കരുളായി: വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ പ്രചാരണത്തിരക്കുകളില്ലാത്ത ലോകത്തേക്ക് ഹസീന യാത്രയായി. മൂത്തേടം ഗ്രാമപ്പഞ്ചായത്തിലെ പായിമ്പാടം വാര്‍ഡിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി മുസ്‌ലിംലീഗിലെ വട്ടത്ത് ഹസീനയുടെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.

To advertise here,

തിരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കയറുന്നതിനിടെയാണ് ഹസീനയുടെ അവിചാരിതമായ വിയോഗം. ഞായറാഴ്ച വീടുകയറിയുള്ള വോട്ടഭ്യര്‍ഥനയിലും, രാത്രിയിലെ കുടുംബയോഗങ്ങളിലും പങ്കെടുത്ത ഹസീന വീട്ടിലെത്തിയതിനുശേഷമാണ് നെഞ്ചുവേദനയെത്തുടര്‍ന്ന് കുഴഞ്ഞുവീണത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. ഹസീനയുടെ വിയോഗത്തില്‍ അവരോടുള്ള ആദരസൂചകമായി തിങ്കളാഴ്ച മൂത്തേടത്ത് എല്ലാ പാര്‍ട്ടിക്കാരും തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ചു. മുസ്ലിംലീഗ് പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റിക്കാട്ടില്‍ അനുശോചനയോഗവും ചേര്‍ന്നു.

രാഷട്രീയ, സാമൂഹികസേവനരംഗത്ത് നിറസാന്നിധ്യമായ ഹസീനയ്ക്ക് നിരവധി ശിഷ്യഗണങ്ങളുമുണ്ട്. അവരുടെ അപ്രതീക്ഷിത വിയോഗം മൂത്തേടത്തെ മുസ്ലിംലീഗിനും യുഡിഎഫിനും നികത്താനാവാത്ത നഷ്ടമാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്ലിംലീഗ് ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇസ്മയില്‍ മൂത്തേടം പറഞ്ഞു. സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് ഏഴാം വാര്‍ഡായ പായിമ്പാടത്തെ തിരഞ്ഞെടുപ്പ് മാറ്റി.

2000-ലെ തിരഞ്ഞെടുപ്പില്‍ ഹസീന കുറ്റിക്കാട് വാര്‍ഡില്‍നിന്ന് ജയിച്ച് മെമ്പറായിട്ടുണ്ട്. രണ്ടാംവട്ടം ജനവിധിതേടുന്നതിനിടെയാണ് അവിചാരിതമായ വിയോഗം.

പ്രചാരണം കഴിഞ്ഞെത്തിയ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

കരുളായി : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിനിടെ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം ഗ്രാമപ്പഞ്ചായത്തിലെ പായിമ്പാടം വാര്‍ഡിലേക്കു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി മുസ്ലിംലീഗിലെ വട്ടത്ത് ഹസീന(52)യാണ് മരിച്ചത്.

ഇതേത്തുടര്‍ന്ന് ഈ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റി. ബ്ലോക്ക്, ജില്ലാ ഡിവിഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പതിവുപോലെ നടക്കും.

ഞായറാഴ്ച രാത്രി പതിനൊന്നേകാലോടെ നെഞ്ചുവേദനയെത്തുടര്‍ന്ന് ഹസീന കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഞായറാഴ്ച വീടുകള്‍ കയറിയുള്ള വോട്ടഭ്യര്‍ഥനയിലും രാത്രി കുടുംബയോഗങ്ങളിലും പങ്കെടുത്താണ് ഹസീന വീട്ടിലെത്തിയത്. പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ്. 2000-2005 കാലത്ത് ഗ്രാമപ്പഞ്ചായത്തംഗമായിരുന്നു. മൂത്തേടം പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റാണ്. മൂത്തേടം അര്‍ബന്‍ ബാങ്ക് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭര്‍ത്താവ്: അബ്ദുറഹിമാന്‍. മക്കള്‍: ഷഹാന, നിഷാന, റസ. മരുമകന്‍: റഫീക്ക്. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൂത്തേടം വലിയ ജുമാമസ്ജിദില്‍ കബറടക്കി.