താമരശ്ശേരി (കോഴിക്കോട്): കട്ടിപ്പാറയില്‍ വിവാദമായ ഫ്രഷ്‌കട്ട് കോഴിയറവു മാലിന്യ സംസ്‌കരണ പ്ലാന്റ് സമരത്തില്‍ പ്രതിയായി ഒളിവില്‍ പോയി ഒടുവില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സൈനുല്‍ ആബിദീന് വിജയം. ഒറ്റ ദിവസം പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്താതെയും വോട്ടുചെയ്യുക പോലും ചെയ്യാത്ത സ്ഥാനാര്‍ഥിയാണ് സൈനുല്‍ അബിദീന്‍ എന്ന ബാബു കുടുക്കില്‍. താമരശ്ശേരി പഞ്ചായത്തിലെ 11-ാം വാര്‍ഡായ കരിങ്ങമണ്ണയിലായിരുന്നു ബാബു ഐയുഎംഎല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചത്. 225 വോട്ടുകള്‍ക്കായിരുന്നു ബാബു കുടുക്കിലിന്റെ വിജയം. ഇവിടെ താമരശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍ പുല്ലങ്ങോട് വാര്‍ഡില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായും മത്സരിച്ചിരുന്നു.

To advertise here,

ഫ്രഷ്‌കട്ട് പ്ലാന്റിലേക്ക് അതിക്രമിച്ചുകയറി അക്രമംനടത്തിയെന്നാരോപിച്ച് സെപ്റ്റംബര്‍ 21-ന് താമരശ്ശേരി പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലും, ഒക്ടോബര്‍ 21-ലെ ഫ്രഷ്‌കട്ട് സംഘര്‍ഷത്തിനിടെ പ്ലാന്റില്‍ അതിക്രമിച്ചുകയറി തൊഴിലാളികളെ ആക്രമിക്കാന്‍ ഗൂഢാലോചനനടത്തിയെന്നതിന് രജിസ്റ്റര്‍ചെയ്ത കേസിലും പ്രതിയാണ് ബാബു കുടുക്കില്‍. പോലീസ് ഇദ്ദേഹത്തിന്റെപേരില്‍ നേരത്തേ ലുക്കൗട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിരുന്നു. ജാമ്യമില്ലാവകുപ്പുപ്രകാരം രജിസ്റ്റര്‍ചെയ്ത ആദ്യകേസിനെത്തുടര്‍ന്ന് നാട്ടില്‍നിന്ന് മാറിനില്‍ക്കുന്നതിനിടെയാണ് ഫ്രഷ്‌കട്ട് സംഘര്‍ഷമുണ്ടായതും സമരസമിതി ചെയര്‍മാനായ ബാബു അതിലും പ്രതിചേര്‍ക്കപ്പെട്ടതും.

നാട്ടിലിറങ്ങിയാല്‍ സ്ഥാനാര്‍ഥിയെ പിടികൂടി കോടതിയില്‍ ഹാജരാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പോലീസ്. ഇതിനിടെയാണ് ഒളിവില്‍ പോയത്. ബാബു വോട്ട് ചെയ്യാന്‍ എത്തുമെന്ന് കരുതി ബൂത്തിലടക്കം പോലീസ് എത്തിയിരുന്നു.