എനിക്കെതിരേ കഴിഞ്ഞ തവണ ഉണ്ടായിരുന്ന വിവാദം ജയിക്കാനായി ലീഗ് കൃത്രിമമായി ഉണ്ടാക്കിയെടുത്തതായിരുന്നുവെന്ന് കൊടുവള്ളി നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നിലവിലെ കൗണ്‍സിലറുമായ ഫൈസല്‍ കാരാട്ട്. ലീഗിന് കൊടുവള്ളിയില്‍ ജയിക്കാന്‍ വിവാദം ഉണ്ടാക്കാതെ പറ്റില്ല.

To advertise here,

താന്‍ മനസ്സാ വാചാ അറിയാത്ത കാര്യമായിരുന്നു കഴിഞ്ഞ തവണ ഉണ്ടായത്. എന്നാല്‍ നോട്ടീസ് പോലും തരാതെ വിട്ടയക്കുന്ന സാഹചര്യമാണുണ്ടായതെന്നും ഫൈസല്‍ പറഞ്ഞു. ഇതിന് പിന്നില്‍ കൊടുവള്ളിയിലെ മുസ്ലീംലീഗ് പ്രാദേശിക നേതാക്കളായിരുന്നുവെന്നും കാരാട്ട് ഫൈസല്‍ പറഞ്ഞു.

നിലവില്‍ തനിക്കെതിരേ കേസുകളൊന്നുമില്ല. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പ് ഒരു പ്രത്യേക സാഹചര്യത്തിലായിരുന്നു നടന്നത്. കാരാട്ട് ഫൈസല്‍ എന്താണ് ഏതാണ് എന്നൊക്കെ കൊടുവള്ളിക്കാര്‍ക്ക് അറിയാം. അതുകൊണ്ടു തന്നെയാണ് വിവാദങ്ങള്‍ക്കിടയിലും തനിക്ക് ജയിച്ചുകയറാന്‍ കഴിഞ്ഞതെന്നും ഫൈസല്‍ പറഞ്ഞു. കക്ഷി രാഷ്ട്രീയ ഭേദമന്യേ തനിക്ക് വോട്ടുചെയ്തിരുന്നു. അങ്ങനെയാണ് ചരിത്രത്തല്‍ ഇന്നുവരെ മുസ്ലീംലീഗ് തോല്‍ക്കാത്ത ചുണ്ടപ്പുറം വാര്‍ഡ് തനിക്ക് പിടിച്ചെടുക്കാന്‍ സാധിച്ചത്. മുസ്ലീംലീഗ് പ്രവര്‍ത്തരകരുടെ വോട്ട് അടക്കം തനിക്ക് കിട്ടിയിരുന്നത് കൊണ്ടാണ് ജയിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീംലീഗിന് എന്തെങ്കിലും വിവാദമുണ്ടാക്കാതെ ഇത്തവണയും വിജയിച്ചുകയറാന്‍ സാധിക്കില്ല. അത് അവര്‍ക്ക് നല്ല രീതിയില്‍ അറിയാം. കൊടുവള്ളി പോലുള്ള ഒരു പ്രദേശം ഇന്നും അമ്പത് വര്‍ഷം പിന്നിലാണ്. നഗരത്തിലെത്തുന്നവര്‍ക്ക് മൂത്രമൊഴിക്കാന്‍ ഒരു കക്കൂസ് സൗകര്യം പോലും ഇല്ല എന്ന് അറിയുമ്പോഴാണ് കൊടുവള്ളി എവിടെ എത്തിയിരിക്കുന്നുവെന്ന നമുക്ക് മനസ്സിലാവുന്നത്. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ എന്ത് വിവാദവും അവരില്‍ നിന്ന് പ്രതീക്ഷിക്കാം. അവര്‍ എന്തൊക്കെ ചെയ്യും എന്നത് ഊഹിക്കാന്‍ പോലും കഴിയില്ലെന്നും ഫൈസല്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ തവണ സീറ്റുവിഭജന ചര്‍ച്ചകള്‍ തുടങ്ങുന്നതിനുമുമ്പുതന്നെ ചുണ്ടപ്പുറം ഡിവിഷനില്‍ കാരാട്ട് ഫൈസല്‍ ഇടതുസ്വതന്ത്രനായി മത്സരിക്കുമെന്ന് കാണിച്ച് അനുയായികള്‍ പ്രചാരണം നടത്തിയിരുന്നു. ആ പ്രചാരണത്തെ ശരിവെച്ചായിരുന്നു ഫൈസലിനെ എല്‍ഡിഎഫ്. സ്വതന്ത്രസ്ഥാനാര്‍ഥിയായി അന്ന് രംഗത്തിറക്കുകയും ചെയ്തത്.

എന്നാല്‍ സ്വര്‍ണംകടത്തിയ കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത വ്യക്തിയെ സ്ഥാനാര്‍ഥിയാക്കിയ നടപടി വിവാദമായതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടു. തുടര്‍ന്ന് കാരാട്ട് ഫൈസലിനുള്ള പിന്തുണ പിന്‍വലിച്ചതായി പ്രഖ്യാപിച്ച് ഫൈസലിനോട് അടുപ്പമുള്ള ഐഎന്‍എല്‍ സംസ്ഥാനസമിതി അംഗം ഒപി അബ്ദുള്‍ റഷീദിനെ സ്വതന്ത്രസ്ഥാനാര്‍ഥിയാക്കി എല്‍ഡിഎഫ്. രംഗത്തിറക്കി. എന്നാല്‍, നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിന്റെ സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പത്രികനല്‍കി മത്സരരംഗത്തിറങ്ങിയ കാരാട്ട് ഫൈസല്‍ കഴിഞ്ഞ തവണ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.

കാരാട്ട് ഫൈസല്‍ 568 വോട്ടുനേടി 73 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയിച്ചപ്പോള്‍ തങ്ങളുടെ സ്വതന്ത്രസ്ഥാനാര്‍ഥിയെന്ന് എല്‍ഡിഎഫ്. അവകാശപ്പെട്ട ഒപി. അബ്ദുള്‍ റഷീദിന്റെ വോട്ടുനില പൂജ്യത്തിലൊതുങ്ങി. കാരാട്ട് ഫൈസലിന്റെ അപരനായ സ്വതന്ത്രസ്ഥാനാര്‍ഥി കെ. ഫൈസലിനുപോലും ഏഴുവോട്ട് കിട്ടിയിടത്താണ് എല്‍ഡിഎഫ്. സ്ഥാനാര്‍ഥിക്ക് ഒരു വോട്ടുപോലും കിട്ടാതെ കെട്ടിവെച്ച കാശുപോയത്.

കാരാട്ട് ഫൈസല്‍ തന്നെയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥിയെന്നും ഒ.പി. റഷീദിനെ വിവാദമൊഴിവാക്കാന്‍ മാത്രമായി 'ഡമ്മി'യാക്കിയതാണെന്നുമുള്ള ആരോപണവും ഉയര്‍ന്നിരുന്നു അതിനെ ശരിവെക്കുന്നത് കൂടിയായി അന്നത്തെ തിരഞ്ഞെടുപ്പുഫലം.