
കൊടുമണ്‍ ഡിവിഷനിലെ സ്ഥാനാര്‍ഥികളായ എ.എന്‍. സലീം, ബി. പ്രസാദ്കുമാര്‍, നിതിന്‍ എസ്.ശിവ(മുകള്‍നിരയില്‍) കോയിപ്രം ഡിവിഷനിലെ സ്ഥാനാര്‍ഥികളായ നീതു മാമ്മന്‍ കൊണ്ടൂര്‍, ഡോ. ദീപാ മറിയം വറുഗീസ്, ലളിതാപ്രസാദ്(താഴെ)
കൊടുമണ്‍(പത്തനംതിട്ട): സ്വര്‍ണഭൂമിയായ കൊടുമണ്ണില്‍ ജില്ലാ പഞ്ചായത്തിലേക്ക് ഉശിരന്‍ പോരാട്ടം. എല്‍ഡിഎഫിനുവേണ്ടി സിപിഎം ജില്ലാ കമ്മിറ്റിയംഗമായ എ.എന്‍. സലീം, യുഡിഎഫിന് വേണ്ടി ഡിസിസി എക്‌സിക്യൂട്ടീവംഗം ബി. പ്രസാദ് കുമാര്‍, എന്‍ഡിഎയ്ക്കായി ബിജെപി ജില്ലാ സെക്രട്ടറി നിതിന്‍ എസ്.ശിവ എന്നിവരാണ് മത്സരിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ കൊടുമണ്‍ റബര്‍ പ്ലാന്റേഷന്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികമേഖലയാണ് ഈ പ്രദേശം. കൊടുമണ്‍ ഗ്രാമപ്പഞ്ചായത്തിലെ 19 വാര്‍ഡുകള്‍ക്കൊപ്പം ഏഴംകുളം പഞ്ചായത്തിലെ ഏഴ് വാര്‍ഡുകള്‍, കലഞ്ഞൂര്‍ പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍, വള്ളിക്കോട് പഞ്ചായത്തിലെ എട്ട് വാര്‍ഡുകള്‍, പന്തളം തെക്കേക്കര പഞ്ചായത്തിലെ ആറ് വാര്‍ഡുകള്‍ എന്നീ പ്രദേശങ്ങള്‍ ചേര്‍ന്നതാണ് കൊടുമണ്‍ ജില്ലാപഞ്ചായത്ത് ഡിവിഷന്‍. കഴിഞ്ഞതവണ കൊടുമണ്‍ പഞ്ചായത്തിനൊപ്പം ഏനാദിമംഗലത്തെ 13 വാര്‍ഡുകളും ഏഴംകുളത്തെ 13 വാര്‍ഡുകളും കലഞ്ഞൂര്‍ പഞ്ചായത്തിലെ നാല് വാര്‍ഡുകളും ഉണ്ടായിരുന്നു. തുടര്‍ച്ചയായി ഇടതുപക്ഷമുന്നണിയാണ് ഈ ഡിവിഷനില്‍ വിജയിക്കുന്നത്. ഒരിക്കല്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചിരുന്നു.
ബി. പ്രസാദ് കുമാര്‍
കെഎസ്യുവിലും യൂത്ത് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച് പൊതുപ്രവര്‍ത്തനം ആരംഭിച്ചു. 2005-ല്‍ പന്തളം തെക്കേക്കര ഗ്രാമപ്പഞ്ചായത്തില്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. 2019-ല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായി. 2020-ല്‍ വീണ്ടും ഗ്രാമപ്പഞ്ചായത്തംഗമായി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. നിലവില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് അംഗമാണ്. കേരള ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമാണ്. ഭാര്യ: രേഖ.
എ.എന്‍. സലീം
2000-2005- ല്‍ കൊടുമണ്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായും 1995-2000ല്‍ വൈസ് പ്രസിഡന്റായും 2010-2015- ല്‍ അംഗമായും പ്രവര്‍ത്തിച്ചു. കൊടുമണ്‍ ഇഎംഎസ് സ്‌പോര്‍ട്‌സ് അക്കാദമി ചെയര്‍മാനാണ്. 2018 മുതല്‍ കൊടുമണ്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ചെയര്‍മാനാണ്. കൊടുമണ്‍ റൈസിനായി തരിശു നില നെല്‍ക്കൃഷി വ്യാപിപ്പിക്കാന്‍ പരിശ്രമിച്ചു. കൊടുമണ്‍ റൈസ് , കൊടുമണ്‍ ഹണി , കൊടുമണ്‍ മഞ്ഞള്‍പ്പൊടി, കൊടുമണ്‍ വെളിച്ചെണ്ണ, അരിയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് അഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നേതൃത്വം നല്‍കി. കൊടുമണ്‍ സ്റ്റേഡിയം യാഥാര്‍ഥ്യം ആകുന്നതിന് നേതൃത്വം നല്‍കി. സിപിഎം ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, 12 വര്‍ഷം കൊടുമണ്‍ ഏരിയാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഭാര്യ: ലത
നിതിന്‍ എസ്.ശിവ
യുവമോര്‍ച്ച കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ ട്രഷറര്‍, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ ബിജെപി ജില്ലാ സെക്രട്ടറിയാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കൊടുമണ്‍ 10-ാംവാര്‍ഡില്‍ മത്സരിച്ചു. ഭാര്യ: മിനു എസ്.മോഹന്‍.
കോയിപ്രത്ത് കരുത്തുറ്റ വനിതകള്‍
പുല്ലാട്: കോയിപ്രം ഡിവിഷനില്‍ പോരാട്ടം പൊടിപാറും. വനിതാ സംവരണ മണ്ഡലമായി കോയിപ്രത്ത് ഇത്തവണ അധ്യാപകരാണ് മത്സര രംഗത്തുള്ളതെന്ന പ്രത്യേകതകൂടിയുണ്ട്. ശിഷ്യരുടെയും സുഹൃദ്വലയത്തില്‍ ഉള്ളവരുടെയും വോട്ടുകള്‍ ഉറപ്പിക്കാനുള്ള പ്രചാരണത്തിലാണ് സ്ഥാനാര്‍ഥികള്‍. എല്‍ഡിഎഫില്‍നിന്ന് ഡോ. ദീപാ മറിയം വറുഗീസും യുഡിഎഫില്‍നിന്ന് നീതു മാമ്മന്‍ കൊണ്ടൂരും എന്‍ഡിഎയില്‍നിന്ന് ലളിതാ പ്രസാദുമാണ് മത്സരരംഗത്തുള്ളത്. ജില്ലാ പഞ്ചായത്ത് കോയിപ്രം ഡിവിഷനില്‍നിന്ന് മത്സരിച്ച് വിജയിച്ചവര്‍ പ്രസിഡന്റുപദവിയില്‍ എത്തിയിട്ടുണ്ട്. 1995-ല്‍ ഡോ. മേരി തോമസ് മാടോലിലും 2010-ല്‍ ഡോ. സജി ചാക്കോയും 2015-ല്‍ അന്നപൂര്‍ണാ ദേവിയും യുഡിഎഫില്‍നിന്ന് പ്രസിഡന്റായി. 2020-ല്‍ സിപിഎമ്മിലെ ജിജി മാത്യു 1009 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കോയിപ്രം പഞ്ചായത്തിലെ ഒന്നുമുതല്‍ അഞ്ച്, 18 വാര്‍ഡുകളും പുറമറ്റം പഞ്ചായത്തിലെ 14 വാര്‍ഡുകളും ഇരവിപേരൂര്‍ പഞ്ചായത്തിലെ 18 വാര്‍ഡുകളും കുറ്റൂര്‍ പഞ്ചായത്തിലെ 15 വാര്‍ഡുകളും എഴുമറ്റൂര്‍ പഞ്ചായത്തിലെ 13, 14 വാര്‍ഡുകളും ഉള്‍പ്പെടുന്ന ഡിവിഷനാണ് കോയിപ്രം.
ഡോ. ദീപാ മറിയം വറുഗീസ്
തുരുത്തിക്കാട് ബിഎഎം കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ഗസ്റ്റ് ലക്ചറാണ് ഡോ. ദീപ. സംസ്ഥാന പ്ലാനിങ് ബോര്‍ഡംഗവും തിരുവല്ല മാര്‍ത്തോമ്മാ കോളേജിലെ അധ്യാപകനുമായിരുന്ന ഡോ. വറുഗീസ് ജോര്‍ജിന്റെയും കോട്ടയം സിഎംഎസ് കോളേജ് വൈസ് പ്രിന്‍സിപ്പലായിരുന്ന ഡോ. റെയ്ച്ചല്‍ മാത്യുവിന്റെയും മകളാണ്. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് മത്സരം.
സെയിന്റ് സ്റ്റീഫന്‍സ് കോളേജില്‍നിന്ന് ബിരുദവും ജാമിയ മില്ലിയ ഇസ്ലാമിയ കേന്ദ്ര സര്‍വകലാശാലയില്‍നിന്ന് എംഎയും എംഫിലും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍നിന്ന് പിഎച്ച്ഡിയും നേടി. പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് കോട്ടയം സെന്റര്‍ ഫോര്‍ റൂറല്‍ മാനേജ്‌മെന്റില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രോജക്ട് നിര്‍വഹിച്ചിട്ടുണ്ട്. പഠനകാലത്ത് വിദ്യാര്‍ഥി രാഷ്ട്രീയത്തിലും പൊതുരംഗത്തും ശ്രദ്ധേയമായി.
നീതു മാമ്മന്‍ കൊണ്ടൂര്‍
ഇരവിപേരൂര്‍ സെയ്ന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായ നീതു കെപിസിസി നിര്‍വാഹക സമിതിയംഗവും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന്റെയും ഇരവിപേരൂര്‍ സെയിന്റ് മേരീസ് യുപി സ്‌കൂള്‍ പ്രഥമാധ്യാപിക ഷീബാ ജേക്കബിന്റെയും മകളാണ്.
കേരള വിദ്യാര്‍ഥി യൂണിയനിലൂടെ പൊതുരംഗത്തേക്ക് ചുവടുവെച്ചു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദങ്ങള്‍ക്കൊപ്പം ബിഎഡ്, എംഎഡ് നേടി. മാര്‍ത്തോമ്മാ സഭാ കൗണ്‍സിലിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗവും, തിരുവല്ല മാര്‍ത്തോമ്മാ കോളേജ് ഗവേണിങ് ബോര്‍ഡംഗവുമാണ്. കെപിസിസിയുടെ കലാ സാംസ്‌കാരിക സാഹിത്യ വിഭാഗമായ 'സംസ്‌കാര സാഹിതി' യുടെ സംസ്ഥാന സെക്രട്ടറി, ചുങ്കത്തറ മാര്‍ത്തോമ്മാ കോളേജ് കൗണ്‍സില്‍ ബോര്‍ഡംഗം, തെള്ളിയൂര്‍ എംസിആര്‍ഡി ഗവേണിങ് ബോര്‍ഡംഗം, അയിരൂര്‍ ചെറുകോല്‍ ജെഎംഎം ഹോളിസ്റ്റിക് സെന്റര്‍ ബോര്‍ഡംഗം എന്നീനിലകളിലും പ്രവര്‍ത്തിക്കുന്നു. മാര്‍ത്തോമ്മാ യുവജനസഖ്യം വനിതാഫോറം ചെയര്‍പഴ്‌സണ്‍ ആയിരുന്നു. എന്‍സിസിഐ 2018-ല്‍ ഇന്ത്യോനേഷ്യയിലെ ജക്കാര്‍ത്തയില്‍ സംഘടിപ്പിച്ച ഏഷ്യന്‍ എക്യുമെനിക്കല്‍ യൂത്ത് മീറ്റില്‍ മാര്‍ത്തോമ്മാ സഭയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
ലളിതാ പ്രസാദ്
എന്‍ഡിഎ സ്ഥാനാര്‍ഥിയായി ലളിതാ പ്രസാദ് അങ്കണവാടി അധ്യാപിക എന്ന നിലയില്‍ ദീര്‍ഘനാളായി പ്രവര്‍ത്തിച്ചിരുന്നു. സഹകരണ പ്രസ്ഥാനമായ സഹകാര്‍ ഭാരതിയുടെ ജില്ലാ ഉപാധ്യക്ഷ സ്വാശ്രയ സംഘടനയായ അക്ഷയശ്രീ ജില്ലാ കോഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ പൂര്‍വ സൈനിക പരിഷത്ത് മാതൃസംഘടന സംസ്ഥാന സമിതിയംഗമാണ്. നന്നൂര്‍ ക്ഷേത്ര കമ്മിറ്റിയംഗം തുടങ്ങിയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
Content Highlights: Exciting district panchayat elections are underway in Pathanamthitta! Explore the key contests, candidates, and key issues in this crucial local governance battle. Get the latest updates here.
Published: 26 Nov 2025, 05:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented