പത്തനംതിട്ട: സിപിഐയോട് ശ്രീനാദേവി കുഞ്ഞമ്മ ചെയ്തത് കുഞ്ഞല്ലാത്ത പ്രതികാരം. ചവിട്ടിത്തേച്ചവരോടും ചവിട്ടി ഒതുക്കിയവരോടും ജനത്തെ കൂടെക്കൂട്ടി അവര്‍ തിരിച്ചടിച്ചു. മുന്‍പ് ജയിച്ച പള്ളിക്കല്‍ ഡിവിഷനില്‍തന്നെ പാര്‍ട്ടി മാറിനിന്ന് ജയിച്ചു കാണിച്ചു. പാര്‍ട്ടിയല്ല പ്രവൃത്തിയാണ് വോട്ടര്‍മാര്‍ നോക്കുന്നതെന്ന വിജയസമവാക്യം നേതാക്കളെയെങ്കിലും പഠിപ്പിച്ചു.
2020-ല്‍ പള്ളിക്കല്‍ ഡിവിഷനില്‍ നിന്ന് സിപിഐ പ്രതിനിധിയായി ജയിച്ചുകയറിയ ശ്രീനാദേവിയെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയാണ് പാര്‍ട്ടി ഒതുക്കിയത്. സിപിഐ ജില്ലാ സെക്രട്ടറിയായിരുന്ന എ.പി. ജയനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് പാര്‍ട്ടി നേതൃത്വത്തോട് പരാതിപ്പെട്ടതോടെ ശ്രീനാദേവി പലരുടേയും കണ്ണിലെ കരടായി. പള്ളിക്കലില്‍നിന്ന് പത്തനംതിട്ടയിലെ ജില്ലാ പഞ്ചായത്തോഫീസില്‍ ശ്രീന എത്തുമ്പോഴേക്കും പറഞ്ഞുറപ്പിച്ചിരുന്ന പ്രസിഡന്റ് സ്ഥാനം കൈവിട്ടുപോയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയില്‍ പാര്‍ട്ടി രാജി പി.രാജപ്പനെ ഇരുത്തിയത് കണ്ട് മടങ്ങിയ ശ്രീനയെപ്പറ്റി പിന്നീടാരും തിരക്കിയില്ല. പാര്‍ട്ടി സമ്മേളനങ്ങളുടെ ആരവങ്ങള്‍ കേട്ട് പുറത്തേക്ക് വന്നുനോക്കിയ ശ്രീന പിന്നീട് ഒരിക്കല്‍ക്കൂടി ഞെട്ടി. പാര്‍ട്ടിയുടെ പൂമുഖത്ത് അധികാരത്തിന്റെ പുതിയ ചാരുകസേര പണിതിട്ട് അതില്‍ എ.പി. ജയന്‍ ഇരിയ്ക്കുന്നു. തന്റെ ഒപ്പംനിന്ന വിപ്ലവസിംഹങ്ങളില്‍ പലരും ചുറ്റുമിരുന്ന് വെറ്റിലച്ചെല്ലങ്ങള്‍ തുറന്ന് നല്‍കുന്നു.
അവസാനം മനം മടുത്തിറങ്ങിയ ശ്രീനാദേവി കലാവധി തീരുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ജില്ലാപഞ്ചായത്തിലെത്തി മെമ്പര്‍ സ്ഥാനം രാജിവെച്ചു. പത്തനംതിട്ടയിലെ രാജീവ്ഭവനിലെത്തി കോണ്‍ഗ്രസില്‍ ചേര്‍ന്നു. പള്ളിക്കല്‍ സീറ്റ് പറഞ്ഞുറപ്പിച്ചുള്ള ഡീലായിരുന്നു അതെന്ന് കണ്ടുനിന്നവര്‍ക്കെല്ലാം ബോധ്യമായി. പലരും നെറ്റിചുളിച്ചു. ഒരുസീറ്റ് പോയെന്നുപോലും പറഞ്ഞവരുണ്ട്. പ്രചാരണത്തിനിടെയിലും നാടകങ്ങള്‍ പലതും നടന്നു. ചിറ്റയവുമായി വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടി. ഇടയ്ക്ക് പഴയ ശത്രു എ.പി. ജയനും അവതരിച്ചു. വക്കീല്‍ നോട്ടീസുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു. ശ്രീനയ്ക്കുണ്ടായ ബോധക്ഷയം പോലും വലിയ വാര്‍ത്തയായി. തോല്‍ക്കുമ്പോള്‍ വീഴാനുള്ളതിന്റെ റിഹേഴ്‌സലെന്ന് വിമര്‍ശകരുടെ പറച്ചില്‍.
പക്ഷെ ജനമെഴുതിയ വിധിയുടെ താളം കണക്കുകൂട്ടലുകളെയാകെ തെറ്റിച്ചു. യുഡിഎഫ് തരംഗം കൂടാതെ ഒറ്റപ്പെടുത്തലിലൂടെ കിട്ടിയ ചെറിയ സഹതാപതരംഗവുമൊക്കെ ശ്രീനയെ അനുഗ്രഹിച്ചു. മാറിയും മറിഞ്ഞും വോട്ട്ഫലം സര്‍ക്കസ് കളിച്ചെങ്കിലും അവസാനം വിജയം കൊണ്ടുവന്നു.
കോണ്‍ഗ്രസ് പതാക പുതച്ച് ശ്രീനാദേവികുഞ്ഞമ്മ വീണ്ടും രാഷ്ട്രീയത്തിന്റെ അരങ്ങത്തേക്കിറങ്ങി. പള്ളിക്കലിന്റെ പടിക്കെട്ടില്‍നിന്ന് ചിരിച്ചു.
Content Highlights: CPI`s Srinadevi unseats her former party in Pathanamthitta`s Pallikkal division, joining Congress and proving voter power over party loyalty. See how!
Published: 15 Dec 2025, 09:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented