പനമരം: യുഡിഎഫ് കോട്ടയായ പനമരത്തെ വാര്‍ഡും ബ്ലോക്ക് ഡിവിഷനും പിടിച്ചെടുക്കാന്‍ ഇക്കുറി കച്ചകെട്ടിയിറങ്ങി അമ്മയും മകളും. അഞ്ചുകുന്ന് വാറുമ്മല്‍കടവ് നെടുമ്പാറകുന്ന് പുഷ്പാ ബാലനും (42) മകള്‍ പ്രവീണയുമാണ് (23) എല്‍ഡിഎഫ് പാനലില്‍ രണ്ടിടത്തായി മത്സരത്തിനിറങ്ങിയത്.

To advertise here,

മുസ്ലിംലീഗിന്റെ സിറ്റിങ് സീറ്റും യുഡിഎഫ് കോട്ടയുമായ പനമരം ഗ്രാമപ്പഞ്ചായത്തിലെ പനമരം ഈസ്റ്റ് പതിനൊന്നാം വാര്‍ഡിലാണ് പുഷ്പ ജനവിധിതേടുന്നത്. ലീഗിന്റെ തന്നെ സിറ്റിങ് സീറ്റായ, യുഡിഎഫിന്റെ കോട്ടകളിലൊന്നായ പനമരം ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുകുന്ന് ബ്ലോക്ക് ഡിവിഷനിലാണ് മകള്‍ പ്രവീണ മത്സരിക്കുന്നത്. ജനവിധി തേടുന്ന ഇരുമണ്ഡലവും തൊട്ടടുത്തല്ലെങ്കിലും ഒരുവീട്ടില്‍നിന്നുമിറങ്ങി അമ്മയും മകളും മത്സരിക്കുന്ന തിരഞ്ഞെടുപ്പ് ഏറെ കൗതുകത്തോടെയാണ് വോട്ടര്‍മാര്‍ കാണുന്നത്.

കമ്യൂണിസത്തെ മുറുകെപ്പിടിക്കുന്ന കുടുംബമാണ് ഇവരുടേത്. അതിനാല്‍ മത്സരരംഗത്തേക്കിറങ്ങാന്‍ പാര്‍ട്ടി നിര്‍ദേശം വന്നപ്പോള്‍ ഇരുവരും എതിര്‍ക്കാതെ ഇരുകൈയുംനീട്ടി സ്വീകരിക്കുകയായിരുന്നു. പനമരത്ത് മത്സരിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിയാണ് പ്രവീണ. ബാലസംഘത്തിലൂടെ വളര്‍ന്ന് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ എന്നിവയിലെല്ലാം അംഗമാണ്. സിപിഎം അംഗം, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി തുടങ്ങി 10 വര്‍ഷത്തിലേറെയായി പൊതുപ്രവര്‍ത്തനമേഖലയില്‍ സജീവമാണ് അമ്മ പുഷ്പ.

ഇരുവരും ആദ്യമായാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. രണ്ടുപേരുമിപ്പോള്‍ വീടുകളിലുംമറ്റും പ്രചാരണത്തിന്റെ തിരക്കിലാണ്. യുഡിഎഫിന്റെ കോട്ടകള്‍ പിടിച്ചെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.വി. രജിതയാണ് അഞ്ചുകുന്ന് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി. അതിനാല്‍ മത്സരം കടുക്കും.

കല്പറ്റ എന്‍എംഎസ്എം ഗവ. കോളേജില്‍നിന്ന് ബിഎ ഹിസ്റ്ററിയില്‍ പഠനം പൂര്‍ത്തിയാക്കിയ പ്രവീണ നിലവില്‍ അഞ്ചുകുന്നിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ്. കൂടാതെ മികച്ച ഗായികകൂടിയാണ്. വിവിധ ഗാനമേള ട്രൂപ്പുകളില്‍ പ്രവീണ പാടുന്നുണ്ട്.