കോഴിക്കോട്: കോര്‍പ്പറേഷനില്‍ നിലവിലെ ഡെപ്യൂട്ടി മേയറും ഇത്തവണത്തെ സി.പി.എമ്മിന്റെ മേയര്‍ സ്ഥാനാര്‍ഥിയുമായ സി.പി.മുസാഫര്‍ അഹമ്മദിന് ഞെട്ടുന്ന തോൽവി. കോര്‍പ്പറേഷന്‍ 39-ാം വാർഡായ മീഞ്ചന്തയില്‍ നിന്നായിരുന്നു മുസാഫിർ ജനവിധി തേടിയത്. യുഡിഎഫ് സ്ഥാനാര്‍ഥി എസ്‌കെ അബൂബക്കറാണ് വിജയിച്ചത്. നിലവിൽ വലിയങ്ങാടിയിൽ നിന്നുള്ള കൗണ്‍സിലറാണ്.

To advertise here,

മുസാഫിർ മത്സരിക്കുന്നത് കൊണ്ടുതന്നെ മീഞ്ചന്തയിലേത് എല്‍ഡിഎഫിന്റെ അഭിമാനപോരാട്ടവുമായിരുന്നു.

നേരത്തെ ബിജെപിയുടെ സിറ്റിങ് വാർഡായിരുന്നു. എന്നാൽ, ഇക്കുറി വാർഡ് പൂർണമായി പുനർനിർണയിക്കപ്പെട്ടു. 2010-ല്‍ മുസാഫര്‍ ആദ്യമായി കൗണ്‍സിലറായിരുന്ന പയ്യാനക്കല്‍ വാര്‍ഡിന്റെ ഭൂരിഭാഗവും കൂട്ടിച്ചേര്‍ത്താണ് ഇത്തവണ വാര്‍ഡ് വിഭജനശേഷം നിലവിലെ 39-ാം വാര്‍ഡുണ്ടായത്.

മീഞ്ചന്ത വാര്‍ഡില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 130 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപിയാണ് ജയിച്ചത്. വാര്‍ഡ് വിഭജനത്തോടെ ഈ വാര്‍ഡിലെ വലിയ ഭാഗം തിരുവണ്ണൂരിലേക്ക് പോയി. പയ്യാനക്കല്‍ വാര്‍ഡില്‍ കഴിഞ്ഞ വര്‍ഷം 713 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫാണ് ജയിച്ചത്. പയ്യാനക്കല്‍ വാര്‍ഡിന്റെ വലിയഭാഗം മീഞ്ചന്തയിലേക്ക് ചേരുന്നതോടെ വാര്‍ഡ് തങ്ങള്‍ക്ക് അനുകൂലമാകുമെന്നായിരുന്നു എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍.

കോഴിക്കോട് സൗത്തിലെ മുൻ എംഎൽഎയായ സി.പി. കുഞ്ഞുവിന്റെ മകൻ കൂടിയായ മുസാഫർ കോഴിക്കോട് സൗത്തിൽ നിന്ന് നിയമസഭയിലേയ്ക്കും ജനവിധി തേടിയിരുന്നു.