വർക്കല: വെള്ളാപ്പള്ളി നടേശനെതിരേ അതിരൂക്ഷ വിമർശനവുമായി ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികൾ. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾമൂലം മറ്റ് മതവിഭാഗക്കാർ ഈഴവ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാത്ത അവസ്ഥയായി. വെള്ളാപ്പള്ളി പറയുന്നത് അദ്ദേഹത്തിന്റെ സംസ്‌കാരം. തനിക്ക് അതിന് അനുസരിച്ച് മറുപടി പറയാൻ കഴിയില്ല. പിന്നാക്ക വിഭാഗങ്ങളെ പരിഗണിക്കണമെന്ന ശിവഗിരിമഠത്തിന്റെ ആവശ്യം ഒരു മുന്നണിയും പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഇലക്ഷൻ ബസ് യാത്രയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

To advertise here,

മുന്നണികൾ സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ചു കഴിഞ്ഞു, അത് കണ്ടിട്ട് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന്- അധഃസ്ഥിത, പിന്നാക്ക ജനവിഭാഗങ്ങളെ സമുദ്ധരിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് കാലഘട്ടത്തെ സംബന്ധിച്ച് ഏറ്റവും അനിവാര്യമാണ്. ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തി അങ്ങനെയുള്ള ഒരു നവോത്ഥാന പ്രക്രിയയുമായി മുന്നോട്ടു പോയെങ്കിൽ ഇന്ന് അധഃസ്ഥിത, പിന്നാക്ക ജനവിഭാഗങ്ങൾ രാഷ്ട്രീയമായി പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ആവശ്യം ഉന്നയിച്ചത് രാഹുൽ ഗാന്ധിയോടു മാത്രമല്ല, എൽഡിഎഫിനോടും എൻഡിഎയോടും പറഞ്ഞിരുന്നു. ശിവഗിരി മഠത്തിന്റെ അഭിപ്രായം മാനിക്കുന്നു, നടപ്പിലാക്കുമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകിയതായി പത്രങ്ങളിൽ വായിച്ചിരുന്നു. എന്നാൽ, സ്ഥാനാർഥിപട്ടിക കണ്ടപ്പോൾ അവർക്ക് നീതി ലഭിച്ചെന്ന് പറയാൻ സാധിക്കില്ല, സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു.

അടൂർ പ്രകാശിനും കെ. സുധാകരനും സീറ്റ് കൊടുക്കാതിരുന്നത് അനീതിയാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന്- താൻ വാസ്തവത്തിൽ പറഞ്ഞത് ഒരു സമുദായത്തിന്റെ കാര്യമല്ല. പിന്നാക്ക ജനസമുദായങ്ങൾക്കെല്ലാം- ഈഴവരുണ്ട്, ധീവരരുണ്ട്, വിശ്വകർമജരുണ്ട്. അതുപോലെ എസ്‌സി-എസ്ടി സമുദായങ്ങളുമുണ്ട്. അതിൽ ഈഴവ സമുദായത്തിന് കുറച്ച് സീറ്റുകൾ കിട്ടിയിട്ടുണ്ട്. എന്നാൽ, വിശ്വകർമജർക്ക് ഒരു സീറ്റുപോലും കിട്ടിയിട്ടില്ല. ധീവരർക്കും വേണ്ടവണ്ണം കിട്ടിയിട്ടില്ല. ഇത് ശരിയായ നയമാണെന്ന് അഭിപ്രായമില്ലെന്നും സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു.

തന്റെ അഭിപ്രായത്തിനെതിരേ വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവനകൾ കേട്ടിരുന്നെന്നും സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു. വെള്ളാപ്പള്ളിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിനൊരു സംസ്‌കാരമുണ്ട്. ശീലിച്ചുവന്ന സംസ്‌കാരം. ആ സംസ്‌കാരംവെച്ച് തനിക്ക് പ്രതികരിക്കാൻ സാധിക്കില്ലെന്നും സ്വാമികൾ പറഞ്ഞു. വെള്ളാപ്പള്ളിയുടെ നിലപാടുകൾ ഈഴവരാദി പിന്നാക്ക ജനവിഭാഗങ്ങൾക്ക് ഏറെ ദോഷം ചെയ്യുന്നു എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. എല്ലാ സമുദായങ്ങളെയും ശത്രുതലത്തിലാക്കി. അവരെ കുറിച്ചെല്ലാം കുറ്റങ്ങൾ പറഞ്ഞു. ഫലത്തിൽ എന്ത് സംഭവിക്കുന്നു? ഈഴവ സമുദായം അടക്കമുള്ള പിന്നാക്കസമുദായ സ്ഥാനാർഥികൾ നിൽക്കുമ്പോൾ മറ്റ് സമുദായങ്ങൾ വോട്ട് ചെയ്യാറില്ല. അവർ തോറ്റുപോകുന്നു, സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു.

രാഹുൽ ഗാന്ധി പുതുയുഗയാത്രയുടെ സമാപനസമ്മേളനത്തിൽ പങ്കെടുക്കാൻ വന്ന സമയത്താണ് 18 പേരുകൾ ശിവഗിരിമഠം അദ്ദേഹത്തിന് കൈമാറിയത്. ഈ നടപടിയെ വെള്ളാപ്പള്ളി നടേശൻ രൂക്ഷമായി വിമർശിച്ചിരുന്നു.