നിലമ്പൂർ: നഗരസഭയിൽ ഇരുമുന്നണികളുടേയും സീറ്റ് വിഭജനം ഏറെക്കുറെ പൂർണമായി. സ്ഥാനാർഥി നിർണയത്തിൽ അനിശ്ചിതത്വം തുടരുന്നു.

To advertise here,

36 ഡിവിഷനുകളുള്ള നഗരസഭയിൽ എൽഡിഎഫിൽ സിപിഎം 28 സീറ്റിലും സിപിഐ അഞ്ചുസീറ്റിലും മത്സരിക്കാനാണു ധാരണ. എൻസിപി, കേരളാകോൺഗ്രസ് എം, നാഷണൽലീഗ് എന്നീ കക്ഷികൾക്ക് ഒരു സീറ്റ് വീതവും നൽകിയേക്കും. എന്നാൽ കഴിഞ്ഞതവണ ഓരോ സീറ്റിൽ മത്സരിച്ച ജനതാദൾ (എസ്), ജനാധിപത്യ കേരളാ കോൺഗ്രസ് പാർട്ടികൾക്ക് ഇത്തവണ എൽഡിഎഫ് സീറ്റ് നൽകാനിടയില്ല.

യുഡിഎഫിൽ കോൺഗ്രസ് 26ലും ലീഗ് പത്ത് ഡിവിഷനുകളിലും മത്സരിക്കും. മറ്റു ഘടക കക്ഷികൾക്ക് സീറ്റില്ല. അതേസമയം മുൻ എംഎൽഎ പി.വി. അൻവറിന്റെ തൃണമൂൽ കോൺഗ്രസുമായി സംസ്ഥാനനേതൃത്വം ധാരണയായാൽ നിലമ്പൂർ നഗരസഭയിൽ തൃണമൂൽ കോൺഗ്രസിന് യുഡിഎഫ് സീറ്റ് നൽകാൻ സാധ്യതയുണ്ട്. തൃണമൂൽ കോൺഗ്രസ് രണ്ട് വാർഡുകളിൽ ഇതിനകം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. പാത്തിപ്പാറ, മുമ്മുള്ളി ഡിവിഷനുകളിലാണ് തൃണമൂൽ സ്ഥാനാർഥികൾ പ്രചാരണം തുടങ്ങിയത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 33 ഡിവിഷനുകളിൽ 22 ഡിവിഷനുകളിൽ വിജയിച്ചാണ് എൽഡിഎഫ് ആദ്യമായി നഗരസഭാ ഭരണം പിടിച്ചെടുത്തത്. ഒരു സിപിഎം വിമതനും എൽഡിഎഫിനെ പിന്തുണച്ചു. ഒൻപത് ഡിവിഷനുകളാണ് കോൺഗ്രസ് നേടിയത്. ഒരു സീറ്റിൽ ബിജെപിയും കന്നിവിജയം നേടിയിരുന്നു. അതേസമയം ഒൻപതു സീറ്റിൽ മത്സരിച്ച ലീഗിന് ഒറ്റ സീറ്റും നേടാനായിരുന്നില്ല. ജില്ലയിൽ ലീഗിന് കൗൺസിലറില്ലാത്ത ഏക നഗരസഭയും നിലമ്പൂരാണ്.

പുതിയ സാഹചര്യത്തിൽ ഭരണം തിരിച്ചു പിടിക്കാനാവുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ഉപതിരഞ്ഞെടുപ്പ് ഫലവും യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നുണ്ട്.

അൻവർ ഇഫക്ട് ഇല്ലാതെ തന്നെ ഭരണം നിലനിർത്താനാവുമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടൽ. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടം അനുകൂലമാവുമെന്നും എൽഡിഎഫ് പ്രതീക്ഷിക്കുന്നു. സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള ജാഥയും എൽഡിഎഫ് നടത്തി. കഴിഞ്ഞ രണ്ടു നഗരസഭാ തിരഞ്ഞെടുപ്പുകളിലും എൽഡിഎഫിന് നേതൃത്വംനൽകിയ അൻവർ യുഡിഎഫ് പക്ഷത്തെത്തിയാലും സ്വന്തം സ്ഥാനാർഥികളെ നിർത്തിയാലും എൽഡിഎഫിന് തിരിച്ചടി നൽകാനാണ് എത്തുന്നത്. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ നഗരസഭയിൽനിന്ന് അൻവർ നേടിയ നാലായിരത്തോളം വോട്ടുകളാണ് അൻവർ ക്യാമ്പിന് പ്രതീക്ഷ നൽകുന്നത്. ഇരുമുന്നണികളിലും ഏതാനും സീറ്റുകളിലേക്കു മാത്രമാണ് ഇനിയും സ്ഥാനാർഥികളെ ഉറപ്പിക്കാത്തത്.