തിരൂരങ്ങാടി: മുസ്‌ലിംലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ വീടുൾപ്പെടുന്ന തിരൂരങ്ങാടി നഗരസഭാ ഡിവിഷനിൽ മുസ്‌ലിം ലീഗിന്‌ വിമത സ്ഥാനാർഥി രംഗത്ത്‌. സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ഡിവിഷനിലെ പ്രശ്നം പരിഹരിക്കാനാവാത്തത്‌ ലീഗിന്‌ വലിയ തലവേദനയായി.

To advertise here,

നിലവിലെ തിരൂരങ്ങാടി നഗരസഭാ ഉപാധ്യക്ഷ കാലൊടി സുലൈഖയാണ്‌ 25-ാം ഡിവിഷൻ തിരൂരങ്ങാടി കെ.സി. റോഡ്‌ ഡിവിഷനിൽ പ്രചാരണം തുടങ്ങിയത്‌. വനിതാ സംവരണമായ നഗരസഭാധ്യക്ഷ സ്ഥാനത്തേക്ക്‌ ഇവരുടെ പേര്‌ ഉയർന്നിരുന്നതാണ്‌. തർക്കമുയർന്നതോടെ ഇവർക്ക്‌ സ്ഥാനാർഥിത്വം ഇല്ലെന്ന്‌ കഴിഞ്ഞ ദിവസം ചേർന്ന തിരൂരങ്ങാടിയിലെ മുസ്‌ലിം ലീഗ്‌ ഉന്നതാധികാരസമിതി തീരുമാനിച്ചു. അതോടെ കാലൊടി സുലൈഖ വിമത സ്ഥാനാർഥിയായി രംഗത്തിറങ്ങുകയായിരുന്നു.

നിലവിലെ കൗൺസിലർ മുസ്‌ലിംലീഗിലെ സി.പി. ഹബീബ ഈ ഡിവിഷനിൽ യുഡിഎഫ്‌ സ്ഥാനാർഥിയായി പ്രചാരണം തുടങ്ങിയിട്ടുണ്ട്. ചെയർപേഴ്‌സൺ സ്ഥാനത്തേക്കും ഇവരുടെ പേരാണ്‌ ഉയർന്നുകേൾക്കുന്നത്‌. അതിനിടെയാണ്‌ വിമതസ്ഥാനാർഥി രംഗത്തെത്തിയത്‌. മുൻപും വിമത സ്ഥാനാർഥിയായി തിരൂരങ്ങാടിയിൽ മത്സരിക്കുകയും ഗ്രാമപ്പഞ്ചായത്ത്‌ അംഗമാവുകയും ചെയ്തയാളാണ്‌ കാലൊടി സുലൈഖ. സുലൈഖ കാലൊടിയെ ഇടതുപക്ഷം പിന്തുണയ്ക്കാൻ സാധ്യതയുണ്ട്‌.

സ്ഥാനമാനങ്ങൾക്ക്‌ വേണ്ടിയല്ലെന്നും ജനക്ഷേമപ്രവർത്തനങ്ങൾ തുടരുന്നതിനാണ്‌ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്നതെന്നും വനിതാ ലീഗിന്റെ മുനിസിപ്പൽ ജനറൽസെക്രട്ടറിയും നഗരസഭാ ഉപാധ്യക്ഷയുമായ കാലൊടി സുലൈഖ പറഞ്ഞു.

നടപടിയുണ്ടാകും-പി.എം.എ. സലാം

തിരൂരങ്ങാടി: വിമതപ്രവർത്തനം നടത്തുന്നത്‌ പാർട്ടി അംഗീകരിക്കില്ലെന്നും ഇത്തരക്കാരുടെ പേരിൽ കർശന നപടികൾ ഉണ്ടാകുമെന്നും മുസ്‌ലിംലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പ്രതികരിച്ചു.