താമരശ്ശേരി: ഗുരുതരമായ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നുവെന്ന കണ്ടെത്തലിന്റേയും നിരന്തര പരാതികളുടേയും അടിസ്ഥാനത്തിൽ 'ഫ്രഷ്‌കട്ട് ഓർഗാനിക് പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്വകാര്യ കോഴിയറവുമാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ്.

To advertise here,

കോഴിക്കോട് ജില്ലയിലെ കോഴിയറവുമാലിന്യങ്ങൾ സംസ്‌കരിച്ചുവരുന്ന കട്ടിപ്പാറ അമ്പായത്തോട് ഈരൂട് റോഡരികിലെ 'ഫ്രഷ്‌കട്ട്' പ്ലാന്റ് എല്ലാ പ്രവർത്തനങ്ങളും പൂർണമായി നിർത്തിവെച്ച് അടിയന്തരമായി അടച്ചുപൂട്ടണമെന്ന് നിർദേശിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്‌സൺ എസ്. ശ്രീകല ബുധനാഴ്ച ഉത്തരവിട്ടു.

യു.ഡി.എഫ്. സർക്കാർ വാക്കുപാലിച്ചെന്ന് എം.എൽ.എ. പി.കെ. ഫിറോസ് ഉത്തരവിനോട് പ്രതികരിച്ച് ഫെയ്‌സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. പ്ലാന്റ് അടച്ചുപൂട്ടുന്നതിനായി സഹായിച്ച മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, തീരുമാനം കൈക്കൊണ്ട മുഖ്യമന്ത്രി വി.ഡി. സതീശൻ എന്നിവർക്ക് നന്ദിയറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

തിരുവനന്തപുരത്ത് പി.കെ. ഫിറോസ് കൂടെയുണ്ടായിരുന്നപ്പോൾ ഇതുസംബന്ധിച്ച് ഒട്ടേറെ ഫോൺകോളുകൾ വന്നിരുന്നതായും അവരോടെല്ലാം പൂട്ടുമെന്ന് ഉറപ്പുപറഞ്ഞ ഫിറോസ്, ആ വാക്കുപാലിച്ചെന്നും രാഹുൽ മാങ്കൂട്ടത്തിൽ എഫ്.ബി.യിൽ കുറിച്ചു. ഇത് ജനങ്ങളുടെ സർക്കാരാണ്. ഒരു മാഫിയയുടേയും ഭീഷണി ഇവിടെ വിലപ്പോകില്ലെന്നും മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.