ഇടതുഭരണം അവസാനിപ്പിച്ച് ഇത്തവണ യുഡിഎഫിന്റെ മുന്നേറ്റമാണ് ജില്ലയിലുണ്ടാവുകയെന്ന് തറപ്പിച്ചുപറയുകയാണ് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ. തദ്ദേശപ്പോരിന്റെ അങ്കത്തട്ടിൽ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്‌ പാർട്ടി സാരഥികൾ. പോരിൽ വിജയിച്ചുകയറാൻ അരയും തലയും മുറുക്കിയിറങ്ങിയിരിക്കുന്ന അവർ ജയസാധ്യതകളെക്കുറിച്ച്‌ സംസാരിക്കുന്നു

To advertise here,
  •  കോൺഗ്രസിന്റെ വിജയപ്രതീക്ഷ എത്രത്തോളമുണ്ട്

ജില്ലാപഞ്ചായത്തും കോർപ്പറേഷനും പിടിച്ചെടുക്കുമെന്നുറപ്പാണ്. കോർപ്പറേഷനിൽ 41 സീറ്റ് കിട്ടും. ജില്ലാപഞ്ചായത്തിൽ 16 സീറ്റ് നേടുമെന്നുറപ്പാണ്. അതുപോലെ പഞ്ചായത്തുകളിൽ നിലവിൽ 25 ഇടത്താണ് ഉള്ളത്. അത് ഇരട്ടിയോളമാകും. ഏഴ് നഗരസഭകളിൽ അഞ്ചിടത്തും യുഡിഎഫ് അധികാരമേറും.

  • തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രവർത്തനം എങ്ങനെയായിരുന്നു

ഒന്നരവർഷംമുൻപാണ് മിഷൻ 2025 ലക്ഷ്യവുമായി പ്രവർത്തനം തുടങ്ങിയത്. വാർഡ്‌ കമ്മിറ്റികൾ, കുടുംബസംഗമങ്ങൾ എല്ലാം ജനങ്ങളിലേക്കിറങ്ങാനുള്ള പാലമായി. അതിപ്പോഴും തുടരുന്നു.

ഓരോ വാർഡിലെയും പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തുന്ന വാർ റൂം പ്രവർത്തിക്കുന്നുണ്ട്. വാർഡിലെ പോസിറ്റീവായ മാറ്റങ്ങൾ, നെഗറ്റീവായുള്ള കാര്യങ്ങളുണ്ടെങ്കിൽ അത് എല്ലാം നിരീക്ഷിക്കുന്നു. അപ്പപ്പോൾതന്നെ പോരായ്മയുണ്ടെങ്കിൽ പരിഹരിക്കുന്നു. അതൊക്കെ വോട്ടാകും. സിപിഎം പ്രവർത്തകർതന്നെ മാറ്റംവേണമെന്ന് ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്.

  • കോർപ്പറേഷനിൽ വി.എം. വിനുവിനെ സ്ഥാനാർഥിയാക്കിയതും വോട്ടില്ലാതെ വന്നതുമെല്ലാം തുടക്കത്തിൽത്തന്നെ കല്ലുകടിയായില്ലേ

നാട്ടുനടപ്പുപ്രകാരം പാർട്ടി പരിശോധിക്കണമായിരുന്നു. ഏറ്റവും അടിത്തട്ടിൽനിന്നുണ്ടായ പിശകാണത്. പാർട്ടി അന്വേഷിച്ചു. തിരഞ്ഞെടുപ്പിനുശേഷം അതിൽ തുടർനടപടികളുണ്ടാവും. എന്നിരുന്നാലും ഒരാളുടെ വോട്ടുണ്ടോയെന്ന് ഉറപ്പിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണ്. അത് ചെയ്തില്ലെന്നത് ഏറെ ഗൗരവതരമായി ചർച്ചചെയ്യേണ്ടതാണ്.

  • കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലറും ലീഗ് കൗൺസിലറും മുന്നണി വിട്ട് മറ്റ് പാർട്ടിക്കൊപ്പം മത്സരിക്കുന്നു. പാർട്ടിയിലെ അസ്വാരസ്യമല്ലേ അത് കാണിക്കുന്നത്. ജില്ലയിലെ പലയിടത്തും സ്ഥാനാർഥിനിർണയവും ആക്ഷേപമുണ്ടാക്കിയില്ലേ

ഒറ്റതിരിഞ്ഞുള്ള പോക്ക് പാർട്ടിയെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. വാർഡ് കമ്മിറ്റി തന്ന പട്ടിക പ്രകാരമാണ് സ്ഥാനാർഥികളെ തിരഞ്ഞെടുത്തത്. അത് വോട്ടാകും. വിമതർപോലും ഇല്ലാത്തതിന് കാരണം പ്രശ്നങ്ങളില്ലെന്നതിന്റെ സൂചനയാണ്. ലീഗും കോൺഗ്രസും ഐക്യത്തോടെ പ്രവർത്തിക്കുന്നതും നേട്ടമാണ്.

  • വാർഡ് വിഭജനം രാഷ്ട്രീയചുറ്റുപാടുകളെ എങ്ങനെ ബാധിക്കും

അശാസ്ത്രീയമായ വാർഡ്‌ വിഭജനത്തെക്കുറിച്ച് പരാതിപ്പെട്ടതാണ്. വാർഡുകൾ വെട്ടിമുറിക്കുകയായിരുന്നു. ബിജെപിയെ സഹായിക്കാൻ ചാലപ്പുറം വാർഡ് വിഭജിച്ചു. ഇപ്പോഴാകെ 4000 വോട്ടാണ് ചാലപ്പുറത്തുള്ളത്. ചാലപ്പുറത്തിന്റെ വലിയൊരുഭാഗം മുഖദാറിലേക്ക് പോയതോടെ അവിടെ 12,000 വോട്ടായി. ജില്ലയിൽ എല്ലായിടത്തും ഇതാണ് സ്ഥിതി. അതിലൊന്നും അധികൃതർ നടപടിയെടുത്തില്ല.

  • വോട്ടർപട്ടികയിലും ക്രമക്കേടുണ്ടെന്ന പരാതിയുണ്ടല്ലോ

ജില്ലയിൽ ഒരുലക്ഷം ഇരട്ടവോട്ടുകളുണ്ട്. കോർപ്പറേഷനിൽമാത്രം 26,000 ഉണ്ട്. അതിൽ ആരൊക്കെയുണ്ടെന്ന് ഉടൻ പുറത്തുവിടും.

എപിക് ഐഡി അല്ലാതെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഐഡി വെച്ച് വോട്ടർപട്ടികയുണ്ടാക്കി. തിരഞ്ഞെടുപ്പ് കമ്മിഷനും സിപിഎമ്മും ചേർന്ന് നടത്തിയ ഗൂഢാലോചനയാണത്. അതൊക്കെ യുഡിഎഫ് മറികടക്കും.

  • കോർപ്പറേഷനിലെ യുഡിഎഫ് പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു

അഴിമതിക്കാരാണ് ഭരിക്കുന്നതെന്ന് ജനം പറഞ്ഞുതുടങ്ങി. എടിഎം കൗണ്ടറായാണ് സിപിഎം കോർപ്പറേഷനെ കണ്ടത്. അഴിമതിയില്ലാത്ത ഏത് മേഖലയാണുള്ളത്. കോർപ്പറേഷൻ കെട്ടിടം മുതൽ അഴിമതിയല്ലേ. ഇതൊക്കെ ഉയർത്തിക്കൊണ്ടുവരാനായി. യുഡിഎഫ് തയ്യാറാക്കിയ കുറ്റപത്രം വീടുകളിലെത്തിച്ചു.

അയ്യപ്പന്റെ പൊന്നുകട്ട ആളുകളാണ്. അഴിമതിക്കാരെ സിപിഎം വെള്ളപൂശി. പഞ്ചായത്തീരാജ് നഗരപാലിക ബിൽ വന്നശേഷം തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതിവിഹിതം വർധിപ്പിച്ചിരുന്നു. ചരിത്രത്തിലാദ്യമായി അത് വെട്ടിക്കുറച്ചു. സമയത്തിന് കൊടുത്തില്ല. തദ്ദേശസ്ഥാപനങ്ങളെ തകർക്കുന്ന ഇത്തരം സമീപനത്തിനെതിരേയുള്ള വിധിയെഴുത്താവും തിരഞ്ഞെടുപ്പ്. അഴിമതിക്കാരെ തുടച്ചുനീക്കും.

  •  പ്രചാരണം ഇനി എങ്ങനെയാവും

വികസനത്തിലൂന്നിയുള്ള മാനിഫെസ്റ്റോ തയ്യാറാക്കുന്നുണ്ട്. എന്താണ് നമ്മൾ വിഭാവനംചെയ്യുന്നതെന്ന് അതിലൂടെ വ്യക്തമാകും. കെ.സി. വേണുഗോപാൽ നാലിനും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എട്ടിനും എത്തും. രമേശ് ചെന്നിത്തല വീണ്ടും വരും. ഇങ്ങനെ പ്രചാരണം ശക്തമായി മുന്നോട്ടുപോവുകയാണ്. ഗൃഹസമ്പർക്കത്തിനൊപ്പം ഇത്തരം നേതാക്കളുടെ വരവും ഗുണംചെയ്യും.