അക്കരെ നിൽക്കുമ്പോൾ ഇക്കരെ പച്ചയെന്ന് തോന്നി കോൺഗ്രസ് വിട്ടവർ ഇപ്രാവശ്യം പച്ചതൊട്ടില്ല. എന്നാൽ, സി.പി.എമ്മിനൊപ്പംനിന്നാൽ പച്ചതൊടില്ലെന്നുകരുതി പുറത്തുചാടിയവർക്ക് കോൺഗ്രസ് കൈകൊടുത്ത് കരയ്ക്കുകയറ്റുന്ന വൈരുധ്യാത്മക ഭൗതികവാദമാണ് തിരഞ്ഞെടുപ്പുഗോദയിലെ ഇപ്രാവശ്യത്തെ കൗതുകം. ദേശീയതലത്തിൽ കെ.സി. വേണുഗോപാലിന്റെ സ്ഥാനത്ത് സംസ്ഥാനത്ത് വിരാജിച്ചയാളായിരുന്നു കെ.പി. അനിൽകുമാർ. സംഘടനാ ജനറൽ സെക്രട്ടറിയായി വേണുജി എ.ഐ.സി.സി. ഓഫീസിന്റെ പൂട്ടും താക്കോലും കൊണ്ടുനടന്നപ്പോൾ കെ.പി.സി.സി. ഓഫീസിന്റെ പൂട്ടും താക്കോലും അനിൽജിയുടെ കൈയിലായിരുന്നു. പലർക്കും സീറ്റുകൊടുക്കാൻവരെ അധികാരമുണ്ടെന്നാണ് വെപ്പ്‌.

To advertise here,

പറഞ്ഞിട്ടെന്ത് കാര്യം. കഴിഞ്ഞതവണ മോഹിച്ച കൊയിലാണ്ടി കിട്ടിയില്ല. തിരഞ്ഞെടുപ്പുകഴിഞ്ഞപ്പോൾ നേരേ എ.കെ.ജി. സെന്ററിലെത്തി ചുവപ്പുഷാൾ ഏറ്റുവാങ്ങി. കണ്ടുനിന്ന പി.എസ്. പ്രശാന്തിനും രക്തഹാരം അണിയാൻ മോഹം. നെടുമങ്ങാട് മത്സരിച്ചെങ്കിലും പാലോട് രവി പാരവെച്ചാണ് തോൽപ്പിച്ചതെന്ന കാരണംപറഞ്ഞ് പ്രശാന്തും പോയി ഷാളേറ്റുവാങ്ങി. യുവജനക്ഷേമബോർഡിൽ പ്രശാന്ത് വൈസ് ചെയർമാനായപ്പോൾ സി.പി.എം. പ്രതിനിധിയായി ബോർഡിലുണ്ടായിരുന്ന മുഹമ്മദ് റിയാസുമായുള്ള സൗഹൃദംകൂടിയായപ്പോൾ വരവേൽപ്പ്‌ ഗംഭീരമായി.

അടുത്ത ഊഴം കെ.പി.സി.സി. ജനറൽ സെക്രട്ടറിയായിരുന്ന ജി. രതികുമാറിന്റേതായിരുന്നു. ചെന്നവരെയെല്ലാം കർഷകസംഘത്തിൽ ഭാരിച്ച ഉത്തരവാദിത്വം ഏൽപ്പിച്ചു. പാർട്ടിയിലേക്ക് അത്രയങ്ങ് അടുപ്പിച്ചില്ല. പക്ഷേ, പത്ത് പുത്തനുള്ള വകുപ്പ് എല്ലാവർക്കും കൊടുത്തു. അനിൽജി ഒഡെപെക് ചെയർമാനായി. പ്രശാന്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകി. അതിന്റെ പുകില് പിന്നെ പറയേണ്ടല്ലോ. രതികുമാർ മുന്നാക്ക കമ്മിഷൻ അംഗമായി.

കഴിഞ്ഞപ്രാവശ്യം കോൺഗ്രസ് സ്ഥാനാർഥി പട്ടിക മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിൽ പ്രഖ്യാപിക്കുമ്പോൾ സമാന്തരമായി ഇന്ദിരാഭവനിൽ തലമുണ്ഡനംചെയ്ത് കോൺഗ്രസിന്റെ യശ്ശസുയർത്തിയ ലതികാ സുഭാഷ് എൻ.സി.പി.യിലാണ് ചെന്നെത്തിയത്. നേരത്തേത്തന്നെ കോൺഗ്രസിൽ നിന്നിറങ്ങിയ പി.സി. ചാക്കോ കസേര നീട്ടിയിട്ടുകൊടുത്തു. ലതികയ്ക്ക് വനംവികസന കോർപ്പറേഷനാണ് കിട്ടിയത്. കോൺഗ്രസിൽ അവസരം കുറഞ്ഞുപോയ കെ.വി. തോമസിനെ ഡൽഹിയിൽ സർക്കാരിന്റെ പ്രതിനിധിയാക്കി. പാലക്കാട് സി.പി.എമ്മിന് സ്ഥാനാർഥിയില്ലാതെ വന്നപ്പോൾ സ്വയംരക്ഷകനായെത്തിയ പി. സരിനെ സമയക്കുറവുമൂലം വിജ്ഞാനകേരളത്തിന്റെ ഉപദേശകനാക്കാനേ പറ്റിയുള്ളൂ.

മുഖ്യമന്ത്രിയുടെ പാദം കഴുകിക്കുടിക്കുമെന്ന് പ്രഖ്യാപിച്ച എ.വി. ഗോപിനാഥിനെ ഗുരുവായൂർ ദേവസ്വം ചെയർമാനാക്കി. ഉണ്ണാനെല്ലാവർക്കും കൊടുത്തു; ആർക്കുംപക്ഷേ ഊട്ടുപുര കാണിച്ചുകൊടുത്തില്ല. സ്ഥാനാർഥിപരിഗണനപ്പട്ടികയിൽപ്പോലും ആരും വന്നില്ല. വീടുവിട്ടിറങ്ങിയവർ ഇനി എങ്ങോട്ടുപോകും?

എന്നാൽ, ജി. സുധാകരൻ, പി.വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ, പി.കെ. ശശി തുടങ്ങി സി.പി.എം. വിട്ടുവന്നവർക്കെല്ലാം യു.ഡി.എഫ്. വാരിക്കോരി പിന്തുണ നൽകുകയാണ്. അയിഷാ പോറ്റിയും എ. സുരേഷും കോൺഗ്രസിൽ ചേർന്ന്‌ കൈപ്പത്തിയും സ്വന്തമാക്കി. കാറ്ററിഞ്ഞ് പാറ്റണം. നേരത്തേത്തന്നെ ആർ.എസ്.പി.യും സി.എം.പി.യും ആർ.എം.പി.യും ഫോർവേഡ് ബ്ലോക്കും യു.ഡി.എഫിലുണ്ട്. ഈ ആറുപേർകൂടിയെത്തുമ്പോൾ യു.ഡി.എഫിൽ ഇടതുവ്യതിയാനം കടുക്കാനാണ് സാധ്യത.