ശൂരനാട്: തദ്ദേശതിരഞ്ഞെടുപ്പിൽ ശൂരനാട് വടക്ക് പഞ്ചായത്തിൽ ഇടതുപക്ഷത്തിന് തലവേദനസൃഷ്ടിച്ച് വിമതർ. നഷ്ടപ്പെട്ടുപോയ ഭരണം തിരിച്ചുപിടിക്കാൻ തീവ്രശ്രമം നടക്കുന്നതിനിടയിലാണ് മൂന്ന് വാർഡുകളിൽ വിമതർ രംഗത്തുള്ളത്. സിപിഐയുടെ രണ്ട് സീറ്റിലും സിപിഎമ്മിന് ഒരു സീറ്റിലുമാണ് വിമതർ ഭീഷണിയുയർത്തുന്നത്. നിലവിൽ യുഡിഎഫ്‌ ആണ് പഞ്ചായത്ത് ഭരിക്കുന്നത്.

To advertise here,

ഇടതുപക്ഷത്തിന് അടിത്തറയുള്ള ശൂരനാട്ട് പതിറ്റാണ്ടുകൾക്കുശേഷം കഴിഞ്ഞതവണ ഭരണം കൈവിട്ടുപോയിരുന്നു. രാഷ്ട്രീയമായി അതു വലിയ തിരിച്ചടിയായിരുന്നു. അതു മറികടക്കാനുള്ള ശക്തമായ നീക്കം നടക്കുന്നതിനിടയിലാണ് ഇടതുപക്ഷത്തുനിന്നുള്ളവർതന്നെ സ്ഥാനാർഥികളായി സജീവമായി രംഗത്തുള്ളത്. മൂന്നിടത്തും ജയപരാജയങ്ങളെ സ്വാധീനിക്കുന്ന തരത്തിലാണ് അവരുടെ പ്രവർത്തനം.

സിപിഐ മത്സരിക്കുന്ന ഹൈസ്കൂൾ ജങ്ഷൻ 15-ാംവാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന സിപിഐയിലെ ഉഷയ്ക്ക് ബദലായി സിപിഐ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭാര്യയാണ് സ്വതന്ത്രയായി മത്സരിക്കുന്നത്. വനിതാസംവരണ വാർഡാണ്. കഴിഞ്ഞതവണ സിപിഐ വിജയിച്ച വാർഡിലാണ് സിപിഎം പ്രവർത്തകയായ വനിത നിൽക്കുന്നത്. ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭാര്യയാണെങ്കിലും സിപിഎം പ്രവർത്തകയായതിന്റെ പേരിൽ നേതൃത്വം സീറ്റ് നിഷേധിച്ചതു കാരണമായെന്നാണ് അറിയുന്നത്.

തെക്കേമുറി 11-ാംവാർഡിൽ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മഹിളാസംഘം നേതാവുമായ സിപിഐയിലെ ഷീജാബീഗത്തിന് ഭീഷണിയുയർത്തി സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ വനിത സ്വതന്ത്രയായി രംഗത്തുണ്ട്. അവർക്കെതിരേ സിപിഎം നടപടിയെടുത്തെങ്കിലും ഔദ്യോഗിക സ്ഥാനാർഥിക്ക് ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഈ വാർഡിൽ സിപിഐയോടു തെറ്റിപ്പിരിഞ്ഞ് കഴിഞ്ഞതവണ സ്വതന്ത്രനായി വിജയിച്ചയാൾ സിപിഎമ്മിൽ ചേർന്നിരുന്നു. അതിനാൽ സിപിഎമ്മിന് നോട്ടമുണ്ടായിരുന്ന സീറ്റാണത്.

പാറക്കടവ് 19-ാം വാർഡിൽ സിപിഎം സ്ഥാനാർഥിയായ ബിജുവിനു ഭീഷണിയുയർത്തി പാർട്ടി അംഗം സ്വതന്ത്രസ്ഥാനാർഥിയായി രംഗത്തുണ്ട്. കാലങ്ങളായി പാർട്ടിയുടെ പാറക്കടവിലെ സജീവപ്രവർത്തകനായ സ്വതന്ത്രൻ കടുത്ത വെല്ലുവിളി ഉയർത്തുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഭീഷണിയില്ലെന്നാണ് നേതൃത്വം പറയുന്നത്. അദ്ദേഹം സ്ഥാനാർഥിത്വം പിൻവലിക്കാനും സാധ്യതയില്ല. വിമതരായി നിൽക്കുന്നവർ പാർട്ടി സ്ഥാനാർഥികൾക്ക് ഭീഷണിയല്ലെന്നും സിപിഎമ്മും സിപിഐയും ഒറ്റക്കെട്ടായി എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായാണ് പ്രവർത്തിക്കുന്നതെന്നും സിപിഐ നേതൃത്വം പറയുന്നു.