നിലമ്പൂര്‍: നിലമ്പൂരില്‍ എല്‍ഡിഎഫില്‍ നിന്ന് ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്. 36 വാര്‍ഡുകളില്‍ യുഡിഎഫ് 28 വാര്‍ഡുകളിലും എല്‍ഡിഎഫ് 7 ഇടങ്ങളിലും വിജയിച്ചു. അംഗത്വം കൂട്ടാനുള്ള ബിജെപിയുടെ ശ്രമം ഫലം കണ്ടില്ല. എങ്കിലും ഒരംഗത്തെ നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചു.

To advertise here,

25 സീറ്റുകള്‍ വരെ നേടാനാകുമെന്ന പ്രതീക്ഷ യുഡിഎഫ് നേതാക്കള്‍ പ്രകടിപ്പിച്ചിരുന്നു. ഭരണവിരുദ്ധവികാരം വളരെ ശക്തമായി നിലനില്‍ക്കുന്നതിനാല്‍ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. ഗോപിനാഥ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. യുഡിഎഫിന്റെ ഈ വിശ്വാസം ഫലം കണ്ടിരിക്കുകയാണ്.

36 സീറ്റുകളിലും എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചിരുന്നു. ബിജെപി 15 ഇടങ്ങളിലാണ് മത്സരിച്ചത്.  കോൺഗ്രസ് 21 സീറ്റും ലീഗ് ഏഴ് സീറ്റും നേടി. എൽഡിഎഫിൽ സിപിഎം അഞ്ച് സീറ്റും, സിപിഐ, കേരള കോൺഗ്രസ് എന്നിവർ ഓരോ സീറ്റ് വീതവും നേടി. 

തൃണമൂൽ സ്ഥാനാർഥികൾ അഞ്ചും പരാജയപ്പെട്ടു

നിലമ്പൂരില്‍ അഞ്ചിടങ്ങളിൽ തൃണമൂൽ കോൺഗ്രസ് പാർട്ടി സ്ഥാനാർഥികൾ മത്സരിച്ചിരുന്നുവെങ്കിലും എല്ലാവരും പരാജയപ്പെട്ടു. നിലമ്പൂര്‍ പാത്തിപ്പാറ ഡിവിഷനില്‍ അസൈനാര്‍, ആലുങ്ങല്‍-ലതികാ രാജീവ്, മുമ്മുള്ളി-ഷാജഹാന്‍ പാത്തിപ്പാറ, മുതീരി-നിയാസ്, വരമ്പന്‍പൊട്ടി-സുരേഷ് എന്നിവരാണ് മത്സരിച്ചത്. ഇതില്‍ വരമ്പന്‍ പൊട്ടിയില്‍ സിപിഎം സ്ഥാനാര്‍ഥിയും മറ്റ് മൂന്നിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളും വിജയിച്ചു. ഇടതുമായി തെറ്റിയ പിവി അന്‍വറിന്റെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് യുഡിഎഫിനൊപ്പം ചേരാന്‍ താത്പര്യമുണ്ടായിരുന്നെങ്കിലും യുഡിഎഫ് അത് പരിഗണിച്ചിരുന്നില്ല.. ഒടുവില്‍ സ്വതന്ത്രരായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ തവണ 22 സീറ്റുകളിലാണ് ഇടതുപക്ഷം ജയിച്ചത്. യുഡിഎഫ് പത്തും നേടി. ചരിത്രത്തിലാദ്യമായാണ് 2020 ല്‍ ബിജെപി നിലമ്പൂരില്‍ ഒരു സീറ്റ് നേടിയത്. അത് ഇത്തവണയും നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചു.