മലപ്പുറം: സാമൂഹികമാധ്യമങ്ങളില്‍ ഹിറ്റായ ഞെട്ടിക്കല്‍ ബിരിയാണി കഴിച്ച സന്തോഷത്തിലാണ് മലപ്പുറം നഗരസഭയിലെ യുഡിഎഫ് പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും. 38 സീറ്റില്‍ വിജയിക്കുമെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ മലപ്പുറത്തെ മുസ്ലിംലീഗ് നേതാക്കള്‍ ഉറപ്പിച്ചിരുന്നു. അത് ശരിയായിരുന്നെന്ന് തെളിയിക്കുന്നതാണ് ജനവിധി. ഭരണം കിട്ടുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഇങ്ങനെയൊരു ഞെട്ടിക്കല്‍ തോല്‍വി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

To advertise here,

2015, 2020 തിരഞ്ഞെടുപ്പുകളില്‍ 25 സീറ്റില്‍ യുഡിഎഫും 15 സീറ്റില്‍ എല്‍ഡിഎഫുമായിരുന്നു മലപ്പുറം നഗരസഭയില്‍ വിജയിച്ചത്. ഇത്തവണ അഞ്ചു വാര്‍ഡുകള്‍കൂടി ചേര്‍ന്നപ്പോള്‍ സാഹചര്യം അനുകൂലമാക്കാനായതാണ് യുഡിഎഫിന്റെ വിജയം.

വയോജനങ്ങള്‍ക്ക് ഒരുക്കിയ വിനോദയാത്ര, പോഷകാഹാര കിറ്റ് വിതരണം, കേന്ദ്ര പദ്ധതികള്‍ കൂടുതല്‍ കൊണ്ടുവന്ന നഗരസഭ, അങ്കണവാടികള്‍ ശീതീകരിച്ചത് തുടങ്ങിയവ ഭരണനേട്ടങ്ങളായി. എന്നാല്‍ പ്രതിപക്ഷത്തിനാകട്ടെ കാര്യമായ പ്രതിഷേധം നടത്താന്‍പോലും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സാധിച്ചില്ല.

വാര്‍ഡുകള്‍ അഞ്ചെണ്ണം വര്‍ധിച്ചിട്ടും സീറ്റുകള്‍ പകുതി കുറഞ്ഞതിന്റെ ക്ഷീണം കാലങ്ങളോളം മലപ്പുറത്തെ ഇടതുപക്ഷത്തിനുണ്ടാകും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് യുഡിഎഫ് ഉണ്ടാക്കിയ സഖ്യം ഗുണകരമായതാണ് വിലയിരുത്തല്‍. ചിലയിടങ്ങളില്‍നിന്ന് സഖ്യത്തില്‍ എതിര്‍പ്പുയര്‍ന്നെങ്കിലും ഫലം വന്നപ്പോള്‍ അതൊന്നും ഏശിയില്ല. വെല്‍ഫെയര്‍ പാര്‍ട്ടി മുതുവത്തുപറമ്പ്, കോട്ടപ്പടി എന്നിവിടങ്ങളിലാണ് മത്സരിച്ചത്. മുതുവത്തുപറമ്പില്‍ ജയിക്കാനായി. കോട്ടപ്പടിയില്‍ രണ്ടാമതുമായി. കഴിഞ്ഞതവണ ബിജെപി രണ്ടാമതായ കോട്ടപ്പടിയിലെ മുന്നേറ്റം നേട്ടമാണ്.

ഇത്തിള്‍പറമ്പ്, കോട്ടക്കുന്ന് എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികള്‍ 25 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു ജയിച്ചത്. ഇതാണ് നഗരസഭയിലെ കുറഞ്ഞ ഭൂരിപക്ഷം. കോണോമ്പാറയിലെ യുഡിഎഫിലെ സി.കെ. ശിഹാറുദ്ദീനാണ് വലിയ ഭൂരിപക്ഷം-781.

സിവില്‍സ്റ്റേഷനില്‍ യുഡിഎഫ്

മലപ്പുറത്തെ നഗര വാര്‍ഡുകളില്‍ കാലങ്ങളായി സ്വാധീനം ഇടതിനായിരുന്നു. ഇത്തവണ സിവില്‍സ്റ്റേഷന്‍ വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തതോടെ അതിലും ഇളക്കംവന്നു. സിവില്‍സ്റ്റേഷനില്‍ ചരിത്രത്തിലാധ്യമായി യുഡിഎഫ് വിജയിച്ചു.

സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്റെ ജന്മനാടായ വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ഥിയുടെ പരാജയം പാര്‍ട്ടിക്ക് വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. 1969-ല്‍ മലപ്പുറം നഗരസഭ രൂപവത്കരിച്ചതിനു ശേഷം ആദ്യമായാണ് യുഡിഎഫ് വിജയിക്കുന്നത്.

കാവുങ്ങലും ദീര്‍ഘകാലം സിപിഎമ്മായിരുന്നു. ഇത്തവണ കോണ്‍ഗ്രസിന്റെ ജിതേഷ് ജി. അനില്‍ വിജയിച്ചു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എയുടെ വാര്‍ഡ് കൂടിയാണ് കാവുങ്ങല്‍. സിപിഎം അഖിലേന്ത്യാ നേതാവിന്റെ വാര്‍ഡില്‍ സിപിഎം പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റിന്റെ വാര്‍ഡില്‍ സിപിഎമ്മില്‍നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തുവെന്ന സവിശേഷതകൂടിയുണ്ട്.

ചോലക്കല്‍, കരുവാള, മൂന്നാംപടി, കോട്ടക്കുന്ന്, ചെറാട്ടുകുഴി, കോട്ടപ്പടി, ചീനിത്തോട് എന്നിവിടങ്ങളില്‍മാത്രമാണ് ഇടതുപക്ഷം വിജയിച്ചത്.

കോണ്‍ഗ്രസ് കുതിപ്പ്

രണ്ടുവാര്‍ഡുകള്‍ മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസ് ആറിടങ്ങളില്‍ ജയിച്ചതാണ് തിരഞ്ഞെടുപ്പിലെ മറ്റൊരു പ്രത്യേകത. വലിയവരമ്പ്, ചെറുപറമ്പ് എന്നിവിടങ്ങളിലെ രണ്ടംഗങ്ങളായിരുന്നു കോണ്‍ഗ്രസിന്. ഇത്തവണ ഈ രണ്ടു വാര്‍ഡുകള്‍ക്കൊപ്പം മുണ്ടുപറമ്പ്, കാവുങ്ങല്‍, സിവില്‍സ്റ്റേഷന്‍, വാറങ്കോട് എന്നിവിടങ്ങളിലും വിജയക്കൊടി പാറിച്ചു. സിവില്‍സ്റ്റേഷനിലും വാറങ്കോടും കോണ്‍ഗ്രസിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്.

ബിജെപിക്ക് രക്ഷയില്ല

ഒരു വാര്‍ഡിലെങ്കിലും ജയിക്കണമെന്ന ബിജെപിയുടെ മോഹം ഇത്തവണയും പൂവണിഞ്ഞില്ല. കഴിഞ്ഞതവണ രണ്ടാമതെത്തിയ കോട്ടപ്പടിയില്‍ ഇത്തവണ മൂന്നാമതായി. 20 വാര്‍ഡിലാണ് ബിജെപി മത്സരിച്ചത്.

എസ്ഡിപിഐ രണ്ടാമത്

സ്പിന്നിങ്മില്ലില്‍ എസ്ഡിപിഐ രണ്ടാമതെത്തിയത് എല്‍ഡിഎഫിനെ ഞെട്ടിച്ചിട്ടുണ്ട്. ഇവിടെ സിപിഎമ്മിന്റെ തിത്തു 47 വോട്ടുമായി മൂന്നാമതാണ്. എസ്ഡിപിഐയുടെ പി.കെ. നുഹൈമത്ത് 113 വോട്ട് പിടിച്ചു. അധികാരത്തൊടിയില്‍ 128 വോട്ടുമായി എസ്ഡിപിഐ മൂന്നാമതെത്തി.