മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയ മലപ്പുറം കോട്ടയ്ക്കലിലെ അധ്യാപക ദമ്പതിമാരും, മൂത്തേടത്തെ പട്ടികജാതി സംവരണ വാര്‍ഡുകളില്‍ മത്സരിക്കാനിറങ്ങിയ ദമ്പതിമാരും വിജയിച്ചുകയറി. കോട്ടയ്ക്കലിലെ 33-ാം വാര്‍ഡായ തോക്കാംപാറയില്‍ മത്സരിച്ച കെ. പ്രവീണും 35-ാംവാര്‍ഡായ കുര്‍ബാനിയില്‍ മത്സരിച്ച ഭാര്യ സനില പ്രവീണുമാണ് വിജയിച്ചത്. മൂത്തേടത്തെ സംവരണ വാര്‍ഡായ വട്ടപ്പാടത്ത് സുരേഷ്ബാബു മാമ്പനും പട്ടികജാതി വനിതാ സംവരണ വാര്‍ഡായ വെള്ളാരമുണ്ടയില്‍ ഭാര്യ റീനാ സുരേഷും വിജയിച്ചു.
കോട്ടയ്ക്കലില്‍ എല്‍ഡിഎഫിന് വേണ്ടിയാണ് പ്രവീണും സനിലയും മത്സരത്തിന് ഇറങ്ങിയത്. പ്രവീണ്‍ മത്സരിക്കുന്ന തോക്കാംപാറയില്‍ യൂത്ത്ലീഗ് നേതാവ് കെ.എം. ഖലീല്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. നിലവില്‍ മൈത്രി വാര്‍ഡ് കൗണ്‍സിലറായ ജയപ്രിയന്‍ ബിജെപി സ്ഥാനാര്‍ഥിയും. കുര്‍ബാനിയില്‍ ഇടത് സ്വതന്ത്രസ്ഥാനാര്‍ഥിയായ സനില പ്രവീണിനെതിരേ യുഡിഎഫിന്റെ എന്‍എം സുഹൈല്‍ ആണ് മത്സരത്തിനുണ്ടായത്. ഇവിടെ ബിജെപി സ്ഥാനാര്‍ഥി ഇല്ല. പ്രവീണ്‍ തോക്കാംപാറ എഎല്‍പിഎസിലും സനില തൂമ്പത്തുപറമ്പ് എഎംഎല്‍പിഎസിലും അധ്യാപകരാണ്.
അതേസമയം മൂത്തേടത്ത് യുഡിഎഫ് പാനലിലാണ് സുരേഷ് ബാബൂവും റീനയും മത്സരിച്ചത്. അടുത്തടുത്ത് സംവരണ വാര്‍ഡുകള്‍ വന്നതിനെത്തുടര്‍ന്നാണ് ഈ ദമ്പതിമാര്‍ക്ക് സീറ്റ് ലഭിച്ചത്. വാര്‍ഡു കമ്മിറ്റികളാണ് ഇവരുടെ പേരുകള്‍ നിര്‍ദേശിച്ചത്. രണ്ടാം തവണയാണ് സുരേഷ്ബാബു പഞ്ചായത്തിലേക്ക് ജനവിധി തേടുന്നത്. ത്രികോണമത്സരം നടന്ന 2005-ല്‍ വെള്ളാരമുണ്ട വാര്‍ഡില്‍നിന്ന് സുരേഷ്ബാബു വിജയിച്ച് പഞ്ചായത്തംഗമായിട്ടുണ്ട്. സുരേഷ് ബാബു വട്ടപ്പാടം വാര്‍ഡിലും, റീന വെള്ളാരമുണ്ട വാര്‍ഡിലും വിജയിച്ചു.
കുര്‍ബാനിയില്‍ യുഡിഎഫിന്റെ ലീഗ് സ്ഥാനാര്‍ഥി എന്‍എം സുഹൈലിനെ 251 വോട്ടുകള്‍ക്കാണ് സനില പ്രവീൺ പരാജയപ്പെടുത്തിയത്. തോക്കാംപാറയില്‍ യൂത്ത്ലീഗ് നേതാവ് കെ.എം. ഖലീലിനെ 203 വോട്ടുകള്‍ക്ക് പ്രവീണും പരാജയപ്പെടുത്തി.
ദളിത് കോണ്‍ഗ്രസ് എടക്കര ബ്ലോക്ക് പ്രസിഡന്റും മൂത്തേടം മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറിയുമായ സുരേഷ്ബാബു 127 വോട്ടിനാണ് വട്ടപ്പാടം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സി.വി. സുനീഷിനെ പരാജയപ്പെടുത്തിയത്. വെള്ളാരമുണ്ടയില്‍ എല്‍ഡിഎഫ് സ്വതന്ത്ര ശ്രീജിഷ എഎസിനെ 226 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
Content Highlights: Two couples in Malappuram`s Kottakkal and Moothedam have emerged victorious in the local body elections. Read about their inspiring wins and the wards they represented.
Published: 13 Dec 2025, 03:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented