ന്യൂനപക്ഷവോട്ട് ലക്ഷ്യമിട്ട് പൗരത്വനിയമ ഭേദഗതി ആളിക്കത്തിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും നടത്തിയ ശ്രമങ്ങളാണ് കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടപ്രചാരണത്തെ ശ്രദ്ധേയമാക്കിയത്. മുഖ്യമന്ത്രിക്കെതിരേ തിരഞ്ഞെടുപ്പു കമ്മിഷന് പരാതിനൽകിയിട്ടുണ്ടെങ്കിലും ഈ വിഷയത്തിലെ ഇടതു-വലതു യുദ്ധം മാറിനിന്ന് ആസ്വദിക്കുകയാണ് ബി.ജെ.പി.
പൗരത്വനിയമ ഭേദഗതിക്കെതിരേ വമ്പൻ കൺവെൻഷനുകൾ ഒരുക്കിയും മുഖ്യമന്ത്രിയെത്തന്നെ മുഖ്യപ്രാസംഗികനാക്കിയുമാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പ് പ്രചാരണവും കേന്ദ്രവിരുദ്ധപോരാട്ടവും ഒന്നിച്ചുനടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗത്തിനിടെ തരംകിട്ടുമ്പോഴെല്ലാം സി.എ.എ.യുടെപേരിൽ ബി.ജെ.പി.യെയും കോൺഗ്രസിനെയും ഒരുപോലെ തോണ്ടുന്നുമുണ്ട്. നിലവിൽ യു.ഡി.എഫിനോട് ആഭിമുഖ്യംപുലർത്തുന്ന മുസ്‌ലിം ന്യൂനപക്ഷത്തെ ആവുന്നത്ര ഒപ്പംകൂട്ടാൻ ഈ വിഷയം ഉപകരിക്കുമെന്നാണ് ഇടതുമുന്നണി കരുതുന്നത്.
പൗരത്വനിയമ ഭേദഗതിതന്നെയാണ് തെരുവിൽ കോൺഗ്രസിന്റെയും പ്രചാരണവിഷയം. ലീഗിന്റെ തോളിലിട്ടിട്ടുള്ള കൈ അല്പം കൂടി മുറുകെപ്പിടിച്ചടുപ്പിച്ച് ബി.ജെ.പി.യെയും സി.പി.എമ്മിനെയും ഒന്നിച്ചു വെല്ലുവിളിക്കാനുള്ള തന്റേടം അവരുടെ വാക്കുകളിലുണ്ട്. പൗരത്വനിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന ഇടതുപ്രചാരണം തെറ്റാണെന്ന് പ്രചരിപ്പിക്കുന്നതിനൊപ്പം പശ്ചിമബംഗാളിലും അസമിലും മണിപ്പുരിലും പോലെ കേരളത്തിലും ന്യൂനപക്ഷത്തിന് വിശ്വസിക്കാനാവുന്നത് കോൺഗ്രസിനെയാണെന്നും അവർ പറയുന്നു.
ബി.ജെ.പി.യാകട്ടെ പൗരത്വനിയമ ഭേദഗതി സാങ്കേതികാർഥത്തിൽ പറഞ്ഞ് പ്രചരിപ്പിക്കാനാണ് സമയമെടുക്കുന്നത്. പ്രചാരണങ്ങൾ തള്ളിക്കളഞ്ഞ് കുറഞ്ഞപക്ഷം ക്രിസ്ത്യൻന്യൂനപക്ഷത്തെയെങ്കിലും തങ്ങളോടടുപ്പിക്കാനുള്ള ശ്രമമാണ് അവരുടേത്. ഈസ്റ്റർ, ക്രിസ്മസ് വിരുന്നുകൾക്ക് സഭാതലവന്മാർക്കൊപ്പം ഒന്നിച്ചിരിക്കാവുന്ന സ്നേഹാന്തരീക്ഷമുണ്ടെന്നും അവർ കരുതുന്നു. പൗരത്വനിയമ ഭേദഗതിസംബന്ധിച്ച് എൽ.ഡി.എഫ്. വിശദീകരണങ്ങൾ ആ നിലയ്ക്ക് തങ്ങൾക്കുതന്നെ ഗുണംചെയ്യും. അതിനാൽത്തന്നെ വലിയതോതിൽ പൗരത്വനിയമ ഭേദഗതി ഏറ്റുപിടിക്കേണ്ടെന്നുമാണ് ബി.ജെ.പി.യുടെ നയം. ശബരിമലവിഷയത്തിൽ സർക്കാർ ഇരട്ടത്താപ്പ് കാട്ടിയെന്ന പ്രചാരണംകൊണ്ട് ആരോപണങ്ങളെ വെട്ടിയൊതുക്കുകയാണ് ലക്ഷ്യവും.
കുപ്പിയിലെ ഭൂതം
സി.പി.എമ്മും ബി.ജെ.പി.യും തമ്മിൽ ചില കൂട്ടുകെട്ടുകളുണ്ടെന്നായിരുന്നു യു.ഡി.എഫ്. നേതാക്കൾ തുടക്കംമുതൽ പറഞ്ഞിരുന്നത്. ഇ.പി. ജയരാജന്റെ ചില പ്രസ്താവനകളുയർത്തിക്കാട്ടിയും ലാവ്‌ലിൻ മുതൽ എക്സാലോജിക് വരെയുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെയും ചില നേതാക്കളെയും കേന്ദ്രം സ്നേഹപൂർവം തലോടുന്നുണ്ടെന്നുള്ള പ്രസ്താവനകൾ പൊടിപ്പും തൊങ്ങലുംവെച്ച് പുറത്തെടുക്കാനുമായിരുന്നു കോൺഗ്രസ് തീരുമാനിച്ചിരുന്നത്. ക്ഷേമപെൻഷൻ മുടങ്ങിയതുമുതൽ സർക്കാർജീവനക്കാരുടെ ശമ്പളവിതരണത്തിലെ പ്രതിസന്ധിവരെയുള്ള സർക്കാർവിരുദ്ധ പ്രചാരണങ്ങൾക്ക് മൂർച്ചകൂട്ടിയിരിക്കുന്നതിനിടെ പൊടുന്നനെയാണ് എക്സാലോജിക് വിഷയത്തിൽ കുപ്പിയിൽനിന്ന് തുറന്നുവിട്ട ഭൂതം കണക്കെ ഇ.ഡി.യുടെ രംഗപ്രവേശം. അതോടെ സി.പി.എമ്മിനെതിരേ വജ്രായുധംതന്നെ ലഭിച്ചതിന്റെ ആഹ്ളാദമാണ് ഇപ്പോൾ കോൺഗ്രസ് ക്യാമ്പുകളിൽ. അന്വേഷണം മുറുകുന്നതോടെ അപ്രതീക്ഷിത മാറ്റങ്ങൾതന്നെ കേരളത്തിൽ സംഭവിക്കുമെന്നാണ് നേതാക്കളുടെ പ്രവചനം.
എന്നാൽ, ബി.ജെ.പി.ക്കുവേണ്ടി കൂലിപ്പണിചെയ്യുന്നവരാണ് ഇ.ഡി.യെന്ന് പ്രചരിപ്പിച്ച് കോൺഗ്രസ് നീക്കങ്ങൾക്ക് ചെക്ക് പറയാനാണ് സി.പി.എം. നീക്കം. ദേശീയതലത്തിൽ ധാരാളം മുന്നനുഭവങ്ങളും ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടാനുള്ളതിനാൽ, വിരട്ടലും വിലപേശലും ഇങ്ങോട്ടുവേണ്ടെന്നുതന്നെയാണ് മുഖ്യമന്ത്രിയുടെ ഭാഷയിൽത്തന്നെയുള്ള സി.പി.എമ്മിന്റെ മറുപടി.
ഇലക്ടറൽ ബോണ്ടിനോട് പാലിച്ച തൊട്ടുകൂടായ്മ അനുഗ്രഹമായെന്നുതന്നെയാണ് വിലയിരുത്തൽ. പൗരത്വനിയമ ഭേദഗതി കഴിഞ്ഞാൽ കോൺഗ്രസിനെയും ബി.ജെ.പി.യെയും നേരിടാൻ സി.പി.എം. കരുതിവെച്ചിട്ടുള്ള ആയുധം ഇലക്ടറൽ ബോണ്ടുതന്നെയാണ്.
ബി.ജെ.പി.യുമായുള്ള രഹസ്യബാന്ധവം, സർക്കാർവിരുദ്ധ വികാരം, മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ ഇ.ഡി. അന്വേഷണം ഇങ്ങനെ സി.പി.എമ്മിനെ ആരോപണങ്ങളുടെ പത്മവ്യൂഹത്തിൽ നിർത്തി വിയർപ്പിക്കാനുള്ള ശരങ്ങളൊന്നാന്നായി കോൺഗ്രസ് പുറത്തെടുത്തുകഴിഞ്ഞു. ദേശീയതലത്തിൽ ബി.ജെ.പി.യുടെ തേരോട്ടത്തെ ചെറുക്കാൻ കോൺഗ്രസിനേ കഴിയൂവെന്നും ഭരണത്തുടർച്ചയുണ്ടായാൽ അത് ഭരണഘടനാതകർച്ചയായിരിക്കുമെന്നുമാണ് മുഖ്യപ്രചാരണം.
ഇക്കുറി ചില സീറ്റുകൾ പിടിക്കാനാവുമെന്നുതന്നെയാണ് ബി.ജെ.പി. ക്യാമ്പുകളിലെ ആത്മവിശ്വാസം. സംസ്ഥാനത്തെ തിരഞ്ഞെടുപ്പിന്റെ ചുക്കാൻപിടിക്കേണ്ട കെ. സുരേന്ദ്രനെ വയനാട്ടിൽ മത്സരിപ്പിച്ചതിൽ ബി.ജെ.പി. നേതാക്കൾക്കിടയിൽത്തന്നെ ചില സ്വരഭേദങ്ങളുണ്ട്. എന്നാൽ, ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമെന്നനിലയിലാണ് കേരളത്തിലെ പ്രമുഖനേതാവിനെ വയനാട്ടിൽ ഇറക്കിയതെന്നാണ് ഔദ്യോഗികഭാഷ്യം.
Content Highlights: LDF UDF makes anti CAA stand an election issue
Published: 29 Mar 2024, 08:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented