ചാവക്കാട്: ഗുരുവായൂർ നിയോജകമണ്ഡലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപിയും ജമാഅത്തെ ഇസ്‌ലാമിയുമായി യുഡിഎഫ് അവിശുദ്ധ സഖ്യമുണ്ടാക്കിയതായി എൽഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളായ ടി.ടി. ശിവദാസൻ, എൻ.കെ. അക്ബർ എംഎൽഎ എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.

To advertise here,

യുഡിഎഫിന്റെ വർഗീയ ബാന്ധവത്തിൽ പ്രതിഷേധിച്ച് ഒട്ടേറെ പേരാണ് കോൺഗ്രസിൽനിന്നും മുസ്‌ലിം ലീഗിൽനിന്നും രാജിവെച്ച് എൽഡിഎഫുമായി സഹകരിച്ചുപ്രവർത്തിക്കാൻ മുന്നോട്ടുവരുന്നതെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. മണ്ഡലത്തിൽ ഗുരുവായൂർ, ചാവക്കാട് നഗരസഭകളും പുന്നയൂർക്കുളം, പുന്നയൂർ, ഒരുമനയൂർ പഞ്ചായത്തുകളും എൽഡിഎഫാണ് ഭരിക്കുന്നത്. വടക്കേക്കാട്, കടപ്പുറം പഞ്ചായത്തുകൾ മാത്രമാണ് യുഡിഎഫ് ഭരിക്കുന്നത്.

ഇത് യുഡിഎഫിനെ വിറളി പിടിപ്പിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു. ചാവക്കാട് നഗരസഭയിൽ ഒരേ സമയം ബിജെപിയുമായും ജമാത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയപാർട്ടിയായ വെൽഫെയർ പാർട്ടിയുമായും യുഡിഎഫ് ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് നേതാക്കൾ ആരോപിച്ചു.

തിരഞ്ഞെടുപ്പിൽ ഏതുവിധേനയും ജയിക്കാൻ കോൺഗ്രസും മുസ്‌ലിം ലീഗും പരിശ്രമിക്കുന്നത് മതനിരപേക്ഷതയ്ക്കും നാടിന്റെ വികസനത്തിനും ഭീഷണിയാണെന്നും ഇതു തിരിച്ചറിഞ്ഞ് ഈ അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താൻ മുഴുവൻ ജനങ്ങളും മുന്നോട്ടു വരണമെന്നും എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. നേതാക്കളായ സി.വി. ശ്രീനിവാസൻ, സി.കെ. ഖാദർ, ആർടിഎ ഗഫൂർ, പി.കെ. സെയ്താലിക്കുട്ടി, എം.ആർ. രാധാകൃഷ്ണൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.