തൃശ്ശൂർ: വോട്ടുകാറ്റ് ഇടത്തോട്ടും വലത്തോട്ടും മാറിമാറി വീശുന്നതായിരുന്നു തൃശ്ശൂരിലെ രീതി. കഴിഞ്ഞതവണത്തേതുപോലെ ഇടതുപക്ഷം ഭരണത്തുടർച്ചയിൽ കടുത്ത പ്രതീക്ഷ പുലർത്തുന്നു. എന്നാൽ, വികസനമുരടിപ്പിൽ ഗ്രാമങ്ങളും നഗരങ്ങളും നിർജീവമായെന്ന ആരോപണവുമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന യുഡിഎഫ്, സ്ഥാനാർഥികളെ ഒന്നാമതായി പ്രഖ്യാപിച്ച് പ്രചാരണരംഗത്ത് മുൻകൈ നേടി. ഇത്തവണ വോട്ടർമാർ ‘കൈ’വിടില്ലെന്ന ശുഭാപ്തിവിശ്വാസം യുഡിഎഫ് അണികൾക്കും നേതൃത്വത്തിനുമുണ്ട്. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നേടിയ അട്ടിമറിവിജയം പകർന്ന വലിയ ആത്മവിശ്വാസത്തിലാണ് എൻഡിഎ ക്യാമ്പുകളിലെ കരുനീക്കം.
അഞ്ചുവർഷം കോൺഗ്രസ് വിമതനെ മേയറാക്കി എൽഡിഎഫ് കോർപ്പറേഷൻ ഭരണത്തിൽ തുടർന്നപ്പോൾ യുഡിഎഫിനത് വലിയ തിരിച്ചടിയായിരുന്നു. 10 വർഷമായി പ്രതിപക്ഷത്തുതുടരുന്ന അവർ ഇത്തവണ ഭരണം സ്വന്തമാക്കിയേ തീരൂ എന്ന വാശിയിലാണ് പ്രചാരണരംഗത്തുള്ളത്. എന്നാൽ, ഇത്തവണ യുഡിഎഫിൽ വിമതശല്യം രൂക്ഷമാണെന്നതാണ് യാഥാർഥ്യം. ലോക്‌സഭാതിരഞ്ഞെടുപ്പിൽ 30 ഡിവിഷനിൽ നേടിയ മേൽക്കൈ എടുത്തുകാട്ടി കോർപ്പറേഷൻ ഇത്തവണ സ്വന്തമാക്കുമെന്ന് എൻഡിഎ അടിവരയിടുമ്പോൾ മുൻനിരനേതാക്കളെ മാറ്റിനിർത്തി പുതുമുഖങ്ങളെ പോരിനിറക്കിയിരിക്കുകയാണ് എൽഡിഎഫ്.
തദ്ദേശപ്പോരിൽ നഗരസഭകളാണ് തൃശ്ശൂരിൽ ഇത്തവണ ശ്രദ്ധാകേന്ദ്രം. 40 വർഷമായി ഇടതുകോട്ടയായിരുന്ന കൊടുങ്ങല്ലൂരിൽ കഴിഞ്ഞതവണ ഒരൊറ്റ സീറ്റിനാണ് എൻഡിഎയ്ക്ക് ഭരണം നഷ്ടപ്പെട്ടത്. 25 വർഷമായി യുഡിഎഫ് ഭരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയിൽ കഴിഞ്ഞതവണ ഒരൊറ്റ സീറ്റിന്റെ ഭൂരിപക്ഷംമാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. കരുവന്നൂർ, ഐടിസി ബാങ്ക് വിഷയങ്ങൾ കത്തിനിൽക്കുന്ന ഇവിടെ ഭരണം നിലനിർത്തുക അവരുടെ അഭിമാനപ്രശ്നമാണ്. ഒപ്പം കഴിഞ്ഞതവണ തിരിച്ചുപിടിച്ച ചാലക്കുടിക്കൊപ്പം ഗുരുവായൂരടക്കം ചേർത്ത് കൂടുതലിടത്ത് തിരിച്ചെത്തുകയെന്ന ലക്ഷ്യവുമുണ്ട്. കൊടുങ്ങല്ലൂർ വിട്ടുകൊടുക്കാതിരിക്കുക എന്നതിലാണ് എൽഡിഎഫ് കൂടുതൽ ശ്രദ്ധചെലുത്തുന്നത്. ഒപ്പം മറ്റിടങ്ങളെല്ലാം കൂടെനിൽക്കുമെന്ന പ്രതീക്ഷയിലാണ് പ്രചാരണം.
ജില്ലാപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ഇപ്പോഴുള്ള അപ്രമാദിത്വം നിലനിർത്താൻ ഇടത് പരിശ്രമിക്കുമ്പോൾ ഭരണമാറ്റത്തിനായി പുതുതലമുറയെ ധാരാളമായി യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നു. നിലവിൽ ഗ്രാമപ്പഞ്ചായത്തുകളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇടതിനുണ്ട്.
Content Highlights: Thrissur local body elections heating up! LDF fields fresh candidates, UDF blames development stagnation. Who will win this crucial battle? Find out here.
Published: 08 Dec 2025, 09:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented