കല്പറ്റ: അധ്യാപകനും ശിഷ്യന്മാരും തമ്മിലൊരു അങ്കമുണ്ടായാൽ ആര് ജയിക്കും? വയനാട് കോട്ടത്തറ പഞ്ചായത്തിലെ 12-ാം വാർഡ് വാളലിൽ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത് അധ്യാപകനും രണ്ട് ശിഷ്യന്മാരുമാണ്. എൽഡിഎഫ് സ്ഥാനാർഥി പി. സുരേഷാണ് അധ്യാപകൻ, യുഡിഎഫ് സ്ഥാനാർഥി ജസ്റ്റിൻ സിറിയക്കും എൻഡിഎ സ്ഥാനാർഥി ജിതിൻജിത്തും ശിഷ്യന്മാരും.

To advertise here,

വാർഡിൽത്തന്നെയുള്ള വാളൽ യുപി സ്കൂളിൽ 29 വർഷം അധ്യാപകനായിരുന്നു സുരേഷ്. കോട്ടത്തറ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും നിലവിൽ കോട്ടത്തറ കുന്നത്തായ്കുന്ന് വാർഡംഗവുമാണ്. വാളൽ ഗ്രാമചൈതന്യ വായനശാല ഖജാൻജിയായ ജസ്റ്റിന്റെയും ബിജെപി വാർഡ് സെക്രട്ടറിയായ ജിതിന്റെയും കന്നിയങ്കമാണ് ഇത്തവണത്തേത്.

പ്രത്യക്ഷത്തിൽ മാഷിനെതിരേയാണെങ്കിലും പ്രത്യയശാസ്ത്രങ്ങളാണല്ലോ മത്സരിക്കുന്നതെന്നും ജനാധിപത്യത്തിൽ മാഷും കുട്ട്യോളും എന്നൊന്നുമില്ലല്ലോയെന്നും ശിഷ്യർ. മുൻതിരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫിനൊപ്പം നിന്ന വാർഡാണ് വാളൽ.