പാലക്കാട്: നഗരസഭയില്‍ ഫലം നിര്‍ണയിക്കുക റിബലുകളോ സ്വതന്ത്രരോ അതോ രണ്ട് മുന്നണികളിലെ അടിയൊഴുക്കുകളോ. മുകള്‍ത്തട്ടില്‍ ശാന്തമാണെങ്കിലും ശക്തമായ അടിയൊഴുക്കുകളാണ് പാലക്കാട് നഗരസഭാ തിരഞ്ഞെടുപ്പിലെ ഇത്തവണത്തെ ഹൈലൈറ്റ്. കഴിഞ്ഞ രണ്ട് തദ്ദേശതിരഞ്ഞെടുപ്പിലെയുംപോലെ ഇത്തവണയും പാലക്കാട് കേരളത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമാണ്. കഴിഞ്ഞ രണ്ടുതവണ ബിജെപി ഭരിച്ച നഗരസഭയില്‍ ഇത്തവണ ഹാട്രിക് വിജയം കൈവരിക്കാനാവുമോ എന്നാണ് പ്രവര്‍ത്തകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അതേസമയം, ബിജെപിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ഏതുവഴിക്ക് തിരിയുമെന്ന് കാത്തിരിക്കുന്നവരുമുണ്ട്. കഴിഞ്ഞതവണ 50 വോട്ടില്‍ത്താഴെ ഭൂരിപക്ഷത്തില്‍ വിജയിച്ച നാല് വാര്‍ഡുകള്‍ നഗരസഭയിലുണ്ട്. നൂറിനടുത്ത് ഭൂരിപക്ഷമുള്ള വാര്‍ഡുകളും ഇത്രതന്നെയുണ്ട്. ഇവയിലെ ഫലം അംഗബലത്തെ സ്വാധീനിച്ചേക്കാം. ഒപ്പം ഏതാനും വാര്‍ഡുകളില്‍ അട്ടിമറിക്കുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.

To advertise here,

2015-ല്‍ 52 അംഗ നഗരസഭാ കൗണ്‍സിലില്‍ 24 സീറ്റോടെ എറ്റവും വലിയ ഒറ്റക്കക്ഷിയായാണ് ബിജെപി അധികാരത്തിലെത്തിയത്. 2020-ലാവട്ടെ 28 സീറ്റും നേടി. ഇതിനിടയ്ക്കുവന്ന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫാണ് വിജയിച്ചത്. ഷാഫി പറമ്പില്‍ രാജിവെച്ച് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെത്തുടര്‍ന്നുവന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ട് യുഡിഎഫ് ഭൂരിപക്ഷം വര്‍ധിപ്പിക്കയും ചെയ്തു.

യുഡിഎഫ് ഇത്തവണ നഗരസഭാഭരണം തിരിച്ചുപിടിക്കാനുള്ള സര്‍വ സന്നാഹങ്ങളും ഒരുക്കിയാണ് മത്സര രംഗത്തുള്ളത്. വിജയിക്കുമെന്ന് ഉറപ്പുള്ള നാല് വാര്‍ഡിലെങ്കിലും റിബലുകളുടെ വരവ് സ്ഥാനാര്‍ഥികളെ വിയര്‍പ്പിക്കുന്നുണ്ട്. വിമതര്‍പിടിക്കുന്ന വോട്ട് ആരുടെ അക്കൗണ്ടില്‍നിന്നാവുമെന്നത് ആശ്രയിച്ചിരിക്കും ഈ വാര്‍ഡുകളിലെ വിജയം. ബിജെപിയിലാവട്ടെ പുറമേക്ക് വിമതശല്യമില്ലെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ആറേഴ് വാര്‍ഡുകളില്‍ എതിര്‍ശബ്ദമുയര്‍ന്നു. പ്രചാരണത്തിന്റെ അവസാനമാവുമ്പോഴേക്കും എതിര്‍ ശബ്ദങ്ങളില്ലാതായെങ്കിലും ഇവിടങ്ങളില്‍ സ്ഥാനാര്‍ഥികള്‍ അടിയൊഴുക്കുകളെ ഭയക്കുന്നുണ്ട്. എല്‍ഡിഎഫില്‍ വിമത ശല്യമില്ലെങ്കിലും പാര്‍ട്ടിചിഹ്നത്തില്‍ മത്സരിക്കുന്ന വാര്‍ഡുകള്‍ കുറവാണ്. ജില്ലയില്‍ത്തന്നെ ഏറ്റവും കരുത്തുകുറഞ്ഞ സിപിഎം ഏരിയാകമ്മിറ്റിയായി പാലക്കാട് മാറിയത് മറികടക്കാനുള്ള ശ്രമമാണ് പാര്‍ട്ടി നടത്തുന്നത്. 2015-ലേതുപോലെ നഗരസഭാ കൗണ്‍സിലില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയുണ്ടായാല്‍, നിയന്ത്രണം സിപിഎം അംഗങ്ങളിലേക്കെത്തിയേക്കുമെന്നും പ്രവര്‍ത്തകര്‍ കരുതുന്നു.

നഗരസഭയില്‍ കഴിഞ്ഞതവണ പ്രാതിനിധ്യമുണ്ടായിരുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയും മൂന്ന് വാര്‍ഡില്‍ മത്സരിക്കുന്നുണ്ട്. വിഭജനത്തിനുശേഷം 53 വാര്‍ഡാണ് നഗരസഭയിലുള്ളത്.