
വോട്ടെണ്ണല്‍ കേന്ദ്രമായ തേവള്ളി ബോയ്സ് ഹൈസ്കൂളിനുമുന്നില്‍ ഫലപ്രഖ്യാപനത്തിനിടെ സൈക്കിളിൽ കൊടിവീശുന്ന പ്രവർത്തകർ | ഫോട്ടോ: സി. ആർ. ഗിരീഷ് കുമാർ
തെക്ക് ശബരിമല സ്വര്‍ണക്കൊള്ള ജനവികാരം എതിരാക്കി. അടിസ്ഥാനവോട്ട് ബാങ്ക് തിരിച്ചുപിടിക്കാന്‍ പ്രീണനത്തിന്റെ പുതിയ കാര്‍ഡ് സിപിഎമ്മും മുഖ്യമന്ത്രിയും പയറ്റിയതോടെ മലബാറില്‍ അത് തിരിച്ചടിച്ചു. തദ്ദേശത്തിലെ തോല്‍വിയിലേക്ക് എല്‍ഡിഎഫിനെ നയിച്ചതില്‍ ഭരണവിരുദ്ധ വികാരത്തിനൊപ്പം ഇത് രണ്ടും അടിത്തട്ടില്‍ കാരണഭൂതമായി. പൗരത്വവും സിഎഎയും മുഖ്യ പ്രചാരണവിഷയമാക്കിയാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രചാരണം നയിച്ചത്. അത് ഭൂരിപക്ഷ വോട്ടുകള്‍, പ്രത്യേകിച്ച് എല്‍ഡിഎഫിന്റെ അടിസ്ഥാന വോട്ട് ബാങ്ക് ചോരാനും അതില്‍ ഒരു പങ്ക് ബിജെപിയിലേക്ക് ഒഴുകാനും വഴിതെളിച്ചു. ആറ്റിങ്ങല്‍, ആലപ്പുഴ മണ്ഡലങ്ങളിലെ ബിജെപിയുടെ വോട്ട് വര്‍ധനയും പല നിയമസഭാ മണ്ഡലങ്ങളിലും അന്ന് എല്‍ഡിഎഫ് മൂന്നാമതായതും സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു. തെറ്റ് തിരുത്തി മുന്നേറും എന്നായിരുന്നു തോല്‍വിക്ക് ശേഷം പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന് പറഞ്ഞത്. സിപിഎം ആ തെറ്റ് തിരുത്താന്‍ നോക്കിയത് പ്രീണനത്തിന്റെ പുതിയ വേര്ഷനുമായിട്ടായിരുന്നു. എന്ത് വിലകൊടുത്തും ഭൂരിപക്ഷ വോട്ട് ബാങ്ക് തിരിച്ചുപിടിക്കണം, ചോര്‍ച്ച അടയ്ക്കണം. അയ്യപ്പ സംഗമം എന്ന ആശയം തന്നെ അതിന്റെ ഭാഗമായിരുന്നു. അത് ചെന്നവസാനിച്ചതാകട്ടെ കേരളം ഞെട്ടിയ ശബരിമല സ്വര്‍ണക്കൊള്ളയിലും. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ പിണറായി വിജയന് ജമാഅത്തെ ഇസ്ലാമി ബന്ധം ചൂണ്ടിക്കാട്ടി പാണക്കാട് തങ്ങളെ നിരന്തരം വിമര്‍ശിക്കുന്ന സാഹചര്യമുണ്ടായി. അതിന് തീവ്രത കൂട്ടി വെള്ളാപ്പള്ളി നടേശന്റെ പല പ്രസ്താവനകളും പിന്നാലെ വന്നു. സിപിഎമ്മിന്റെ നാവായി വെള്ളാപ്പള്ളി മാറുന്നുവെന്ന വിമര്‍ശനവും ഗൗനിച്ചില്ല. കോഴിക്കോട് മാന്‍ഹോളില്‍ വീണവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച നൗഷാദിന്റെ കുടുംബത്തെ സര്‍ക്കാര്‍ സഹായിച്ചത് മുസ്ലീമായതിനാലാണെന്ന് പറഞ്ഞ വെള്ളാപ്പള്ളിയെ രൂക്ഷമായി വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിയ പിണറായി വിജയന് കാലമേറെ കഴിഞ്ഞപ്പോള്‍ അയ്യപ്പസംഗമത്തിന് ഒരേ കാറില്‍ വെള്ളാപ്പള്ളിക്കൊപ്പം വന്നിറങ്ങുന്നതും കേരളം കണ്ടു. കോവിഡ് കാലത്തെ കരുതലിനൊപ്പം സോഷ്യല്‍ എന്‍ജിനീയറിങ് സമര്‍ഥമായി പരീക്ഷിച്ച് തുടര്‍ഭരണത്തിന് അടിത്തറയൊരുക്കിയ പിണറായി വിജയന് സമീപകാലത്ത് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ തിരിച്ചടിക്കുന്നത് സിപിഎമ്മിനെ വല്ലാതെ ആശക്കുഴപ്പത്തിലാക്കുന്നുണ്ട്. ബിജെപിവിരുദ്ധതയുടെ ചാമ്പ്യന്‍പട്ടത്തിനായി എല്‍ഡിഎഫും യുഡിഎഫും മത്സരിച്ച ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനം യുഡിഎഫിന് കൈകൊടുത്തു. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയവും എഡിജിപി എം.ആര് അജിത്കുമാറിന്റെ ആര്‍എസ്എസ് നേതാവുമായുള്ള ദുരൂഹമായ കൂടിക്കാഴ്ചയും തൃശൂര്‍ പൂരം അലങ്കോലമാക്കാന്‍ നീക്കം നടന്നുവെന്ന ആരോപണവും സുരേഷ് ഗോപി ആംബുലന്‍സില്‍ പൂരപ്പറമ്പില്‍ എത്തിയതും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളും അതില്‍ കേന്ദ്ര അന്വേഷണത്തിലെ മെല്ലപ്പോക്കും അതില്‍ ലാവലിന്‍ കേസ് തന്നെ മാറ്റിവച്ചത് 40 ലേറെ തവണ. മലപ്പുറത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ പരാമര്‍ശവും ഏറ്റവും ഒടുവില്‍ പിഎം ശ്രീയില്‍ ഒപ്പിടാന്‍ കാണിച്ച ധൈര്യവും സിപിഎം-ബിജെപി അന്തര്‍ധാര സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫിന് ആയുധങ്ങള്‍ ഏറെയായിരുന്നു. ഈ പരിസരത്തിലാണ് ഷാഫി പറമ്പില്‍ യുഡിഎഫിന്റെ സ്റ്റാര്‍ കാമ്പയിനറായി വളര്‍ന്നതും. തദ്ദേശ തിരഞ്ഞെടുപ്പില്‍ മലബാറിലും വടക്കന്‍ കേരളത്തിലും പല വാര്‍ഡുകളിലും സ്ഥാനാര്‍ഥികളുടെ ഫ്ളെക്സില്‍ പോലും ഷാഫി ഇടംപിടിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫില്‍ ലീഗാവും ഏറ്റവും വലിയ കക്ഷിയെന്നതും കുഞ്ഞാലിക്കുട്ടിയുടെ വരവും യുഡിഎഫിന് ഉണ്ടാക്കിയ പരിക്ക് ചെറുതായിരുന്നില്ല. മുസ്ലിം വോട്ടിന് ലീഗിനെ മാത്രം ആശ്രയിക്കുന്നതില്‍ നിന്ന് ഷാഫിയുടെ വളര്‍ച്ച കോണ്‍ഗ്രസിന് മലബാറില്‍ നല്കുന്ന സ്വീകാര്യത ചെറുതല്ല. ഷാഫിയുടെ സര്‍പ്രൈസ് സ്ഥാനാര്‍ഥിത്വത്തിന് പിന്നാലെ മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ലോക്സഭാ മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ചത് ഒരുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. ക്രൗഡ്പുള്ളറായുള്ള ഷാഫിയുടെ വളര്‍ച്ചയും സാന്നിധ്യവും മലബാറിലും വടക്കന്‍ കേരളത്തിലെ രാഷ്ട്രീയത്തിലും ചലനങ്ങളുണ്ടാക്കാന്‍ പോന്നതാണ്.
യുഡിഎഫ് പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് നേടിയതെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ നാളിതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാകും. എല്ലാവരും 2010 ഉദാഹരിക്കുമ്പോഴും വി.എസ്-പിണറായി പോര് പാര്‍ട്ടിയില്‍ കത്തിനിന്നിരുന്ന കാലമായിരുന്നു അത് എന്നതും കൂട്ടിവായിക്കേണ്ടതുണ്ട്. ഇത്തവണ വാര്‍ഡ് വിഭജനമടക്കമുള്ള പ്രതികൂല ഘടകങ്ങളെ അതിജീവിച്ചാണ് യുഡിഎഫ് ഈ വിജയം കൊയ്തത്. കോണ്‍ഗ്രസിലാകട്ടെ തലമുറമാറ്റം ക്രമേണ സംഭവിച്ചു. കാലത്തിനൊത്ത് അജണ്ടകള്‍ സെറ്റ് ചെയ്യുന്ന യുവനേതാക്കളുടെ വരവ് അവര്‍ക്ക് ഊര്‍ജമായി. സതീശന്റെ മിഷന് 2026 ലേക്കുള്ള ആദ്യ പകുതി അവര്‍ വിജയകരമായി പിന്നിട്ട് കഴിഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം തന്നെ പ്രഖ്യാപിച്ച സതീശന്റെ ക്യാപ്റ്റന്‍സിക്കൊപ്പം ക്രിസ്ത്യന്‍ വോട്ട് ബാങ്ക് തിരിച്ചുപിടിക്കാന്‍ സണ്ണി ജോസഫിനെ അവരോധിച്ചതും യുഡിഎഫിന് മുതല്‍ക്കൂട്ടായി. മെറിറ്റിനപ്പുറം സമുദായസന്തുലനം നോക്കിയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ പോലും അവര്‍ നിശ്ചയിച്ചത്. ഏത് തിരഞ്ഞെടുപ്പിലും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന രീതിയില്‍ മാറ്റംവന്നു. എ ഗ്രൂപ്പ് ഐ ഗ്രൂപ്പ് അച്ചുതണ്ടുകള്‍ ഇല്ലാതായി. ഒരിക്കല്‍ കൂടി തോറ്റാല്‍ ഇനി ബാക്കിയുണ്ടാവില്ല എന്ന തിരിച്ചറിവില്‍ നേതാക്കള്‍ ഐക്യത്തോടെ നയിച്ചു. കല്പറ്റയിലെ കോണ്‍ക്ലേവ് അനുസരിച്ച് ജനസ്വീകാര്യതയുള്ളവരെ സ്ഥാനാര്‍ഥികളാക്കി. ചെറുപ്പക്കാരെ ഏറ്റവും കൂടുതല്‍ മത്സരിപ്പിച്ചതും ഇത്തവണ കോണ്‍ഗ്രസായിരുന്നു. സാധാരണയില്‍ കവിഞ്ഞ ലീഗ്-കോണ്‍ഗ്രസ് ഐക്യവും ഇരട്ടി ആത്മവിശ്വാസം നല്കി. മലപ്പുറം ജില്ലയില്‍ എക്കാലവും അപ്രമാദിത്വമുണ്ടാകാറുണ്ടെങ്കില് ഇത്തവണ കേവലം ആറ് തദ്ദേശ സ്ഥാപനങ്ങള്‍ ഒഴികെ സമ്പൂര്‍ണ വിജയമാണ് നേടിയത്. യുഡിഎഫ് കേരളം ഭരിച്ചപ്പോഴൊക്കെ അതിന് ചാലകശക്തിയായ മധ്യകേരളം ഒപ്പം നിന്ന ചരിത്രമാണുള്ളത്. മധ്യകേരളം പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഏറക്കുറെ 80 ശതമാനത്തിലേറെയാണ് ഇത്തവണ യുഡിഎഫിന്റെ വിജയം. ക്രൈസ്തവ വോട്ടുബാങ്കില്‍ കടന്നുകയറാമെന്ന ബിജെപി മോഹത്തിനും ഇത്തവണ തിരിച്ചടിനേരിട്ടു. ചത്തീസ്ഗഢില്‍ കന്യാസ്ത്രീ അഴിക്കുള്ളിലായ സംഭവവും അതില്‍ സജീവമായി ഇടപെട്ടതും യുഡിഎഫിന് ഇത്തവണ അനുകൂലമായി. ബിജെപി പ്രതീക്ഷകള്‍ക്ക് തൃശൂര്‍ കോര്‍പ്പറേഷനിലും മധ്യകേരളത്തിലും തിരിച്ചടിക്ക് കാരണമായതും ഈ വിഷയമാണ്.
അതേസമയം, തെക്കന്‍ കേരളത്തിലാണ് ബിജെപി ഇത്തവണയും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. തിരുവനന്തപുരം കോര്പ്പറേഷന് എല്‍ഡിഎഫില്‍നിന്ന് ബിജെപി പിടിച്ചതിന് രാഷ്ട്രീയമാനം ഏറെയാണ്. മൂന്നാം സ്ഥാനത്താണെങ്കിലും യുഡിഎഫ് കരുത്ത് വീണ്ടെടുത്ത് സീറ്റ് ഇരട്ടിയാക്കിയ ഇടത്താണ് എല്‍ഡിഎഫ് വലിയ തിരിച്ചടി നേരിട്ടത്. ആലപ്പുഴ ജില്ലയില്‍ മാവേലിക്കരയിലും ചെങ്ങന്നൂരിലും എല്‍ഡിഎഫ് എന്‍ഡിഎക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. ജില്ലയിലാകെ 238 വാര്‍ഡുകളിലാണ് എന്‍ഡിഎ ജയിച്ചത്. കൊല്ലത്തും 200 ഓളം വാര്‍ഡുകളില്‍ ജയിച്ചു. തിരുവനന്തപുരത്ത് അത് 300 കടന്നു. ശബരിമല മുഖ്യവിഷയമായ പത്തനംതിട്ട ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളില്‍ സിപിഎമ്മിന്റെ പകുതിയില്‍ കൂടുതല്‍ വാര്‍ഡുകളില്‍ എന്‍ഡിഎ ജയിച്ചതും ശ്രദ്ധേയമാണ് കോഴിക്കോട് കോര്‍പ്പറേഷനില്‍ ബിജെപി സീറ്റ് ഇരട്ടിയാക്കിയപ്പോള്‍ 50 വര്‍ഷത്തോളം ഭരിച്ച എല്‍ഡിഎഫിന് ഒപ്പം ഇഞ്ചോടിച്ച് പോരാട്ടമാണ് യുഡിഎഫ് കാഴ്ചവെച്ചത്. തിരുവനന്തപുരത്തെ വിജയം അടുത്ത തവണ നേമം, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം സീറ്റുകളിലെ ജനവിധിയെ പോലും സ്വാധീനിക്കാന്‍ പോന്നതാണ്.
പെന്‍ഷനും ക്ഷാമബത്തയും അലവന്‍സും കൂട്ടി, സ്ത്രീകള്‍ക്കുള്ള പാക്കേജും യുവാക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പും- തദ്ദേശ തിരഞ്ഞെടുപ്പ് വിജയിക്കാന്‍ ഇത് ധാരാളം എന്ന കണക്കുകൂട്ടലിലായിരുന്നു എല്‍ഡിഎഫ്. മിനി ബജറ്റായിരുന്നു ജനരോഷത്തെ മറികടക്കാന്‍ എല്‍ഡിഎഫ് കണ്ട ഒറ്റമൂലി. ഒപ്പം അടിസ്ഥാനസൗകര്യരംഗത്തെ വികസനവും ദേശീയപാതയും വോട്ടുകൊണ്ടുവരുമ്പോള് സേഫ് സോണിലെത്താം. മൂന്നാം ടേമിലേക്ക് ട്രാക്കിലാകാം.. എന്നാല്‍, മനക്കോട്ട തകര്‍ത്ത് കോട്ടകൊത്തളങ്ങള്‍ വരെ കൈവിട്ട് എല്‍ഡിഎഫ് വന്‍ തിരിച്ചടിനേരിടുന്നു. ജനം ഒന്നും മറക്കാനും പൊറുക്കാനും തയ്യാറല്ല എന്ന് ഫലം അടിവരയിടുന്നു. വിവാദങ്ങളില്‍നിന്ന് വിവാദങ്ങളിലേക്കുള്ള പോക്കും അഴിമതി ആരോപണങ്ങളെ നിസ്സാരവത്കരിക്കുന്ന ശൈലിയും മുഖ്യമന്ത്രി കല്പിക്കുന്ന രക്ഷാപ്രവര്‍ത്തനവും ശബരിമലയില്‍ ഒരിക്കല്‍ കൈപൊള്ളിയ എല്‍ഡിഎഫ് അതില്‍ പാഠംപഠിച്ച് മാപ്പിരന്നും കിറ്റ് നല്‍കിയുമാണ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ക്ഷീണം മറന്ന് 2020-ല്‍ തദ്ദേശവും പിന്നാലെ തുടര്‍ഭരണവും നേടിയത്. എന്നാല്‍, അഞ്ച് വര്‍ഷത്തിന് ശേഷം ശബരിമലയിലെ സ്വര്‍ണപ്പാളി മോഷണം വിശ്വാസികളുടെ ക്ഷമപരീക്ഷിക്കുന്നതായി. കേവലം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ബലാത്സംഗവും ഗര്‍ഭചിദ്രവും ഉയര്‍ത്തി വിവാദങ്ങളുടെയും അഴിമതി ആരോപണങ്ങളുടെ കറ മായ്ക്കാമെന്ന മോഹവും അസ്ഥാനത്തായി. വികസനവും ക്ഷേമവും ദേശീയപാതയുമെല്ലാം ട്രംപ് കാര്‍ഡാക്കി തുടര്‍ഭരണം എന്നതിലേക്ക് മാത്രമായി എല്‍ഡിഎഫ് ഊന്നുമോ അതോ പ്രീണനത്തിന്റെ പുതിയ വേര്‍ഷനാകുമോ സെറ്റ് ചെയ്യുക എന്നതാണ് ഇനി കണ്ടറിയേണ്ടത്.
Content Highlights: Kerala`s local body election results. UDF saw significant gains and LDF faced major setbacks, impacting future political dynamics.
Published: 14 Dec 2025, 02:28 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented