പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പത്തനംതിട്ടയിലെ സിപിഎമ്മില്‍ പൊട്ടിത്തെറി. മെഴുവേലി പഞ്ചായത്തില്‍ ഭരണം നഷ്ടമായതിലും തന്റെ ഭൂരിപക്ഷം കുറഞ്ഞതിലും സിപിഎം ഏരിയ സെക്രട്ടറിക്കെതിരേ മുന്‍ എംഎല്‍എ കൂടിയായ കെ.സി. രാജഗോപാലന്‍ (കെസിആര്‍) രംഗത്തെത്തി.
കെ.സി. രാജഗോപാലന്‍ മെഴുവേലി പഞ്ചായത്തിലെ എട്ടാംവാര്‍ഡിലാണ് ഇക്കുറി ജനവിധി തേടിയത്. ഫലം പുറത്തുവന്നപ്പോള്‍ കഴിഞ്ഞതവണ 92 വോട്ടിന് എല്‍ഡിഎഫ് ജയിച്ച വാര്‍ഡില്‍ വെറും 28 വോട്ടിന്റെ ഭൂരിപക്ഷമാണ് കെസിആറിന് കിട്ടിയത്. മെഴുവേലി പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണവും നഷ്ടമായി. ഇതിനുപിന്നാലെയാണ് രൂക്ഷവിമര്‍ശനവുമായി കെ.സി. രാജഗോപാലന്‍ രംഗത്തെത്തിയത്. നേതാവിനെ സുഖിപ്പിക്കല്‍ എന്നതാണ് ഇപ്പോള്‍ പാര്‍ട്ടിയിലെ ശൈലിയെന്നും കോഴഞ്ചേരി ഏരിയ സെക്രട്ടറിക്കെതിരേ പാര്‍ട്ടി നേതൃത്വത്തിന് പരാതിനല്‍കുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
''ഞാന്‍ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. എന്നെ തോല്‍പ്പിക്കാന്‍ പല ബാഹ്യകക്ഷികളും ഇടപെട്ടു. 2024 ഡിസംബര്‍ 30-ന് നടന്ന ജില്ലാ സമ്മേളനത്തില്‍ എന്നെ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. അന്ന് ഏരിയ സെക്രട്ടറിയുടെ മകനടക്കമുള്ള സിപിഎമ്മുകാര്‍ പടക്കം പൊട്ടിച്ചു. മെഴുവേലി പഞ്ചായത്തില്‍ പരാജയപ്പെട്ടപ്പോഴും അതേ ആള്‍ക്കാര്‍ പടക്കം പൊട്ടിച്ചു. പാലം വലിച്ചത് പാര്‍ട്ടിക്കാര്‍ തന്നെയാണ്. ഉന്നതനേതൃത്വത്തില്‍നിന്നുള്ള ഇടപെടല്‍ ഉള്‍പ്പെടെയുണ്ട്. ഏരിയ സെക്രട്ടറിയെ അടക്കം ഇക്കാര്യത്തില്‍ സംശയിക്കുന്നു. ഏരിയ സെക്രട്ടറിക്ക് ഒരു കെല്‍പും പ്രാപ്തിയുമില്ല. ഇപ്പോള്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ ഒരു ശൈലിയെന്ന് പറയുന്നത് നേതാവിനെ സുഖിപ്പിച്ചാല്‍ മതി എന്നതാണ്. ജനങ്ങളുമായിട്ട് ഒരു ബന്ധവുമില്ലാതെ മേല്‍ക്കമ്മിറ്റിയെ സുഖിപ്പിച്ചു പോകുന്ന ശൈലി. അതാണ് ഞങ്ങളുടെ ഏരിയ സെക്രട്ടറിയുടെ ശൈലി. താഴെ ആരുണ്ടെന്ന് അറിയില്ല. മോന്‍ എവിടെ പോകുന്നെന്ന് അറിയില്ല. അല്ലെങ്കില്‍ 75 വയസ്സായ എന്നെ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയപ്പോള്‍ മോന്‍ അടക്കം വന്ന് പടക്കം പൊട്ടിക്കണോ. അദ്ദേഹം അക്കാര്യം ചോദിച്ചോ മോനോട്. അദ്ദേഹം പത്രവും വായിക്കുകയില്ല. പാര്‍ട്ടി സാഹിത്യവും വായിക്കുകയില്ല. യാതൊരു വിവരവുമില്ല. എന്റെ തണലില്‍വന്ന് ഏരിയ സെക്രട്ടറിയായി. ഈ പറഞ്ഞ കാര്യങ്ങളെല്ലാം സഹിതം ഞാന്‍ ഒരു പരാതി പാര്‍ട്ടിക്ക് കൊടുക്കും. സ്റ്റാലിന്‍ എന്ന ഏരിയ സെക്രട്ടറിയുടെ പേര് പരാമര്‍ശിച്ച് തന്നെ പരാതി കൊടുക്കും. ഉറപ്പായും കൊടുക്കും'', കെ.സി. രാജഗോപാലന്‍ പറഞ്ഞു.
Content Highlights: Ex-MLA K.C. Rajagopalan criticizes Pathanamthitta CPM leadership after local body election defeat. Alleges `flattery culture` and negligence. Read details.
Published: 15 Dec 2025, 02:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented