തിരൂരങ്ങാടി: ആറുവരിപ്പാതയിലെ പൂക്കിപ്പറമ്പിലെത്തിയാൽ തെന്നല ഗ്രാമപ്പഞ്ചായത്തായി. വീതിയേറിയ പാതയുടെ ഇരുവശങ്ങളിലുമായാണ് തെന്നല ഗ്രാമപ്പഞ്ചായത്ത് പരന്നുകിടക്കുന്നത്.

To advertise here,

ഉൾപ്രദേശങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിട്ടുണ്ട്. ആറുവരിപ്പാതയിൽനിന്ന് തെക്കോട്ടുകയറി മുന്നോട്ടുചെന്നാൽ തെന്നല കറുത്താലിൽ എത്തും. വർഷങ്ങൾക്കുമുൻപ് സ്ഥാപിച്ച് തെന്നലയിൽ സജീവമായി നിലനിൽക്കുന്ന യുവജനങ്ങളുടെ കൂട്ടായ്‌മയാണ് കറുത്താലിലെ റിയൽ ക്ലബ് ആസ്ഥാനം. ക്ലബ്ബിന്റെ പരിസരത്തെ ’റിയൽ ഫ്രൈഡ്’ എന്ന ചായക്കടയിൽനിന്ന് പൊരിക്കടികൾ കൂടുതൽ ചൂടും എരിവും ചേർത്ത് കഴിക്കാനെത്തുന്നവർ വാശികുറയാതെ തിരഞ്ഞെടുപ്പ് ചർച്ചകളും നടത്തുന്നുണ്ട്.

യുവാക്കളും പുതുമുഖങ്ങളും

തദ്ദേശ തിരഞ്ഞെടുപ്പ് മത്സരത്തിനിറക്കിയ സ്ഥാനാർഥികളിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ പ്രാതിനിധ്യം നൽകുന്നതിന് യുഡിഎഫും എൽഡിഎഫും പ്രാധാന്യം നൽകിയെന്ന് ചർച്ചയ്ക്ക് നേതൃത്വംനൽകിയ ബ്ലോക്ക് യൂത്ത് കോഡിനേറ്റർ കൂടിയായ ഐഷ പിലാക്കടവത്ത് സൂചിപ്പിച്ചു. യൂത്ത്‌ ലീഗ് നേതാവ് ഷരീഫ് വടക്കയിൽ നാലാംവാർഡിലും ഡിവൈഎഫ്‌ഐ നേതാവ് ഇസ്‌മായീൽ തോണ്ടാലി 19-ാം വാർഡിലും മത്സരിക്കുന്നുണ്ട്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്‌ലിംലീഗ് ഉയർത്തിക്കാട്ടുന്നത് യൂത്ത്‌ ലീഗ് നേതാവ് ശരീഫ് വടക്കയലിനെയാണെന്ന് ചർച്ചയിൽ പരാമർശമുണ്ടായി. പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താൻ നാലാംവാർഡിൽനിന്ന് ജയിച്ചുകയറുന്നതിന് യൂത്ത്‌ ലീഗ് നേതാവിന് കഴിയില്ലെന്നാണ് ഡിവൈഎഫ്‌ഐ പ്രവർത്തകൻ അസ്‌മിൽ തോണ്ടാലി ഉറപ്പിച്ചുപറഞ്ഞത്.

ഒറ്റക്കെട്ടെന്ന് യുഡിഎഫ്; അട്ടിമറിയെന്ന് മറുപക്ഷം

യുഡിഎഫിനുള്ളിൽ കോൺഗ്രസും മുസ്‍ലിംലീഗും തമ്മിൽ പലസമയങ്ങളിലും അകന്നുനിൽക്കുന്ന സാഹചര്യമുണ്ടായ സ്ഥലമാണ് തെന്നല. യുഡിഎഫിലെ തർക്കം വോട്ടാക്കുന്നതിന് ജനകീയ സ്വതന്ത്ര മുന്നണിയായാണ് ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. ഇത്തവണ യുഡിഎഫിനുള്ളിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും കോൺഗ്രസും ലീഗും ഒറ്റക്കെട്ടയാണ് തെന്നലയിൽ മത്സരരംഗത്തുള്ളതെന്നും കോൺഗ്രസ് പ്രവർത്തകരും ഇരട്ട സഹോദരങ്ങളുമായ അബ്ദുൽകരീമും അബ്ദുൽലത്തീഫും പറഞ്ഞു. എന്നാൽ, അടിത്തട്ടിൽ കോൺഗ്രസ് പ്രവർത്തകരും അനുയായികളും സജീവമായി ഇടതുപക്ഷത്തിനൊപ്പം തന്നെയാണെന്നും അട്ടിമറിയാണ് ഇത്തവണ തെന്നല ഗ്രാമപ്പഞ്ചായത്തിലുണ്ടാകുകയെന്ന ഇടത് അനുകൂല വാദവും ചർച്ചയിൽ ശക്തമായി കേട്ട കാര്യമാണ്.

