പാലക്കാട്: കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട ഉപതിരഞ്ഞെടുപ്പുകളില്‍ ഒന്നായിരുന്നു പാലക്കാട്ടെ നിയമസഭാ തിരഞ്ഞെടുപ്പ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വമ്പന്‍ വിജയം തദ്ദേശ തിരഞ്ഞെടുപ്പിലും അനുകൂലമാകുമെന്ന് കണക്കുകൂട്ടിയിരുന്നപ്പോഴാണ് യുവ എംഎല്‍എ ലൈംഗികാരോപണ കേസില്‍പ്പെട്ടുപോയത്. ഇതോടെ, നഗര സഭയില്‍ യുഡിഎഫിന് കിട്ടിയ സീറ്റെങ്കിലും നിലനിര്‍ത്താനാകുമോ എന്നതാണ് ഇപ്പോള്‍ പാലക്കാട്ടെ പ്രധാന ചര്‍ച്ച.

To advertise here,

ആരോപണം എല്‍ഡിഎഫും ബിജെപിയും ഒരുപോലെ തിരഞ്ഞെടുപ്പില്‍ പ്രചാരണമാക്കുമെന്ന് ഉറപ്പ്. പ്രതിപക്ഷത്തു നിന്നും ഭരണപക്ഷത്തേക്ക് എത്താനുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളിയായ ആരോപണങ്ങളെ മറികടക്കാനുള്ള തീവ്ര ശ്രമത്തിലാണ് യുഡിഎഫ്. 53 വാര്‍ഡുകളുള്ള നഗരസഭയില്‍ 43 സ്ഥലങ്ങളില്‍ കോണ്‍ഗ്രസും പത്തിടത്ത് ലീഗും മത്സരിക്കാനാണ് ധാരണ. ഒരു സീറ്റ് നാഷനല്‍ ജനതാദളിന് നല്‍കും. ലീഗ് ഒന്‍പത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് നേരത്തെ തന്നെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

പാലക്കാടന്‍ കോട്ടയില്‍ മൂന്നാമതും ഭരണം ലക്ഷ്യമിടുന്ന ബിജെപിക്ക് പാളയത്തിലെ പടയാണ് ഭീഷണി. നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ സി. കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥി ആക്കിയപ്പോളുണ്ടായ പൊട്ടിത്തെറി പൂര്‍ണമായും അടങ്ങിയിട്ടില്ല. സംസ്ഥാന വൈസ് പ്രസിഡണ്ട് കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതും പ്രശാന്ത് ശിവനെ ജില്ലാ അധ്യക്ഷന്‍ ആക്കുകയും ചെയ്തതോടെയാണ് പാര്‍ട്ടിയിലെ വിഭാഗീയത മറ നീക്കി പുറത്ത് വന്നത്.

52-ല്‍ 28 സീറ്റിലും വിജയിച്ച ബിജെപിയുടെ ഭരണത്തുടര്‍ച്ച തടയിടാന്‍ കഴിയില്ലെന്നാണ് പാലക്കാട് നഗരസഭാ അധ്യക്ഷന്‍ പ്രമീള ശശിധരന്‍ പറയുന്നത്. 2015-ലെ തിരഞ്ഞെടുപ്പില്‍ 24 സീറ്റ് ആയിരുന്നു ബിജെപിക്ക് ലഭിച്ചത്. ഭരണസമിതിയുടെ വികസന നേട്ടത്തിലാണ് തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ 28 സീറ്റ് ജനങ്ങള്‍ നല്‍കിയത്. അത് ഈ തിരഞ്ഞെടുപ്പിലും തുടരുമെന്നും പ്രമീള ശശിധരന്‍ പറയുന്നു.

കനറാ ബാങ്ക് കോംപ്ലക്‌സിന്റെ പുനര്‍നിര്‍മാണം, ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിന് മുന്നിലെ ജൈവ മാര്‍ക്കറ്റ്, ഒലവക്കോട് കംഫര്‍ട്ട് സ്റ്റേഷന്‍, സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, എട്ട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ മികച്ച ചികിത്സ തുടങ്ങി നിരവധി വികസന പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബിജെപിയുടെ പ്രചാരണം. 20 കോടി രൂപയില്‍ അധികം കേന്ദ്രഗവണ്‍മെന്റിന്റെ ഫണ്ട് പ്രത്യേകം അനുമതിയോടുകൂടി കിട്ടിയെന്ന നേട്ടവും ബിജെപി ജനങ്ങളിലേക്ക് എത്തിക്കുന്നു.

ഏഴ് സീറ്റുള്ള സിപിഎം നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. വികസന മുരടിപ്പും കാവിവല്‍ക്കരണവുമൊക്കെയാണ് സിപിഎം ഉയര്‍ത്തുന്ന പ്രധാന വിഷയങ്ങള്‍.