വെള്ളമുണ്ട: കേരളം മാറ്റത്തിന് തയ്യാറെടുക്കുകയാണെന്നും തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗമുണ്ടാകുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളില്‍ പരിഹാരം കാണാത്ത സര്‍ക്കാരിന് വോട്ടുചോദിക്കാന്‍പോലും അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളമുണ്ട, പൂതാടി, മൂപ്പൈനാട് പഞ്ചായത്തുകളില്‍ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാല്‍.

To advertise here,

വയനാട്ടിലെ വന്യമൃഗശല്യത്തിനുപോലും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. ഇടതുസര്‍ക്കാരിന്റെ ഒന്‍പതരവര്‍ഷക്കാലയളവില്‍ വന്യമൃഗാക്രമണത്തില്‍ 1158 മരണങ്ങളാണ് ജില്ലയില്‍ സംഭവിച്ചത്. വന്യമൃഗാക്രമണങ്ങളെ മറികടക്കാനായി വെറും 78 കോടിരൂപമാത്രമാണ് ഈ കാലയളവില്‍ സംസ്ഥാനസര്‍ക്കാര്‍ ചെലവഴിച്ചത്. വയനാടന്‍ ജനത ജീവനില്‍ ഭയന്നാണ് കഴിയുന്നത്. എന്നിട്ടും സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ പരസ്പരം തട്ടിക്കളിക്കുകയാണ്. കാര്‍ഷികോത്പന്നങ്ങള്‍ക്ക് മതിയായ വിലയില്ല. പ്രകൃതിക്ഷോഭമുണ്ടായാല്‍പ്പോലും കര്‍ഷകന് പിന്തുണയില്ല.

തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ച് നവകേരളസദസ്സെന്ന പേരില്‍ കേരളസര്‍ക്കാരിന്റെ പിആര്‍ വര്‍ക്കാണ് നടത്തിയത്. ആരോഗ്യരംഗത്ത് നമ്പര്‍ വണാണെന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോഴും മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ മനുഷ്യര്‍ ചികിത്സകിട്ടാതെ മരിക്കുകയാണ്. ശബരിമലയില്‍ അയ്യപ്പന്റെ സമ്പത്തുപോലും കട്ടുജീവിക്കുന്നവര്‍ക്ക് വോട്ടുചോദിക്കാന്‍ എന്തര്‍ഹതയാണുള്ളത്. വിശ്വാസികളെ ആക്രമിക്കുകയാണ് സിപിഎമ്മിന്റെ സ്ഥിരംപരിപാടി. വിശ്വാസമില്ലാത്തവര്‍ നിയന്ത്രിച്ചാല്‍ ഇങ്ങനെയാകുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഷാജി ജേക്കബ് അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാന്‍ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, കെ.കെ. അഹമ്മദ്, എന്‍.ഡി. അപ്പച്ചന്‍, പി.കെ. ജയലക്ഷ്മി, റസാഖ് കല്പറ്റ, എന്‍.കെ. വര്‍ഗീസ്, എം. വേണുഗോപാല്‍, എച്ച്.ബി. പ്രദീപ്, സി. മമ്മൂട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

ജനങ്ങളുടെ പണം വഞ്ചിച്ചെടുത്ത സ്വന്തം പാര്‍ട്ടിയിലെ നേതാക്കളുടെ അഴിമതി മറയ്ക്കാന്‍ സര്‍ക്കാര്‍ പൊതുഖജനാവില്‍നിന്ന് 32 കോടിരൂപയാണ് കൈമാറിയതെന്ന് ബ്രഹ്‌മഗിരി വിഷയത്തെ സൂചിപ്പിച്ചുകൊണ്ട് കെ.സി. വേണുഗോപാല്‍ പൂതാടിയില്‍ പറഞ്ഞു. എവിടെ നോക്കിയാലും ഈ സര്‍ക്കാരിന്റെ മുഖച്ഛായ അഴിമതിയാണ്. ബാങ്ക് മുതല്‍ അയ്യപ്പന്റെ സ്വര്‍ണംവരെ കൊള്ളയടിക്കുകയാണ്. ഭവനനിര്‍മാണപദ്ധതികള്‍, കുടിവെള്ളപദ്ധതികള്‍, ഗ്രാമീണ റോഡുകള്‍ നന്നാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റാനുള്ള ബൃഹത്തായ പദ്ധതികളുമായിട്ടാണ് യുഡിഎഫ് ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

എംഎല്‍എമാരായ ഐ.സി. ബാലകൃഷ്ണന്‍, ടി. സിദ്ദിഖ്, മുതിര്‍ന്ന നേതാക്കളായ കെ.എല്‍. പൗലോസ്, ജയന്തി രാജന്‍, ബീനാ ജോസ്, അമല്‍ ജോയ്, സംഷാദ് മരക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഇടതുഭരണത്തില്‍ മനംമടുത്ത സിപിഎമ്മുകാര്‍പോലും യുഡിഎഫിന് അനുകൂലമായി വിധിയെഴുതാന്‍ കാത്തിരിക്കുകയാണെന്ന് വടുവന്‍ചാലില്‍ കെ.സി. വേണുഗോപാല്‍ പറഞ്ഞു. വയനാട്ടിലും അതുണ്ടാകും. കോവിഡ് കാലത്ത് കേരളത്തിലെ ജനങ്ങള്‍ക്ക് പറ്റിയ അബദ്ധം ഇനിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

യഹ്യഖാന്‍ തലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ജെബി മേത്തര്‍ എംപി, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, ടി. മുഹമ്മദ്, കണ്ടത്തില്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.