നിഷ്‌പക്ഷ വോട്ടുകൾ നിർണായകം

അവകാശവാദങ്ങൾക്ക് പ്രസക്തിയില്ലെന്നും നിഷ്‌പക്ഷ വോട്ടുകളാണ് തെന്നലയിലെ തിരഞ്ഞെടുപ്പുഫലം നിശ്ചയിക്കുകയെന്നും ടി.പി. ജുനൈദ് വസ്തുതകൾ നിരത്തി സമർഥിച്ചു. പല വാർഡുകളിലും മുസ്‍ലിംലീഗിന് മുൻകാലത്തെ പിന്തുണയൊന്നും ഇപ്പോഴില്ല. ചെറിയ വോട്ടുകൾക്ക് മുസ്‍ലിംലീഗ് വിജയിച്ചുവരുന്ന വാർഡുകളിൽ നിഷ്‌പക്ഷ വോട്ടുകൾ നിർണായകമാണ്. അട്ടിമറി ചർച്ചയാക്കാനുള്ള വിഷയം തെന്നലയിൽ ഇല്ലെന്നാണ് കൂട്ടത്തിൽ പ്രായംകൂടിയ പി.കെ. മൂസ മറുപടി പറഞ്ഞത്.

പൂക്കിപ്പറമ്പ് ബൈപ്പാസ് നഷ്ടപ്പെട്ടത് ചർച്ചയാകും

ഏറെക്കാലം റോഡുകൾ തകർന്നുകിടന്നത് തെന്നലയിൽ പലതവണ വിവാദമായിട്ടുണ്ട്. പല റോഡുകളും പിന്നീട് നന്നാക്കിയെങ്കിലും നൂറുകോടി ചെലവിൽ പ്രഖ്യാപിച്ച പൂക്കിപ്പറമ്പ്-പതിനാറുങ്ങൽ ബൈപ്പാസ് തെന്നലയ്ക്ക് നഷ്ടപ്പെടുത്തിയത് തിരഞ്ഞെടുപ്പുകാലത്ത് ചർച്ചയാണെന്ന വാദങ്ങളുയർന്നു. തെന്നലയിലെ റോഡ് വികസനങ്ങൾക്കെതിരേ അനാവശ്യ പരാതികൾ നൽകി പദ്ധതികൾ തടസ്സപ്പെടുത്തുന്ന സമീപനമാണ് ഇടതുപക്ഷത്തുള്ളവർ എക്കാലത്തും നടത്തുന്നതെന്നും ഇത് ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നുമാണ് യുഡിഎഫ് പക്ഷം ഉയർത്തിയത്.

പൊതു മൈതാനം ഇല്ലാത്തത് വലിയ പോരായ്‌മയായാണ് യുവാക്കൾ ഉയർത്തുന്ന പ്രധാന പ്രശ്‌നം. കറുത്താലിലെ റവന്യൂഭൂമി ഉപയോഗപ്പെടുത്തി മൈതാനം യാഥാർഥ്യമാക്കണമെന്ന ആവശ്യം നടപ്പാക്കാത്തത് പോരായ്‌മയാണ്. എന്നാൽ, മൈതാനം യാഥാർഥ്യമാക്കുന്നതിന്റെ നടപടികളുമായി നിലവിലെ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി മുന്നോട്ടുപോയിട്ടുണ്ടെന്നും അടുത്ത ഭരണസമിതിയുടെ കാലയളവിൽ മൈതാനം യാഥാർഥ്യമാകുമെന്നും യുഡിഎഫ് പക്ഷം ഉറപ്പിച്ചുപറയുന്നു.

തിരൂരങ്ങാടിയിലുണ്ട് ആരോഗ്യമുള്ള ചർച്ചകൾ

: അതിരാവിലെ തിരൂരങ്ങാടി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് ഒത്തുകൂടുന്നവർ ഏറെയാണ്. മെക്-7 ഹെൽത്ത് ക്ലബ്ബിനു കീഴിലാണ് അൻപതിലേറെപേർ എന്നും ഒത്തുകൂടുന്നത്.

മുസ്‌ലിംലീഗ് കോട്ടയിൽ വിമതസ്ഥാനാർഥികൾ വെല്ലുവിളിയുയർത്തുന്നത് ഇടതുപക്ഷത്തിനു നേട്ടമാണെന്നും തിരൂരങ്ങാടി നഗരസഭയിൽ ഇത്തവണ ഇടതുപക്ഷം അട്ടിമറിയുണ്ടാക്കുമെന്നും എൻ.പി. മൊയ്തീൻകുട്ടി അവകാശപ്പെട്ടു. ആകെയുള്ള 40 സീറ്റും ജയിച്ചുകയറിയാണ് യുഡിഎഫ് തിരൂരങ്ങാടി നഗരസഭാ ഭരണം നിലനിർത്തുകയെന്നാണ് മുസ്‍ലിംലീഗ് നേതാവുകൂടിയായ എം.കെ. ബാവ തിരിച്ചടിച്ചത്. മികച്ച സ്ഥാനാർഥികളെ രംഗത്തിറക്കുന്നതിന് യുഡിഎഫും ഇടതുപക്ഷവും ഇത്തവണ ശ്രദ്ധിച്ചെന്ന് അമർ മനരിക്കൽ സൂചിപ്പിച്ചു.

മാലിന്യസംസ്‌കരണത്തിൽ പരാജയമുണ്ടാകരുത്

തിരൂരങ്ങാടിയിൽ മാലിന്യസംസ്‌കരണത്തിലും മലിനജലം ആരോഗ്യത്തിനു ഭീഷണിയാകുന്നത് ഒഴിവാക്കുന്നതിലും നഗരസഭ പരാജയമാണെന്ന് പുനത്തിൽ പ്രകാശൻ സൂചിപ്പിച്ചു. നഗരസഭയ്ക്ക് നേതൃത്വംകൊടുക്കുന്നവർക്ക് ഇതിന് ഉത്തരവാദിത്വമുണ്ടെന്നും പ്രകാശൻ രോഷം പ്രകടിപ്പിച്ചു.

ഏറ്റവുംമികച്ച നേട്ടങ്ങളാണ് തിരൂരങ്ങാടിയിൽ കഴിഞ്ഞകാലയളവിൽ ഉണ്ടായതെന്ന് നഗരസഭാ വിദ്യാഭ്യാസ ചെയർമാൻകൂടിയായ ഇ.പി. ബാവ അവകാശപ്പെട്ടു.

ആരോഗ്യസംരക്ഷണത്തിന് കേന്ദ്രം വേണം

ആരോഗ്യമുള്ള സമൂഹത്തിൽ ആരോഗ്യമുള്ള ചിന്തകളും പ്രവർത്തനങ്ങളും നടക്കുമെന്നാണ് രാവിലെ വ്യായാമത്തിനിറങ്ങിയ ഈ കൂട്ടത്തിലുള്ളവരുടെയെല്ലാം നിലപാട്. ഓപ്പൺ ജിം, നടപ്പാതകൾ, മൈതാനങ്ങൾ തുടങ്ങിയവ യാഥാർഥ്യമാക്കുമെന്ന്‌ മത്സരരംഗത്തുള്ളവർ ജനങ്ങൾക്ക് ഉറപ്പുനൽകണമെന്നും മെക്-7 അംഗങ്ങൾ ആവശ്യപ്പെടുന്നുണ്ട്. പ്രൊഫ. ഹാറൂൺ, താപ്പി റഹ്‌മത്തുള്ള, വലിയാട്ട് അസ്‌ലം, എൽ. കുഞ്ഞുമുഹമ്മദ്, ഷംസുദ്ദീൻ കാനഞ്ചേരി, വെള്ളക്കാട്ട് ഹബീബ് റഹ്‌മാൻ, സി.എച്ച്. ഫസലുറഹ്‌മാൻ, സി.പി. സിദ്ദീഖ്, റഫീഖ് കോയാസ് തുടങ്ങിയവരും മെക്-7 ക്ലബ്ബിലെ തിരഞ്ഞെടുപ്പ് ചർച്ചയിൽ സജീവമായി.