തൃശ്ശൂര്‍: സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രവര്‍ത്തനത്തിലും പാര്‍ട്ടിയുടെ സംഘടനാരീതി മറന്നതാണ് തൃശ്ശൂര്‍ കോര്‍പറേഷനില്‍ സിപിഎമ്മിന്റെ പിന്നാക്കംപോക്കിന് തീവ്രത കൂട്ടിയതെന്ന് വിമര്‍ശം. അനുഭവസമ്പത്തുള്ള മുതിര്‍ന്ന നേതാക്കളോടും തിരഞ്ഞെടുപ്പു ചുമതലയുള്ളവരോടും ആലോചിക്കാതെ ചിലര്‍ സ്ഥാനാര്‍ഥികളായി, അവര്‍ക്കു വേണ്ടപ്പെട്ടവരെ അവരോധിച്ചു. തിരഞ്ഞെടുപ്പിനു മുന്‍പുതന്നെ ഇതിനായുള്ള കരുനീക്കം നടത്തി. അവര്‍ക്കുതന്നെ സ്ഥാനാര്‍ഥിത്വം നല്‍കണമെന്ന കര്‍ശന നിലപാടെടുത്തതോടെ നേതൃത്വത്തിന് വഴങ്ങേണ്ടിവന്നു.
ജില്ലാ ആസ്ഥാനത്ത് പാര്‍ട്ടിഘടകത്തിന്റെ നേതൃസ്ഥാനത്തെത്തിയ യുവനേതാവാണ് ഇതിനായി ചുക്കാന്‍ പിടിച്ചത്. കോട്ടപ്പുറം, പറവട്ടാനി, പടവരാട്, ചെമ്പുക്കാവ് തുടങ്ങിയ ഡിവിഷനുകളില്‍ ഇത്തരത്തിലായിരുന്നു സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചതെന്ന ആരോപണമുണ്ടായിരുന്നു. ഇതോടെ ഈ സ്ഥലങ്ങളിലെല്ലാം പാര്‍ട്ടിവിമതരുടെ പരസ്യ പ്രതിഷേധമുണ്ടായി. പടവരാട്, പറവട്ടാനി, കോട്ടപ്പുറം എന്നിവിടങ്ങളില്‍ വിമതര്‍ മത്സരത്തിനുണ്ടായി. പരിചയസമ്പന്നരെ പരിഗണിക്കാതെ മാറ്റിനിര്‍ത്തിയത് തിരിച്ചടിയായി. വിമതരായി മത്സരിച്ചവരെ പാര്‍ട്ടിയുടെ സ്ഥാനങ്ങളില്‍നിന്ന് മാറ്റിയെങ്കിലും ഗുണമുണ്ടായില്ല. പാര്‍ട്ടി നടപടി, നേരിട്ട സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ജിതിന്‍ സ്വതന്ത്രനായി കോട്ടപ്പുറം ഡിവിഷനില്‍ മത്സരിച്ചതോടെ സിപിഎം ഔദ്യോഗികസ്ഥാനാര്‍ഥി പി. ഹരി മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. നറുക്കെടുപ്പിലൂടെ മണ്ഡലം എന്‍ഡിഎ നേടി.
പറവട്ടാനി ഡിവിഷനില്‍ വിമതനായി സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ടോണി കാവുങ്ങല്‍ മത്സരിച്ചു. ടോണി 442 വോട്ട് നേടിയെങ്കിലും ഡിവിഷനില്‍ സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി ജയിച്ചു. പടവരാട് ഡിവിഷനിലും സിപിഎം വിമതന്‍ മത്സരരംഗത്തുണ്ടായിരുന്നു. ലോക്കല്‍ കമ്മിറ്റിയംഗം സുരേഷ് കരിപ്പായിയാണ് സ്വതന്ത്രനായി മത്സരിച്ച് 332 വോട്ടുനേടി മൂന്നാംസ്ഥാനത്തെത്തിയത്. ഈ ഡിവിഷനില്‍ 242 വോട്ടിന്റെ വ്യത്യാസത്തിലാണ് സിപിഎം സ്ഥാനാര്‍ഥി തോറ്റത്.
ചെമ്പുക്കാവ് ഡിവിഷനില്‍ സിപിഎമ്മിന്റെ ഔദ്യോഗികസ്ഥാനാര്‍ഥി മൂന്നാംസ്ഥാനത്തായി. കിട്ടിയ വോട്ട് 106. ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 766 വോട്ടും രണ്ടാംസ്ഥാനത്തുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി 421 വോട്ടും നേടിയിരുന്നു. യുവ നേതാവിന്റെ ഇഷ്ടപ്രകാരം സീറ്റുനല്‍കുന്നത് അനുവദിക്കാനാകില്ലെന്ന് കോര്‍പറേഷന്റെ തിരഞ്ഞെടുപ്പുചുമതലയുള്ള നേതാവും മുതിര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സിലറും പരസ്യമായി പറഞ്ഞിരുന്നു. ഇത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ബാധിക്കുമെന്നും ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാല്‍, പാര്‍ട്ടിക്ക് വലിയ സാമ്പത്തികസ്രോതസ്സുണ്ടാക്കുന്ന യുവനേതാവിന്റെ തീരുമാനം അവസാനഘട്ടത്തില്‍ അംഗീകരിക്കുകയായിരുന്നു. മിഷന്‍ ക്വാര്‍ട്ടേഴ്‌സ്(116 വോട്ട്), തേക്കിന്‍കാട്(172 വോട്ട്), തിരുവമ്പാടി(91 വോട്ട്) എന്നിങ്ങനെ എല്‍ഡിഎഫ് മോശം പ്രകടനം കാഴ്ചവെച്ചയിടങ്ങളിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനവും വിമര്‍ശത്തിന് കാരണമായിട്ടുണ്ട്.
Content Highlights: Discover the reasons behind the CPM`s challenges in Thrissur Corporation, including candidate selection controversies and the rise of internal dissent. Learn how these factors impacted election results.
Published: 14 Dec 2025, 07:20 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented