കണ്ണൂർ: മലപ്പട്ടത്ത് യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളിയ സംഭവത്തിൽ വിമർശനവുമായി കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. സിപിഎമ്മിന്റെ രാഷ്ട്രീയ കളിക്ക് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുവെന്നും റിട്ടേണിങ് ഓഫീസർക്ക് മുന്നിൽ നേരിട്ട് ഹാജരായ യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക ഒപ്പ് വ്യാജമെന്ന് പറഞ്ഞ് എങ്ങനെയാണ് തള്ളിക്കളയുകയെന്നും അദ്ദേഹം ചോദിച്ചു.
മലപ്പട്ടത്തെ ഒരു വാർഡിൽ റിട്ടേണിങ് ഓഫീസർക്ക് മുന്നിൽ നേരിട്ട് ഹാജരായ യുഡിഎഫ് സ്ഥാനാർഥിയുടെ പത്രികയാണ്, ഒപ്പ് വ്യാജമാണെന്നുപറഞ്ഞു തള്ളിക്കളഞ്ഞത്. സ്ഥാനാർഥി തന്നെ നേരിട്ട് ഹാജരായിട്ടും അത് സ്ഥാനാർഥിയുടെ ഒപ്പല്ല എന്ന് പറയുന്നതിൽ എന്തു യുക്തിയാണുള്ളത്? സിപിഎം ഓഫീസുകളിൽ തയ്യാറാക്കിയ ഒരേ രൂപത്തിലുള്ള പരാതികളാണ് പത്രിക തള്ളിക്കാനായി നൽകിയത്. - മാർട്ടിൻ ജോർജ് പറഞ്ഞു
മുൻകാലങ്ങളിൽ എല്ലാ സീറ്റിലും സിപിഎം എതിരില്ലാതെ വിജയിക്കാറുള്ള പ്രദേശങ്ങളിൽ ശക്തമായ പോരാട്ടത്തിന് യുഡിഎഫ് തയ്യാറെടുക്കുമ്പോൾ അതിലുള്ള അസഹിഷ്ണുതയാണ് സിപിഎം പ്രകടിപ്പിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നാടായ ആന്തൂരിൽ പത്രിക പിൻവലിപ്പിക്കാനായി വനിതാ സ്ഥാനാർഥിയെ തട്ടിക്കൊണ്ടുപോയ സംഭവമുണ്ടായി. ആന്തൂരിലെ അഞ്ചാംപീടിക വാർഡിലെ സ്ഥാനാർഥി ലിവ്യയെ വീട്ടിൽ തടഞ്ഞു വെച്ച് സ്ഥാനാർഥിത്വം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭീഷണിപ്പെടുത്തി ഒപ്പിട്ടു വാങ്ങി. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന സിപിഎമ്മിന്റെ സമീപനം സുഗമമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ തന്നെ ബാധിക്കുകയാണ്. - അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ തവണയും സമാന രീതിയിലാണ് യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രിക പിൻവലിപ്പിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ ഭരണം നേടാൻ എന്ത് അതിക്രമത്തിനും സിപിഎം മുതിരും എന്നതിൻ്റെ തെളിവാണ് ഈ സംഭവങ്ങൾ. ജനാധിപത്യ പ്രക്രിയയിൽ വിശ്വസിക്കുന്ന മുഴുവനാളുകളും ഇതിനെതിരെ പ്രതികരിക്കണമെന്നും മാർട്ടിൻ ജോർജ് പ്രതികരിച്ചു.
വെള്ളിയാഴ്ച നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം കഴിഞ്ഞപ്പോൾ കണ്ണൂരിൽ ആറിടത്താണ് എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. പിന്നാലെ മലപ്പട്ടത്ത് കൊവുന്തല വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ ഒപ്പ് വ്യജമെന്ന് പറഞ്ഞ് പത്രിക തള്ളുകയും ചെയ്തു. ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ രണ്ട് വാർഡുകളിലും കണ്ണപുരം പഞ്ചായത്തിൽ രണ്ടിടത്തുമാണ് സിപിഎമ്മിന് എതിരില്ലാത്തത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വീട് ഉൾപ്പെടുന്നതാണ് ആന്തൂരിലെ ഒരു വാർഡ്. ആന്തൂർ നഗരസഭ പിറവിയെടുത്ത 2015-ലെ ആദ്യ തിരഞ്ഞെടുപ്പിൽ ആകെയുള്ള 28 വാർഡിൽ 14-ലും എൽഡിഎഫ് എതിരില്ലാതെ വിജയം നേടിയിരുന്നു. 2020-ൽ അത് ആറിൽ ഒതുങ്ങി.
Content Highlights: kannur dcc president against cpm
Published: 22 Nov 2025, 06:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented