നിക്ക് മുറിവുപറ്റിയാലും എന്നെ വളർത്തിയ എന്റെ പാർട്ടിക്ക്‌ മുറിവുണ്ടാകരുതെന്ന ദൃഢനിശ്ചയത്തിലാണ് പത്രിക പിൻവലിച്ചെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയൽ. കളക്ടറേറ്റിലെത്തി നാമനിർദേശപത്രിക പിൻവലിച്ചശേഷം ഡിസിസിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ജില്ലാപഞ്ചായത്ത് തോമാട്ടുചൽ ഡിവിഷനിലിൽ വിമതസ്ഥാനാർഥിയായി മത്സരിക്കാനായിരുന്നു പത്രികനൽകിയത്. ജില്ലയിലെ നേതാക്കൾ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ. സുധാകരൻ തുടങ്ങിയ നേതാക്കളുമായി ചർച്ചനടത്തിയതിനുശേഷമാണ് പത്രിക പിൻവലിച്ചത്.

To advertise here,

തോമാട്ടുചാലിൽനിന്ന് മത്സരിക്കുന്ന വി.എൻ. ശശീന്ദ്രനെ വിജയിപ്പിക്കാനുള്ള എല്ലാപ്രവർത്തനങ്ങൾക്കും നേതൃത്വംനൽകും. സാമൂഹികമാധ്യമങ്ങളിലൂടെ പലരും രണ്ടുതവണ മത്സരിച്ച എനിക്ക് അധികാരത്തിന്റെ ഭ്രമമാണെന്ന് പറയുന്നുണ്ട്. എന്നാൽ, ഇത് വിട്ടുകൊടുക്കലിന്റെ രാഷ്ട്രീയമാണ്. രണ്ടുതവണ മത്സരിച്ച ഞാൻ അഞ്ചുതവണ മത്സരിക്കുന്ന പ്രിയപ്പെട്ട നേതാവിനുവേണ്ടി വഴിമാറിക്കൊടുക്കുകയാണ്. ഞാൻ ധരിക്കുന്ന വസ്ത്രത്തിലും ഞാൻ കഴിക്കുന്ന ഭക്ഷണത്തിലും രാഷ്ട്രീയംകലർത്തേണ്ട ആവശ്യമില്ല.

ചൊവ്വാഴ്ച ജില്ലയിലെത്തുന്ന എഐസിസി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലുമായി ചർച്ചനടത്തും. ജനപ്രതിനിധിയെന്നത് അധികാരത്തിനുവേണ്ടിയുള്ളതല്ല, മറിച്ച് സമൂഹത്തിനുവേണ്ടി, എന്റെ പാർട്ടിക്കുവേണ്ടി ഏൽക്കുന്ന മുറിവുകൾ പ്രതിരോധിക്കാനുള്ള കവചമാണ്. എന്റെ ജനപ്രതിനിധിയെന്ന കവചം നഷ്ടമായി. പക്ഷേ, എന്റെ പാർട്ടി എന്നെ സംരക്ഷിക്കുമെന്ന ഉറപ്പുണ്ടെന്നും ജഷീർ പള്ളിവയൽ പറഞ്ഞു.