പ്രതിഫലിക്കാനാണ് സാധ്യത.
തെലങ്കാന
2019
ആകെ സീറ്റ് 17
ടിആർ.എസ്.09
ബി.ജെ.പി.04
കോൺ.03
എ.ഐ.എം.ഐ.എം.01
കടുത്ത ത്രികോണമത്സരംനടന്ന തെലങ്കാനയിൽ ശക്തമായ അടിയൊഴുക്കുകളുണ്ടായില്ലെങ്കിൽ ഫലം കോൺഗ്രസിന് അനുകൂലമായിരിക്കും. 17-ൽ 14 എന്ന സ്വപ്നം യാഥാർഥ്യമാക്കുക എളുപ്പമല്ലെങ്കിലും കഴിഞ്ഞതവണ മൂന്നുസീറ്റിൽ ഒതുങ്ങിയ പാർട്ടി ഇത്തവണ രണ്ടക്കം കടക്കാനുള്ള സാധ്യതയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും നടത്തിയ റാലികളുടെ ആവേശം ബി.ജെ.പി.യുടെ നില മെച്ചപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിമൂലം വലിയ പ്രതിസന്ധി നേരിടുന്ന ബി.ആർ.എസിന് മൂന്ന് സീറ്റെങ്കിലുംനേടി പിടിച്ചുനിൽക്കാൻ സാധിച്ചാൽ നേട്ടമായിരിക്കും. മജ്‌ലിസ് പാർട്ടി തങ്ങളുടെ കോട്ടയായ ഹൈദരാബാദ് നിലനിർത്താനാണ് സാധ്യത.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കാൾ മൂന്നരശതമാനം പോളിങ് ഉയർന്നത് കോൺഗ്രസും ബി.ജെ.പി.യും പ്രതീക്ഷയോടെയാണ് കാണുന്നത്. സ്ത്രീവോട്ടർമാർ കൂടുതലായി വോട്ടുചെയ്യാൻ എത്തിയത് ഗുണമാകുമെന്നാണ് ഭരണകക്ഷിയായ കോൺഗ്രസിന്റെ വിലയിരുത്തൽ. പാർട്ടി പ്രസിഡന്റ് കെ. ചന്ദ്രശേഖർറാവുവും മകൻ കെ.ടി. രാമറാവുവും വ്യാപകപ്രചാരണം നടത്തിയെങ്കിലും നേതാക്കളും അണികളും കൂട്ടമായി കോൺഗ്രസിലേക്കും ബി.ജെ.പി.യിലേക്കും പോയത് ബി.ആർ.എസിന് ക്ഷീണമായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരുപാർട്ടിയും രണ്ടക്കം കണ്ടിരുന്നില്ല. ഇത്തവണ ബി.ആർ.എസിന് മൂന്ന് സീറ്റിൽക്കൂടുതൽ ലഭിക്കുക എളുപ്പമല്ല. ബി.ജെ.പി. മൂന്നുമുതൽ ഏഴുവരെ പ്രതീക്ഷിക്കുന്നു. എട്ടുമുതൽ 12 വരെ സീറ്റാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.
(തുടരും)
റിപ്പോര്‍ട്ടിന്റെ ആദ്യഭാഗം വായിക്കാന്‍...ഇവിടെ ക്ലിക്ക് ചെയ്യുക
റിപ്പോർട്ടുകൾ
ടി.എസ്. കാർത്തികേയൻ, എൻ. ശ്രീജിത്ത്, ഇ.ജി. രതീഷ്, പി. സുനിൽകുമാർ, സുനിൽ തിരുവമ്പാടി, പ്രശാന്ത് കാനത്തൂർ, പ്രകാശൻ പുതിയേട്ടി, സി.പി. ശ്രീഹർഷൻ, ഷൈൻ മോഹൻ, എ.കെ. ശ്രീജിത്ത്, സുനീഷ് ജേക്കബ് മാത്യു, രജീഷ് പി. രഘുനാഥ്, ശരണ്യാ ഭുവനേന്ദ്രൻ, അരുൺ സാബു, രാഹുൽ ഗോപിനാഥ്.
ഏകോപനം: മനോജ് മേനോൻ
Content Highlights: ground report-gujarat-telangana-odisha-andhrapradesh-mathrubhumi
Published: 31 May 2024, 11:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented