തൃശ്ശൂർ : തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലയിൽ പോളിങ് ബൂത്തിലെത്തിയത് 19,96,041 പേർ. 27,36, 817 വോട്ടർമാരാണ് ഉള്ളത്.
ഏറ്റവും ഒടുവിൽ കിട്ടിയ കണക്കുപ്രകാരം 72.48 ആണ് പോളിങ് ശതമാനം. 2020-ൽ പോളിങ് ശതമാനം 75.20 ആയിരുന്നു. അതായത് ഇത്തവണ പോളിങ്ങിൽ 2.72 ശതമാനം കുറവുണ്ടായി. വെള്ളിയാഴ്‌ച അവസാന കണക്കു പുറത്തുവരുമ്പോൾ ഇതിൽ ചെറിയ മാറ്റമുണ്ടായേക്കാം. .91,9731 പുരുഷൻമാരും , 10,76,299 സ്ത്രീകളും 11 ട്രാൻസ്ജെൻഡറുകളും വോട്ടു ചെയ്തു.
ജില്ലയിൽ കോർപറേഷനിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് -62.45 ശതമാനം. ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് കൊടുങ്ങല്ലൂർ നഗരസഭയിലും -77.41 ശതമാനം.
രാവിലെ ഏഴിന് പോളിങ് ആരംഭിച്ചപ്പോഴേ ഗ്രാമപ്രദേശങ്ങളിലെ ബൂത്തുകളിൽ നല്ലതിരക്കനുഭവപ്പെട്ടു. കോർപറേഷൻ ഡിവിഷനുകളിലുൾപ്പെടെ നഗരമേഖലയിൽ പകൽ മുഴുവൻ കാര്യമായ തിരക്കുണ്ടായിരുന്നില്ല.
തിരഞ്ഞെടുപ്പാരംഭിച്ച് വൈകാതെ പലയിടങ്ങളിലും വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കി. ജില്ലയിൽ വിവിധയിടങ്ങളിലായി അമ്പതിലേറെ ബൂത്തുകളിൽ യന്ത്രത്തകരാർമൂലം വോട്ടിങ് വൈകി. ആളൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ രണ്ടാം ബൂത്തിൽ രണ്ടുമണിക്കൂറിലേറെ വോട്ടെടുപ്പ് തടസ്സപ്പെട്ടു. കല്ലേറ്റുംകര ബിവിഎം ഹൈസ്‌കൂളിലെ ബൂത്തിൽ തടസ്സമുണ്ടായി.
കാട്ടകാമ്പാൽ പഞ്ചായത്തിലെ പത്താം വാർഡ് നോർത്ത് കോട്ടോൽ വാർഡിൽ രണ്ടേകാൽ മണിക്കൂർ തിരഞ്ഞെടുപ്പ് തടസ്സപ്പെട്ടു. ഹിദായത്തുൽ ഇസ്‌ലാം മദ്രസയിലെ ബൂത്തിലാണ് സംഭവം. പിന്നീട് മറ്റൊരു യന്ത്രം എത്തിച്ച് വോട്ടിങ് പുനരാരംഭിച്ചു. കുറുമല ജിഎൽപി സ്‌കൂളിലെ കിഴക്കുമുറി 16-ാം വാർഡ് ഒന്നാംബൂത്തിലും രണ്ട് മണിക്കൂറിലധികം തടസ്സമുണ്ടായി.
എട്ടുമണിവരെ വോട്ടുകുത്തൽ
: ചാമക്കാല, വെളുത്തൂർ, അരിമ്പൂർ, കാരമുക്ക്, അളഗപ്പനഗർ, മേത്തല, എറിയാട് തുടങ്ങിയ ഇടങ്ങളിൽ ആറുമണിക്കും നൂറിലധികം വോട്ടർമാർ വരിയിലുണ്ടായിരുന്നു. തുടർന്ന് ടോക്കൺ നൽകിയാണ് വോട്ടെടുപ്പ് തുടർന്നത്. ചാമക്കാലയിലും അരിമ്പൂരിലും രാത്രി എട്ടിനാണ് വോട്ടിങ് പൂർത്തിയായത്.
എടത്തിരുത്തി ഗ്രാമപ്പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ചാമക്കാല ഗവ. മാപ്പിള ഹൈസ്‌കൂളിലെ, ഒന്നാംനമ്പർ ബൂത്തിലാണ് വോട്ടെടുപ്പ് നീണ്ടത്. 1135 വോട്ടർമാരുള്ള ഇവിടെ ഒരു ബൂത്ത് മാത്രമാണുണ്ടായിരുന്നത്. രാവിലെ മുതൽ ഇവിടെ പോളിങ് മന്ദഗതിയിലായിരുന്നു. ഇതിനിടെ ഒരാൾ രണ്ട് വോട്ട് ചെയ്തു എന്ന പരാതിയെത്തുടർന്ന് ഒന്നരമണിക്കൂറോളം വോട്ടെടുപ്പ് തടസ്സപ്പെട്ടു. ഏറ്റവുമൊടുവിൽ ഇയാൾക്ക് ടെൻഡർ വോട്ട് നൽകി. വോട്ടെടുപ്പ് നീളുന്നതറിഞ്ഞ് വൻ പോലീസ്‌സംഘം സ്ഥലത്തുണ്ടായിരുന്നു. അരിമ്പൂരിൽ വാർഡ് 14 ഹരിശ്രീ അങ്കണവാടിയിലാണ് എട്ടുമണിവരെ വോട്ടെടുപ്പ് നീണ്ടത്.
വോട്ടെടുപ്പ് സമാധാനപരം
എരുമപ്പെട്ടിയിൽ സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചെറിയ സംഘർഷം ഉണ്ടായതൊഴിച്ചാൽ ജില്ലയിൽ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. നടത്തറ പഞ്ചായത്തിലെ വലക്കാവ് എൽപി സ്‌കൂളിലെ പോളിങ് ബൂത്തിൽ വോട്ടുചെയ്യാനെത്തിയ ഇരുപതോളംപേർക്ക് തേനീച്ചയുടെ കുത്തേറ്റു. അവിണിശ്ശേരിയിൽ പുലർച്ചെ തെങ്ങ് വീണ് പോളിങ് സ്റ്റേഷനിൽ വൈദ്യുതി പോയത് ആശങ്കയുണ്ടാക്കി. ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെട്ടതിനാൽ കൃത്യസമയത്ത് പോളിങ് തുടങ്ങാനായി.
ജില്ലയിൽ അഞ്ചിടങ്ങളിൽ കള്ളവോട്ടുചെയ്തതായി പരാതി ഉയർന്നു. വടക്കാഞ്ചേരി, തളിക്കുളം, നെടുപുഴ, എറിയാട്, അരിമ്പൂർ എന്നിവിടങ്ങളിലാണ് പരാതിയുയർന്നത്.
സീനിയർ വോട്ട് @111
തൃശ്ശൂർ : 111-ാം വയസ്സിലും ജാനകി അമ്മ സഹായികളുടെ കൈപിടിച്ച് ബൂത്തിലേക്ക് നടന്നാണെത്തിയത്. ജനാധിപത്യത്തിലുള്ള അടിയുറച്ച വിശ്വാസം ഓരോ കാൽവെപ്പിലും അവർക്ക് ഊർജ്ജമേകി. ബന്ധുവിന്റെ സഹായത്തോടെ വോട്ടുചെയ്തു പുറത്തിറങ്ങുമ്പോൾ മഷി പുരണ്ട ചൂണ്ടുവിരൽ ഉയർത്തിക്കാട്ടി അവർ നിറഞ്ഞു ചിരിച്ചു. പ്രിയപ്പെട്ട സ്ഥാനാർഥിക്ക് വിജയാശംസകൾ നേർന്ന് കൈയിൽ മുത്തംവെച്ചാണ് വീട്ടിലേക്കു മടങ്ങിയത്. ജില്ലയിലെ ഏറ്റവും പ്രായമുള്ള വോട്ടറാണ് പുത്തൂർ പഞ്ചായത്ത് ചോച്ചേരിക്കുന്ന് വാർഡിലെ ചെറുകുന്ന് വട്ടുകുളം ജാനകി.
ചെറുകുന്ന് ഗവ. എൽപി സ്കൂളിലായിരുന്നു വോട്ട്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ വീട്ടിൽവെച്ച് ചെയ്യാൻ സൗകര്യമുണ്ടായിരുന്നു. ഇത്തവണ അതൊഴിവാക്കിയെങ്കിലും വോട്ടു ചെയ്യാനുള്ള തീരുമാനം ജാനകി അമ്മ മാറ്റിയില്ല. അല്പം കേൾവിക്കുറവുണ്ടെന്നതല്ലാതെ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഈ പ്രായത്തിലും ജാനകി അമ്മയ്ക്കില്ല. ഓർമയും മാഞ്ഞിട്ടില്ല. 1957-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ആദ്യ വോട്ടു ചെയ്തതിന്റെ ആവേശം ഇപ്പോഴും അവർ മറന്നിട്ടില്ല.
Content Highlights: Thrissur`s local election turnout reported at 72.48%.
Published: 12 Dec 2025, 08:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented