കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിലും തുടർന്നുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തൊഴിലാളികളായിരിക്കും ഫലം നിർണയിക്കുന്നതെന്ന് യുടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി. വിജയൻ.

To advertise here,

സർക്കാരിനെതിരേ സമസ്ത തൊഴിൽമേഖലകളിലും നിറഞ്ഞുനിൽക്കുന്ന അസംതൃപ്തി തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കൊല്ലത്ത് കശുവണ്ടിമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തത് സർക്കാരിന് തിരിച്ചടിയാകും. തൊഴിൽ സംരക്ഷിക്കുന്നതിനും ഫാക്ടറികൾ തുറക്കുന്നതിനും ഫാക്ടറികൾ അന്യാധീനപ്പെട്ട് പോകുന്നതു തടയുന്നതിനും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരുനടപടിയുമില്ല. കയർ, കൈത്തറി അടക്കമുള്ള മറ്റ് പരമ്പരാഗതമേഖലകളും തകർച്ചയുടെ വക്കിലാണ്.

കശുവണ്ടിമേഖലയിൽ ഒന്നും ചെയ്യാനാകാത്തതിന്റെ ജാള്യം പരിഹരിക്കാനാണ് കാഷ്യൂ കോൺക്ലേവ് നടത്തിയത്. ന്യായമായി ഫാക്ടറി നടത്തുന്നവർക്ക് പാക്കേജിൽനിന്നുള്ള സഹായം നൽകിയിട്ടില്ല. കശുവണ്ടിമേഖലയിലെ ആധുനികീകരണത്തിനുവേണ്ടി നിയമിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ഇപ്പോഴും പുറത്തുവന്നിട്ടില്ല.

സംസ്ഥാനത്തിന്റെ കടത്തിൽ കഴിഞ്ഞ ഒൻപതുവർഷംകൊണ്ട് ഭീമമായ വർധനയാണുണ്ടായത്. സർക്കാരിന്റെ വാർഷികപദ്ധതിയിലും തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിലും 20 ശതമാനത്തിൽ താഴെയാണ് ചെലവ്. ആനുകൂല്യങ്ങൾ തടഞ്ഞ് സർക്കാർ ജീവനക്കാരെയും വഞ്ചിച്ചിരിക്കുന്നു. സമസ്ത മേഖലകളിലും അരാജകത്വവും അഴിമതിയും കൊടികുത്തിവാഴുന്നു. ശബരിമല അയ്യപ്പന്റെ സ്വർണത്തിനുപോലും സുരക്ഷയില്ലാത്ത കാലമാണ്.

തൊഴിലാളിക്ഷേമനിധി ബോർഡുകളെല്ലാം പ്രതിസന്ധിയിലാണ്. ബോർഡുകളിൽനിന്ന് സർക്കാർ വൻതോതിൽ പണം എടുത്തിരിക്കുകയാണ്. മറ്റു വ്യവസായമേഖലകളിലും അരക്ഷിതാവസ്ഥ നിൽക്കുകയാണ്. കേന്ദ്രസർക്കാരാകട്ടെ, ഏകപക്ഷീയമായി ലേബർകോഡുകൾ തൊഴിലാളികളുടെമേൽ അടിച്ചേൽപ്പിക്കുന്നു. വ്യവസായമേഖലയെ സംരക്ഷിക്കുന്നതിനും കാലോചിതമായി പുനഃസംഘടിപ്പിക്കുന്നതിനും യുഡിഎഫ് തിരിച്ചുവരേണ്ടത് അനിവാര്യമാണ്. ഇടതു സർക്കാരിെന്റ ഇരട്ടത്താപ്പുകൾ മനസ്സിലാക്കിയ ജനങ്ങൾ യുഡിഎഫിനെ അധികാരത്തിൽ കൊണ്ടുവരുമെന്നതിൽ തർക്കമില്ല.

ആർഎസ്‌പിയും യുടിയുസിയും അതിനുവേണ്ടി അക്ഷീണപരിശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.