കഴിഞ്ഞ വര്‍ഷം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ സൂറത്തില്‍ മത്സരമുണ്ടായിരുന്നില്ല. എതിരാളികളില്ലാതിരുന്ന സാഹചര്യത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ ഏകപക്ഷീയമായി വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതിരുന്നതല്ല മറിച്ച് അവര്‍ മത്സരിക്കില്ലെന്ന് ബിജെപി ഉറപ്പുവരുത്തിയതാണ് ഈ അട്ടിമറി വിജയത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ടായിരുന്ന നിലേഷ് കുംഭാനിയുടെ മൂന്ന് പത്രികകളും തള്ളപ്പെട്ടു. കുഭാനിയുടെ ഡമ്മിയായി കോണ്‍ഗ്രസ് നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയുടെ പത്രികകള്‍ക്കും ഇതേ ഗതിയുണ്ടായി. സ്ഥാനാര്‍ത്ഥികളുടെ പേര് നിര്‍ദ്ദേശിച്ചവര്‍ പത്രികകളിലെ ഒപ്പ് തങ്ങളുടേതല്ല എന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചതോടെയാണ് വാരാണാധികാരി പത്രികകള്‍ തള്ളിയത്. മറ്റ് സ്ഥാനാര്‍ത്ഥികള്‍ അവസാന നിമിഷത്തില്‍ പത്രികകള്‍ പിന്‍വലിക്കുകയും ചെയ്തതോടെ കളത്തിലെ ഏക സ്ഥാനാര്‍ത്ഥി ബിജെപിയുടേതായി. ''എന്റെ വോട്ട് മോഷ്ടിക്കപ്പെട്ടിരിക്കുന്നു, '' എന്നാണ് സൂററ്റിലെ വോട്ടറായ രവീന്ദ്ര പാട്ടീല്‍ ഇതേത്തുടര്‍ന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
സമാനമായ പ്രതികരണങ്ങള്‍ കണ്ണൂരിലെ 14 വാര്‍ഡുകളില്‍ നിന്നും ഇപ്പോള്‍ ഉയരുന്നുണ്ടാവണം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ആന്തൂര്‍ നഗരസഭ, കണ്ണപുരം , മലപ്പട്ടം പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി 14 വാര്‍ഡുകളില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്തയാണ് സൂറത്തിനെ ഓര്‍മ്മയിലേക്ക് കൊണ്ടുവന്നത്. ഈ വാര്‍ഡുകളില്‍ മത്സരമില്ല എന്നത് ജനാധിപത്യത്തിന് ഒട്ടും തന്നെ ശുഭകരമല്ല. എതിരാളികള്‍ ഇല്ലാതാവുന്നത് ആത്യന്തികമായി ജനാധിപത്യ നിഷേധം തന്നെയാണ്.
ജനാധിപത്യത്തിന്റെ കാതല്‍
വ്യത്യസ്ത ആശയധാരകളില്‍ വിശ്വസിക്കുന്നവര്‍ പരസ്പരം മത്സരിക്കുമ്പോഴാണ് ജനാധിപത്യം മാറ്റുരയ്ക്കപ്പെടുന്നത്. അതില്ലാതെ വരുമ്പോള്‍ സൂറത്തിലെന്ന പോലെ ആന്തൂരിലും കണ്ണപുരത്തും മലപ്പട്ടത്തും ജനാധിപത്യം അസ്തമിക്കുകയും ഏകാധിപത്യം കൊടി നാട്ടുകയും ചെയ്യുന്നു. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഇത് പുതിയ കാഴ്ചയല്ല. പക്ഷേ, ആ കാഴ്ച തുടരുകയാണെന്നുള്ളത് ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും പ്രശ്‌നഭരിതമാണ്.
മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലും കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നില്ല. പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസം പത്രിക പിന്‍വലിച്ചുകൊണ്ട് കോണ്‍ഗ്രസിനെ സ്ഥാനാര്‍ത്ഥി വെട്ടിലാക്കി. ഒടുവില്‍ നോട്ടയ്ക്ക് വോട്ടു ചെയ്യാന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്യുകയും 2,18,674 വോട്ട് നേടി നോട്ട രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. മൂന്നാം സ്ഥാനത്തെത്തിയ ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് 51,659 വോട്ടാണ് കിട്ടിയത്.
നിരവധി വിഷയങ്ങളിലുള്ള വിലയിരുത്തലാണ് ഒരു വോട്ടര്‍ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ നിര്‍വ്വഹിക്കുന്നത്. നിലവിലുള്ള സര്‍ക്കാര്‍ , ജനപ്രതിനിധികള്‍, വിവിധ തട്ടുകളിലുള്ള ഭരണം, തദ്ദേശീയവും ദേശീയവുമായ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെ പ്രതികരിക്കുന്നതിന് പൗരസമൂഹത്തിനുള്ള ഏറ്റവും വലിയ അവസരമാണ് തിരഞ്ഞെടുപ്പ്. രാഷ്ട്രീയ പാര്‍ട്ടികളെയും അവരുടെ പ്രതിനിധികളെയും കൃത്യമായി വിലയിരുത്തുന്നതിനുള്ള ആയുധമായി വോട്ട് മാറുമ്പോഴാണ് ജനാധിപത്യം ജനാധിപത്യമാവുന്നത്. ഈ സവിശേഷമായ രാസപ്രക്രിയയാണ് എതിരാളികള്‍ക്കിടം നല്‍കാതെയുള്ള വോട്ട് നിഷേധത്തിലൂടെ അട്ടിമറിക്കപ്പെടുന്നത്.
സ്വതന്ത്ര ഇന്ത്യയില്‍ ഇത്തരം പ്രതിഭാസങ്ങള്‍ ഇതാദ്യമല്ല. 1951-52 ലെ ആദ്യ പൊതു തിരഞ്ഞെടുപ്പില്‍ തന്നെ പത്തോളം പേര്‍ എതിരില്ലാതെ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1962 ല്‍ തമിഴ്‌നാട്ടിലെ തിരുച്ചെന്തൂരില്‍ കോണ്‍ഗ്രസ് നേതാവ് ടി ടി കൃഷ്ണമാചാരിക്ക് എതിരാളികളുണ്ടായിരുന്നില്ല. 1980 ല്‍ ശ്രീനഗറില്‍ നിന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള വിജയിച്ചതും എതിരില്ലാതെയാണ്. അരുണാചല്‍ പ്രദേശില്‍ മുന്‍ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവും അദ്ദേഹത്തിന്റെ മകനും നിലവില്‍ മുഖ്യമന്ത്രിയുമായ പ്രേമ ഖണ്ഡുവും നാഗലാന്റ് മുന്‍ മുഖ്യമന്ത്രി എസ് സി ജമീറും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എസ്പി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് കനൗജ് മണ്ഡലത്തില്‍ നിന്ന് 2012 ലെ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചതും ഏകപക്ഷീയമായിട്ടാണ്. കേരള നിയമസഭയിലേക്ക് 1957 ലെ പൊതതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് നിന്നും കര്‍ണ്ണാടക സമിതി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എം ഉമേഷ് റാവുവിനും എതിരുണ്ടായിരുന്നില്ല.
നോട്ടയുടെ പ്രസക്തി
ഭൂരിപക്ഷമാണ് വിജയ പരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നതെങ്കിലും വിഭിന്ന വിശ്വാസ സംഹിതകള്‍ പിന്തുടരുന്ന ഓരോരുത്തര്‍ക്കും അവരുടെ സമ്മതിദാന അവകാശം രേഖപ്പെടുത്താന്‍ അവസരമുണ്ടെന്നതാണ് തിരഞ്ഞെടുപ്പുകളെ സാര്‍ത്ഥകമാക്കുന്നത്. വോട്ട് നിഷേധത്തിലൂടെയുള്ള വിജയങ്ങള്‍ തങ്ങള്‍ക്ക് തന്നെ തിരിച്ചടിയാവും എന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയേണ്ടതുണ്ട്. ജനങ്ങള്‍ക്കിടയിലുള്ള അസ്വാസ്ഥ്യങ്ങളും പ്രതിഷേധങ്ങളും അറിയാതെ പോവുന്നതിനാണ് ഇത്തരം ഏകപക്ഷീയ വിജയങ്ങള്‍ വഴിയൊരുക്കുക. അടിയന്തരാവസ്ഥയില്‍ ഇന്ദിരാ ഗാന്ധി ഭരണകൂടത്തിനുണ്ടായ വലിയൊരു വീഴ്ച എതിര്‍ ശബദ്ങ്ങള്‍ കേള്‍ക്കപ്പെടുന്നതിനുള്ള അവസരമില്ലാതായതാണെന്ന് പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുകയുണ്ടായി.
സ്തുതിപാഠകരുടെയും കൊട്ടാരം വിദൂഷകരുടെയും ഇടുങ്ങിയ ഇടമായി പാര്‍ട്ടികള്‍ പരിണമിക്കും എന്നതാണ് ഇതിന്റെ അനന്തര ഫലം. ഈ പരിസരം പ്രയോജനപ്പെടുത്തി സാമൂഹ്യ വിരുദ്ധര്‍ പാര്‍ട്ടികളുടെ തലപ്പത്തേക്കെത്തുമെന്നും 1970 കളില്‍ കോണ്‍ഗ്രസ് നേരിട്ട ഈ പ്രതിസന്ധി എല്ലാ പാര്‍ട്ടികളെയും കാത്തിരിക്കുന്നുണ്ടെന്നും 2007 ല്‍ എഴുതിയ ഒരു ലേഖനത്തില്‍ സിപിഎം ബുദ്ധികേന്ദ്രങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന മുന്‍ ബംഗാള്‍ ധനമന്ത്രി അശോക് മിത്ര മുന്നറിയിപ്പ് നല്‍കിയിരുന്നു. നന്ദിഗ്രാമിന്റെയും സിംഗൂരിന്റെയും പശ്ചാത്തലത്തില്‍ മിത്ര നല്‍കിയ ഈ താക്കീത് അവഗണിച്ചതിന്റെ ഫലം പിന്നീട് സിപിഎം അനുഭവിക്കുകയും ചെയ്തു.
സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് അവസാനിപ്പിക്കണമെന്ന് ജനാധിപത്യ അവകാശങ്ങള്‍ക്കായി പോരാടുന്ന വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസി ( വിസിഎല്‍പി) പോലുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. നോട്ട ഒന്നുകൂടി ശക്തിപ്പെടുത്തുന്നതിലൂടെ ഇതിനു കഴിയുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് വിസിഎല്‍പി നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ട സുപ്രീംകോടതി നോട്ടയ്ക്ക് കുറച്ചുകൂടി പ്രാമുഖ്യം നല്‍കാനാവുമോയെന്ന് പരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.
2018 ല്‍ മഹാരാഷ്ട്ര സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഒരു സുപ്രധാന പരിഷ്‌കാരം പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നോട്ടയ്ക്ക് കിട്ടിയാല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. അധികം വൈകാതെ ഹരിയാനയും ഇത് പിന്തുടര്‍ന്നു. ഇതിനെ പിന്‍പറ്റിയാണ് മത്സരിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥി മാത്രമായാല്‍ തിരഞ്ഞെടുപ്പുകളില്‍ നോട്ടയെ സങ്കല്‍പ സ്ഥാനാര്‍ത്ഥിയാക്കി വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം ഉയരുന്നത്. നോട്ടയ്ക്ക് സ്ഥാനാര്‍ത്ഥിയേക്കാള്‍ കൂടുതല്‍ വോട്ട് കിട്ടിയാല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുകയും വേണം. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ജനാധിപത്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതൊരു മറുമരുന്നാണ്. മറ്റ് വഴിയില്ലാതെ വരുമ്പോള്‍ നോട്ടയ്ക്ക് വോട്ട് നല്‍കി ജനങ്ങള്‍ അവരുടെ നിലപാട് വ്യക്തമാക്കും. സൂററ്റും ആന്തൂരും കണ്ണപുരവും മലപ്പട്ടവും തിരഞ്ഞെടുപ്പ് കമ്മീഷനോട് വിളിച്ചുപറയുന്നത് ഈ സത്യവും യാഥാര്‍ത്ഥ്യവുമാണ്.
Content Highlights: Uncontested victories in Surat and Kannur raise concerns about democratic principles
Published: 29 Nov 2025, 08:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented