
റാന്നി അങ്ങാടി ഡിവിഷനിലെ സ്ഥാനാര്‍ഥികളായ പ്രശാന്ത് മോളിക്കല്‍, ആരോണ്‍ ബിജിലി പനവേലി, അനുകുമാര്‍(മുകള്‍നിരയില്‍) മലയാലപ്പുഴ ഡിവിഷനിലെ സ്ഥാനാര്‍ഥികളായ രേഷ്മ മറിയം റോയി, എം.വി. അമ്പിളി, നന്ദിനി സുധീര്‍(താഴെ)
റാന്നി(പത്തനംതിട്ട): യുവാക്കളുടെ പോരാട്ടംകൊണ്ട് ശ്രദ്ധേയമാണ് ഇക്കുറി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അങ്ങാടി ഡിവിഷനിലെ മത്സരം. യുഡിഎഫ് സ്ഥാനാര്‍ഥി രാഷ്ട്രീയ പാരമ്പര്യ കുടുംബത്തില്‍ നിന്നാണെങ്കില്‍ എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ സിനിമാ പ്രവര്‍ത്തകരാണ്. പ്രൊഫഷണല്‍ കോണ്‍ഗ്രസ് ആര്‍ക്കിടെക്ചര്‍ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റായ ആരോണ്‍ ബിജിലി പനവേലിയാണ് (27) യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിനിമാ സംവിധായകനും ആര്‍ജെഡി നിയോജകമണ്ഡലം പ്രസിഡന്റുമായ പ്രശാന്ത് മോളിക്കല്‍ (36) ആണ്. സിനിമാ സീരിയല്‍ നടനും ബിഡിജെഎസ് മണ്ഡലം പ്രസിഡന്റുമായ അനുകുമാറാണ് (49) എന്‍ഡിഎ സ്ഥാനാര്‍ഥി. മൂവര്‍ക്കും ഇത് കന്നിമത്സരമാണ്.കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ക്കൊപ്പമായിരുന്ന ഡിവിഷന്‍ നിലനിര്‍ത്തുകയാണ് യുഡിഎഫ് ലക്ഷ്യം. എന്നാല്‍ ചരിത്രം തിരുത്തിക്കുറിക്കണമെന്ന ലക്ഷ്യത്തിലാണ് എല്‍ഡിഎഫ്. ശക്തി തെളിയിക്കുമെന്ന വാശിയോടെ എന്‍ഡിഎയും പ്രചാരണത്തില്‍ ഒപ്പമുണ്ട്. അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട അങ്ങാടി, പഴവങ്ങാടി, മക്കപ്പുഴ, നാറാണംമൂഴി, വെച്ചൂച്ചിറ എന്നീ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളാണ് ജില്ലാ ഡിവിഷനില്‍ ഉള്‍പ്പെടുന്നത്. അങ്ങാടി പഞ്ചായത്ത് പൂര്‍ണമായി ഇതില്‍പെടുന്നു. മുക്കാലുമണ്‍ ഒഴികെയുള്ള പഴവങ്ങാടിയിലെ വാര്‍ഡുകളും വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളിലെ ഭൂരിപക്ഷം വാര്‍ഡുകളും അങ്ങാടി ഡിവിഷനിലുണ്ട്.
പ്രശാന്ത് മോളിക്കല്‍ (എല്‍ഡിഎഫ്)
സിനിമാ സംവിധായകനും രാഷ്ട്രീയ ജനതാദള്‍ റാന്നി നിയോജകമണ്ഡലം പ്രസിഡന്റും യുവജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. കേരള യുവജന ക്ഷേമബോര്‍ഡ് മുന്‍ യൂത്ത് കോഡിനേറ്ററാണ്. നാഷണല്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് ഫോര്‍ ജസ്റ്റിസ് റാന്നി മണ്ഡലം സെക്രട്ടറിയും മാര്‍ത്തോമ്മാ സഭ മുന്‍ കൗണ്‍സില്‍ അംഗവുമാണ്. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു.നാലുവര്‍ഷമായി സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു.
ആരോണ്‍ ബിജിലി പനവേലി (യുഡിഎഫ്)
മുന്‍ എംഎല്‍എമാരായിരുന്ന പരേതരായ സണ്ണി പനവേലി, റേച്ചല്‍ സണ്ണി പനവേലി ദമ്പതിമാരുടെ കൊച്ചുമകനും മുന്‍ ഡിസിസി സെക്രട്ടറിയായിരുന്ന പരേതനായ ബിജിലി പനവേലിയുടെ മകനുമാണ്. കെഎസ്യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. കെഎസ്യു ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായും യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. പ്രൊഫഷണല്‍ കോണ്‍ഗ്രസ് ആര്‍ക്കിടെക്ചര്‍ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റാണ്. എന്‍ജിനിയറിങ് ബിരുദധാരിയായാണ്.
അനുകുമാര്‍ (എന്‍ഡിഎ)
ബിഡിജെഎസ് റാന്നി നിയോജകമണ്ഡലം പ്രസിഡന്റും എന്‍ഡിഎ നിയോജകമണ്ഡലം കണ്‍വീനറുമാണ്. എസ്എന്‍ഡിപി യൂത്ത് മൂവ്മെന്റ് ജില്ലാകമ്മിറ്റി അംഗമാണ്. സീരിയലുകളിലും തമിഴ്, മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
മലയാലപ്പുഴയുടെ മനസ്സിലിടം തേടാന്‍...
മലയാലപ്പുഴ: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ മൂന്നു തവണ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മലയാലപ്പുഴ ഡിവിഷനില്‍നിന്ന് വിജയിച്ചു. കഴിഞ്ഞ തവണ മലയാലപ്പുഴ ഡിവിഷന്റെ ജനവിധി എല്‍ഡിഎഫിന് അനുകൂലമായിരുന്നു. ഇത്തവണ വിജയം ആവര്‍ത്തിക്കാന്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ കരുത്തരായ സ്ഥാനാര്‍ഥികളെ ആണ് ഇറക്കിയിരിക്കുന്നത്. എന്‍ഡിഎ ബിഡിജെഎസ് സ്ഥാനാര്‍ഥിയെ നിര്‍ത്തി ഡിവിഷന്‍ പിടിക്കാനുളള ശ്രമത്തിലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎമ്മിലെ രേഷ്മ മറിയം റോയിയും യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ എം.വി.അമ്പിളിയും എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസിലെ നന്ദിനി സുധീറും മത്സരിക്കുന്നു. കോന്നി ബ്ലോക്ക് പഞ്ചായത്തിലെ മൈലപ്ര, മലയാലപ്പുഴ, തണ്ണിത്തോട്, കോന്നി താഴം ഡിവിഷനുകളാണ് ഉള്‍പ്പെടുന്നത്. 44 വാര്‍ഡുകള്‍ ചേരുന്നതാണ് മലയാലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍.
രേഷ്മ മറിയം റോയി
21-ാമത്തെ വയസ്സില് അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായ രേഷ്മ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന നേട്ടത്തിനുടമയായി. ഇപ്പോഴും ആ സ്ഥാനത്ത് തുടരുന്നു. സിപിഎം അരിവാപ്പുലം ലോക്കല്‍ കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. മികച്ച ഗ്രാമ പഞ്ചായത്തുകള്‍ക്കുളള സ്വരാജ് ട്രോഫി രണ്ടു തവണ അരുവാപ്പുലം പഞ്ചായത്തിന് നേടി കൊടുത്തു. ബിബിഎ ബിരുദധാരിയാണ്. കോന്നി ബ്ലോക്ക് പഞ്ചായത്തംഗം വര്‍ഗ്ഗീസ് ബേബിയാണ് ഭര്‍ത്താവ്. ഊട്ടുപാറയില്‍ താമസം.
എം.വി. അമ്പിളി
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റായിരുന്നിട്ടുണ്ട്. തേക്കുതോട് എബനേസര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയായിരുന്നു. മഹിളാ കോണ്‍ഗ്രസ് തണ്ണിത്തോട് ബ്ലോക്ക് പ്രസിഡന്റ്, തണ്ണിത്തോട് മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഭര്‍ത്താവ് അനില്‍ കുമാര്‍. തേക്കുത്തോട്ടിലാണ് താമസം.
നന്ദിനി സുധീര്‍
എസ്എന്‍ഡിപി മലയാലപ്പുഴ താഴം 1324-ാം നമ്പര്‍ ശാഖയുടെ വൈസ് പ്രസിഡന്റായിരുന്നു. ബിജെപി പഞ്ചായത്ത് സെക്രട്ടറി ബാലഗോകുലം ഭാരവാഹിയായി പ്രവര്ത്തിച്ചിട്ടുണ്ട്. അക്ഷയശ്രീ കോഡിനേറ്ററായിരുന്നു. സ്വയം സംരഭകയാണ്. തിരുവല്ലയിലെ സ്വകാര്യ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറില്‍ ഒരാളാണ്. അധ്യാപികയായി ജോലി നോക്കിയിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മലയാലപ്പുഴ കോഴികുന്നത്ത് മത്സരിച്ചു. മലയാലപ്പുഴ താഴത്താണ് താമസം. ഭര്‍ത്താവ് വിമുക്ത ഭടന്‍ സുധീര്‍നാഥ്.
Content Highlights: Pathanamthitta District Panchayat elections feature young debutants including a filmmaker and an architect. Explore key constituencies and candidate profiles for the upcoming polls.
Published: 03 Dec 2025, 02:21 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented