ചെറുവത്തൂർ: ജില്ലാ പഞ്ചായത്തിലേക്ക് ഇടതുപക്ഷത്തിന് കരുത്ത് പകർന്ന ഡിവിഷനാണ് ചെറുവത്തൂർ. ഡീലിമിറ്റേഷനിൽ വലിയ മാറ്റങ്ങൾ സംഭവിച്ചെങ്കിലും പ്രതാപം കാത്തുസൂക്ഷിക്കാനുള്ള പോരിലാണ് സിപിഎം. അതേസമയം അതിർത്തികളിൽ വന്ന മാറ്റം ഡിവിഷൻ മാറിച്ചിന്തിക്കുന്നതിന്റെ സൂചനയെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. ശക്തിതെളിയിക്കാനുള്ള പോരിൽ ബിജെപിയും ഒട്ടും പിന്നിലല്ല. വോട്ടുകണക്കാണ് ഇവിടത്തെ അങ്കത്തട്ടിനെ ചൂട് പിടിപ്പിക്കുന്നത്.

To advertise here,

ചെറുവത്തൂർ, പടന്ന പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും വലിയപറമ്പിലെ ഒന്നൊഴികെ 13 വാർഡുകളും കയ്യൂർ ചീമേനി പഞ്ചായത്തിലെ ക്ലായിക്കോട്, മുഴക്കോം, വലിയപൊയിൽ എന്നീ മൂന്ന് വാർഡുകളാണ് ഡിവിഷനിൽ ഉൾക്കൊള്ളുന്നത്. ക്ലായിക്കോട്, ചെറുവത്തൂർ, തുരുത്തി, പടന്ന, ഉദിനൂർ, വലിയപറമ്പ് ബ്ലോക്ക് ഡിവിഷനുകളിലായുള്ള 50 ഗ്രാമപ്പഞ്ചായത്ത് വാർഡുകളിലെ വോട്ടർമാരാണ് ഇവിടെ ജനവിധി രേഖപ്പെടുത്തുക.

നിലവിലെ ഗ്രാമപ്പഞ്ചായത്ത് ഭരണമെടുത്ത് നോക്കിയാൽ ഇടതുമുന്നണിക്ക് മേൽക്കൈയുണ്ട്. എന്നാൽ വോട്ടുകണക്കെടുത്താൽ നിലവിൽ ഡിവിഷൻ തങ്ങൾക്കനുകൂലമെന്ന് ഉറപ്പിച്ച് പറയുന്നുണ്ട് യുഡിഎഫ് നേതൃത്വം. പഴയ സാഹചര്യം മാറിയെന്നും പടന്ന പഞ്ചായത്ത് മുഴുവനായുമെത്തിയപ്പോൾ അത് തങ്ങൾക്കനുകൂലമാണെന്നാണ് അവരുടെ പക്ഷം. എല്ലാ പ്രദേശങ്ങളിലും ഇറങ്ങിച്ചെല്ലാൻ കഴിയുന്ന സാഹചര്യത്തിൽ ബിജെപിയും ഇവിടെ പ്രതീക്ഷ പുലർത്തുന്നുണ്ട്.

ജയമുറപ്പിക്കാൻ സെറീന

ഡിവിഷൻ നിലനിർത്താനുള്ള പോരിൽ രംഗത്തിറക്കിയത് ചെറുപ്പത്തിന്റെ പ്രസരിപ്പുള്ള പ്രൊഫഷണലിനെയാണ്. ആയുർവേദ ഡോക്ടർ കൂടിയായ 29-കാരി സെറീനാ സലാം ഇതിനകം ഡിവിഷൻ മുഴുവൻ പ്രചരണം പൂർത്തിയാക്കി പര്യടനം തുടങ്ങിക്കഴിഞ്ഞു. പൊതുതിരഞ്ഞെടുപ്പിൽ ആദ്യ അങ്കമാണെങ്കിലും ആയുർവേദ മെഡിക്കൽ കോളേജ് യൂണിയൻ ചെയർമാനെന്ന നിലയിലെ സംഘാടനക്കരുത്തുമായാണ് അങ്കത്തട്ടിലുള്ളത്. എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

സാന്ദ്രയിലൂടെ തിരിച്ചുപിടിക്കാൻ

മാറിയ സാഹചര്യം അനുകൂലമാക്കാൻ മറ്റൊരു ചെറുപ്പത്തെയാണ് യുഡിഎഫ് ഡിവിഷനിലേക്ക് കൊണ്ടുവന്നത്. വി.എം. സാന്ദ്രയെന്ന 23-കാരി തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഡിവിഷനിൽ വോട്ടഭ്യർഥിക്കുന്നത്. മുസ്‌ലിം ലീഗിന്റെ സീറ്റിൽ കെഎസ്‌യു ജില്ലാ സെക്രട്ടറി മത്സരിക്കുന്നുവെന്ന കൗതുകവുമുണ്ട്. സ്വതന്ത്ര സ്ഥാനാർഥിയായതിനാൽ മുന്നണിക്കപ്പുറം വിദ്യാർഥി നേതാവെന്ന പരിഗണന ലഭിക്കുന്നുണ്ടെന്നും അത് വോട്ടായി മാറുമെന്നും പ്രചാരണപ്രവർത്തനങ്ങൾ നയിക്കുന്ന നേതാക്കൾ പറയുന്നു.

ഷീബ നയിക്കുന്നു

ബിജെപിയിൽ ടി. ഷീബയാണ് താമരചിഹ്നമുയർത്തി വോട്ടഭ്യർഥിക്കുന്നത്. ആദ്യ തിരഞ്ഞെടുപ്പനുഭവമാണിത്. അനുകൂലമായാണ് വോട്ടർമാരുടെ പ്രതികരണം. കോട്ടകളില്ലെങ്കിലും ഡിവിഷൻ പിടിക്കാനുള്ള പോരാട്ടത്തിന് അരയും തലയും മുറുക്കി പ്രവർത്തകർ രംഗത്തുണ്ട്. മുന്നേറ്റമുണ്ടാകുമെന്ന് ഉറപ്പിച്ച് പറയുന്നു ഷീബ.