വടകര: ഒഞ്ചിയം മേഖലയിൽ യുഡിഎഫും ആർഎംപിഐയും പരീക്ഷിച്ചുവിജയിച്ച ജനകീയമുന്നണി സംവിധാനം ഈ തിരഞ്ഞെടുപ്പിലും തുടരും. ഒഞ്ചിയത്തിന് പുറത്തേക്ക് കൂടുതൽ തദ്ദേശസ്ഥാപനങ്ങളിൽ സംവിധാനം പരീക്ഷിക്കുന്നുമുണ്ട്. വടകര നഗരസഭയിൽ രണ്ട് വാർഡുകളിൽ ആർഎംപിഐ യുഡിഎഫിന്റെ പിന്തുണയോടെ മത്സരിക്കും. മണിയൂർ, തിരുവള്ളൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലും തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിലും ഉൾപ്പെടെ ചർച്ചകൾ നടക്കുന്നുണ്ട്. മണിയൂരിൽ രണ്ട് സീറ്റുകളിൽ മത്സരിക്കാനാണ് സാധ്യത.

To advertise here,

ഒഞ്ചിയം, അഴിയൂർ, ഏറാമല, ചോറോട് പഞ്ചായത്തുകളിലാണ് യുഡിഎഫും ആർഎംപിഐയും ജനകീയമുന്നണിയായി മത്സരിക്കുന്നത്. 2015 മുതൽ ഈ സംവിധാനമുണ്ട്. അന്ന് ഈ നാലുപഞ്ചായത്തുകളിലും വടകര ബ്ലോക്ക് പഞ്ചായത്തിലും ജനകീയമുന്നണി ഭരണം നേടി. 2020-ലും ജനകീയമുന്നണിയായി തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും ചോറോട് പഞ്ചായത്തിലും വടകര ബ്ലോക്ക് പഞ്ചായത്തിലും ഭരണംനേടി എൽഡിഎഫ് തിരിച്ചുവന്നു. നേരത്തേ യുഡിഎഫിന്റെ ഭാഗമായിരുന്ന ആർജെഡി തിരിച്ചുവന്നത് എൽഡിഎഫിന് ഈ തിരഞ്ഞെടുപ്പിൽ കരുത്തായി.

ഇത്തവണ നാല് പഞ്ചായത്തുകളിലും വടകര ബ്ലോക്ക് പഞ്ചായത്തിലും ഭരണംനേടാൻ ജനകീയമുന്നണി കച്ചകെട്ടിയിറങ്ങുമ്പോൾ ഒഞ്ചിയവും ഏറാമലയും ഉൾപ്പെടെ തിരിച്ചുപിടിക്കാനുള്ള ദൗത്യവുമായാണ് എൽഡിഎഫ് വരവ്. വാർഡ് പുനർവിഭജനം ഉൾപ്പെടെയുള്ളവ വന്ന സാഹചര്യത്തിൽ എന്തും സംഭവിക്കാമെന്നനിലയിലാണ് ഒഞ്ചിയം മേഖലയിലെ കാര്യങ്ങൾ. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ആർഎംപി രൂപവത്കരിച്ചശേഷം ഒഞ്ചിയം പഞ്ചായത്തിൽ ഭരണം നേടാനായിട്ടില്ല. ശക്തികേന്ദ്രമായ ഏറാമലയിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കുകയെന്നത് ആർജെഡിക്കും അഭിമാനപോരാട്ടമാണ്.

ആർഎംപി രൂപവത്കരിച്ചതിനുശേഷം 2010-ൽ നടന്ന ആദ്യ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മുന്നണിയായി മത്സരിക്കുന്നതിന് പകരം യുഡിഎഫും ആർഎംപിയും അടവുനയം സ്വീകരിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആർഎംപി മത്സരിക്കുന്ന സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്താതെ യുഡിഎഫ് സഹകരിച്ചു. ഇത് ഒഞ്ചിയത്തുൾപ്പെടെ ഭരണം പിടിക്കാൻ ആർഎംപിക്ക് തുണയായി. 2015 മുതലാണ് യുഡിഎഫുമായി ചേർന്ന് ജനകീയമുന്നണിയെന്നപേരിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. എന്നാൽ, ഈ ധാരണ 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രാവർത്തികമായില്ല. കെ.കെ. രമ എൽഡിഎഫിനും യുഡിഎഫിനും എതിരേ മത്സരിച്ചു. ഇത് യുഡിഎഫിന്റെ തോൽവിയിലേക്ക് നയിച്ചു.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ ആർഎംപിഐ യുഡിഎഫിനൊപ്പംനിന്നാണ് തിരഞ്ഞെടുപ്പുകളെ നേരിട്ടത്. തിരഞ്ഞെടുപ്പുകളിലും പൊതുവിഷയങ്ങളിലും ആർഎംപിഐ യുഡിഎഫുമായി ഒന്നിച്ചുപ്രവർത്തിക്കാറുണ്ടെന്നും യുഡിഎഫിന്റെ ഘടകകക്ഷിയായല്ല ആർഎംപിഐ പ്രവർത്തിക്കുന്നതെന്നും കെ.കെ. രമ എംഎൽഎ പറഞ്ഞു.