ഒഴിയാൻ ശ്രമിച്ചെങ്കിലും പാർട്ടി നിർബന്ധിച്ചപ്പോൾ മത്സരത്തിന് സമ്മതിക്കുകയായിരുന്നു

യു. പ്രതിഭ എംഎൽഎ | ചിത്രങ്ങൾ: മാതൃഭൂമി
കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ എൽഎൽബി പഠിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അച്ഛന്റെ വിളിവന്നത്. 2000-ലെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്ന സമയം. തകഴി പഞ്ചായത്തിലെ എന്റെ വീടുൾപ്പെടുന്ന വാർഡിൽ പാർട്ടി പ്രാദേശികനേതൃത്വം ജയസാധ്യതയുള്ളവരെ തേടുകയാണ്. എന്റെ പേരാണ് അവർ നിർദേശിച്ചത്. എല്ലാവരുംകൂടി വീട്ടിൽവന്ന് അച്ഛനോടു സംസാരിച്ചു. തുടർന്നാണ് അച്ഛൻ വിളിച്ചത്.
ഞാൻ എൽഎൽബി രണ്ടാംവർഷത്തിലേക്കു കടക്കുന്നതേയുള്ളൂ. കോളേജിൽ അടിച്ചുപൊളിച്ചു നടക്കുന്ന കാലം. ഓഫർ വന്നപ്പോൾ ഒഴിയാൻ ശ്രമിച്ചു. പക്ഷേ, പാർട്ടി നിർബന്ധിച്ചപ്പോൾ സമ്മതിച്ചു.
അങ്ങനെ കോളേജിൽനിന്ന് നേരിട്ട് മത്സരരംഗത്തേക്കു വന്നിറങ്ങി. വനിതാ സ്ഥാനാർഥികൾ സാരിയുടുത്ത് വോട്ടുതേടുന്ന കാലമാണ്. എനിക്കാണെങ്കിൽ സാരിയുടുക്കാൻ അറിയില്ല. ചുരിദാറിട്ടാണ് വോട്ടുതേടാൻ പോയത്. കോളേജിൽനിന്ന് കൂട്ടുകാരെല്ലാം വന്നു. അവരും പ്രചാരണത്തിനിറങ്ങി. അതിനാൽ കോളേജ് മിസ് ചെയ്യുന്നുവെന്ന തോന്നലുണ്ടായില്ല.
വോട്ടിങ് ദിവസം സാരിയുടുത്തു. അന്നു നല്ല മഴയായിരുന്നു. 250-ലധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നുവെന്നാണ് ഓർമ്മ. കോൺഗ്രസിന്റെ സിറ്റിങ് സീറ്റു പിടിച്ചെടുക്കുകയായിരുന്നു.
പഞ്ചായത്തിന്റെ പ്രവർത്തനം പഠിച്ചെടുക്കുകയായിരുന്നു ആദ്യം ചെയ്തത്. ഇന്നത്തെയത്ര ഫണ്ടൊന്നുമില്ല. പ്രവർത്തനരീതികളിലും വലിയവ്യത്യാസം. െമമ്പറായിരിക്കുന്ന കാലത്തുതന്നെ പഠനം പൂർത്തിയാക്കി. കല്യാണം കഴിഞ്ഞ് കുഞ്ഞുമായി. 2005-ൽ വീണ്ടും മത്സരിച്ചത് ജനറൽ വാർഡിലാണ്. അപ്പോഴേക്കും കാര്യങ്ങളൊക്കെ പഠിച്ചിരുന്നു. ജയിച്ചുവന്നപ്പോൾ പാർട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതലയേൽപ്പിച്ചു.
കുത്തഴിഞ്ഞ നിലയിലായിരുന്നു പഞ്ചായത്തിലെ സ്ഥിതി. അതൊക്കെ നേരേയാക്കലായിരുന്നു ആദ്യപണി. 2010-ൽ ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കാൻ നിർദേശിച്ചു. വെളിയനാട് ഡിവിഷനായിരുന്നു. കുട്ടനാട്ടിൽത്തന്നെയുള്ള സ്ഥലമായിട്ടും എനിക്കു കാര്യമായ ബന്ധമില്ലാത്ത സ്ഥലമാണത്. എന്നാൽ, പാർട്ടിയുടെ ശക്തമായ പിന്തുണയിൽ വലിയ ഭൂരിപക്ഷത്തോടെ ജയിച്ചു. അതോടെ ഏറ്റവും പ്രായംകുറഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. ഒത്തിരി വെല്ലുവിളികളുണ്ടായിരുന്നെങ്കിലും ഏറെ ആസ്വദിച്ച കാലമായിരുന്നു അത്. 2016-ൽ കായംകുളത്തുനിന്ന് നിയമസഭയിലേക്കു മത്സരിക്കാൻ നിയോഗിക്കുമ്പോൾ മൂന്നു ടേമിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച മുൻപരിചയമായിരുന്നു കരുത്ത്.
Content Highlights: From CUSAT LLB to Youngest District Panchayat President: U Prathibha MLA Shares First Election Campaign Memories
Published: 28 Nov 2025, 10:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented