
ശബരിമല വിധിയിലെ പുനഃപരിശോധന സുപ്രീംകോടതിയിലെ ഒൻപതംഗ ബെഞ്ച് പരിഗണിക്കാനിരിക്കെ ക്ഷേത്രത്തിൽ യുവതീപ്രവേശം അനുവദിക്കരുതെന്ന നിലപാട് എടുക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിനിടെ മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻ പിള്ള എഴുതിയ ശബരിമല സമരവും സുവർണാവസര വിധിയുമെന്ന പുസ്തകവും ചർച്ചയാകുന്നുണ്ട്. സുവർണാവസര പ്രസ്താവനയിൽ അന്ന് വലിയ വിവാദത്തിലായിരുന്നു ശ്രീധരൻ പിള്ള. അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
വീണ്ടും ശബരിമല വിഷയം സജീവമായി ചർച്ചയാകുന്നുണ്ട്. താങ്കളുടെ ഒരു പുസ്തകവും ഇറങ്ങിയിട്ടുണ്ട്, ശബരിമല സമരവും സുവർണാവസര വിധിയും. ഇതിൽ ശബരിമലയിൽ യുവതികൾ പ്രവേശിക്കാൻ വന്നപ്പോൾ നടയടച്ചിടാൻ താങ്കൾ ഉപദേശം നൽകിയെന്നും പറയുന്നുണ്ട്. എന്തായിരുന്നു ശരിക്കും അന്ന് സംഭവിച്ചത്?
2018 സെപ്റ്റംബർ 28 നാണ് സുപ്രീംകോടതി വിധി വന്നത്. ആ വിധി വന്ന ഉടനെ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരും അതിനെ സ്വാഗതം ചെയ്തുകൊണ്ട് വിധി നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ചു. ഉടൻ ബിജെപി സമരരംഗത്തും ഇറങ്ങി. ഇതാണ് അതിന്റെ പശ്ചാത്തലം. ഇതിനിടെയാണ് തന്ത്രിയുമായി ബന്ധപ്പെടുന്നത്. എന്ത് വിലകൊടുത്തും ശബരിമലയിൽ സ്ത്രീകളെ കയറ്റുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. മാത്രമല്ല, സ്ത്രീകൾ വന്നാൽ ഒരിക്കലും നട അടയ്ക്കില്ലെന്നും പരിഹാരക്രിയകൾ നടത്തില്ലെന്നും അദ്ദേഹത്തെകൊണ്ട് പറയിപ്പിച്ചു.
ഇത് കഴിഞ്ഞ് പിറ്റേ ദിവസം രാവിലെയാണ് കവിത എന്ന് പേരുള്ള കേരളത്തിന് പുറത്തുള്ള ഒരു യുവതിയെയും അതുപോലെ രഹനാ ഫാത്തിമ എന്ന മറ്റൊരു യുവതിയെയും പോലീസ് യൂണിഫോം ധരിപ്പിച്ച് പോലീസ് അകമ്പടിയോടുകൂടി എല്ലാ പഴുതുകളും അടച്ച് ശബരിമലയിലെത്തിക്കാനുള്ള ശ്രമം സർക്കാർ നടത്തിയത്. ഭക്തജനങ്ങൾ തടഞ്ഞെങ്കിലും അവർ പതിനെട്ടാം പടിക്ക് അടുത്തുവരെ എത്തി. നടപ്പന്തലിൽ എത്തിയ സമയത്ത് വേറെ മാർഗമുണ്ടായിരുന്നില്ല. അത് മനസ്സിലായപ്പോൾ പ്രമുഖനായ ഒരു സമുദായ സംഘടനയുടെ നേതാവ് എന്നെ വിളിച്ചു. ഇനി രക്ഷയില്ലെന്നും ഇതിന്റെ നിയമവശം തന്ത്രിയോട് സംസാരിക്കണമെന്നുമായിരുന്നു പറഞ്ഞത്. ഇതോടെ ഞാൻ അങ്ങോട്ട് വിളിക്കില്ലെന്നും ആവശ്യമുണ്ടെങ്കിൽ അവിടുന്ന് ഇങ്ങോട്ട് വിളിച്ചാൽ കാര്യം പറയാമെന്നും ഞാൻ പറഞ്ഞു. അങ്ങനെ നട അടച്ചിടാൻ ഉപദേശം നൽകി.
ഒരിക്കലും കോടതിയലക്ഷ്യം നിൽക്കില്ല എന്ന് എനിക്കറിയാമിരുന്നു. കാരണം ശബരിമലയുടെ പരിശുദ്ധിയും ആചാരാനുഷ്ഠാനങ്ങളും നിലനിർത്തേണ്ട പ്രാഥമികമായ ബാധ്യത തന്ത്രിയിലാണ്. പിതൃസ്ഥാനിയനാണ്. അതുകൊണ്ട് ധൈര്യമായിട്ട് മുന്നോട്ട് പോകാമെന്ന് പറഞ്ഞു. എന്തെങ്കിലും പ്രശ്നം വന്നാൽ ഞാനായിരിക്കും ആദ്യം ജയിലിൽ പോവുകയെന്നും അറിയിച്ചു. ഇതോടെയാണ് എന്റെ വാക്ക് വിശ്വസിച്ച് തന്ത്രി നട അടച്ചത്.
അങ്ങനെ വന്നതോടുകൂടി ആ പദ്ധതി പരാജയപ്പെട്ടു. ഇല്ലായിരുന്നെങ്കിൽ സ്ത്രീകൾ മല കയറുമായിരുന്നു. അങ്ങനെ സംഭവിച്ചാൽ ഈ വിഷയം തന്നെ മാറുമായിരുന്നു. സുപ്രീംകോടതി വിധി നടപ്പിലാവുമായിരുന്നു.
അടുത്ത ദിവസം വേറൊരു സംഭവം നടന്നു. പദ്ധതി പൊളിക്കാൻ തന്ത്രിയും ഞാനും കൂടി ഗൂഢാലോചന നടത്തിയെന്നും ഞങ്ങൾക്കെതിരെ ക്രിമിനൽ കേസ് എടുക്കുമെന്നും മുഖ്യമന്ത്രിയും മന്ത്രിസഭയും ദേവസ്വം ബോർഡും പ്രഖ്യാപിച്ചു. പക്ഷേ, ഒരു തെളിവും ലഭിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. കാരണം തന്ത്രി ഞാനുമായി സംസാരിച്ചെങ്കിലും അത് എന്റെ ഫോണിലായിരുന്നില്ല. തന്ത്രി വിളിച്ചതും വേറൊരാളുടെ ഫോണിലാണ്. മാത്രമല്ല, ഞാനുമായി സംസാരിച്ചില്ലെന്ന് തന്ത്രിയും മൊഴി നൽകി. തന്ത്രിയോടാണോ സംസാരിച്ചതെന്ന് എനിക്ക് ഉറപ്പില്ലെന്നും സന്നിധാനത്ത് നിന്ന് ആരോ സംസാരിച്ചപ്പോൾ മറുപടി പറഞ്ഞതാണെന്ന് ഞാനും വ്യക്തമാക്കി. ഇതോടെ കേസെടുക്കാനായില്ല. അങ്ങനെ ആ നീക്കം പരാജയപ്പെട്ടു. ഇതിന്റെ മുഴുവൻ വൈരാഗ്യവും ഇപ്പോഴും തന്ത്രിയോട് ഉണ്ട്. ശബരിമലയിലെ തന്ത്രിസ്ഥാനം തന്നെ ഇല്ലാതാക്കി എല്ലാം അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നത്. പക്ഷേ, ഒന്നും നടന്നില്ല എന്നതാണ് സത്യം.
യുവതികളെ കയറ്റുക എന്നത് സുപ്രീം കോടതി വിധി ആയിരുന്നല്ലോ അത് കോടതിയലക്ഷ്യമാവില്ലെന്ന് ഉറപ്പുണ്ടായിരുന്നോ?
ഉണ്ടായിരുന്നു. അതുകൊണ്ടാണല്ലോ സിപിഎമ്മുകാരായ രണ്ടുപേർ കൊടുത്ത് കേസ് സുപ്രീംകോടതി വരെ എത്തിയിട്ടും തള്ളിപ്പോയത്.
താങ്കളുടെ വാർത്ത കൊടുക്കുമ്പോഴൊക്കെ വരുന്ന പ്രധാന കമന്റുകൾ സുവർണാവസരം എന്ന് താങ്കൾ അന്ന് പറഞ്ഞ വാക്കിനെ പറ്റിയാണ്. ശരിക്കും നിങ്ങൾ പറഞ്ഞ വാക്കിനെ തെറ്റിദ്ധരിപ്പിച്ചതാണോ?
അത് വളരെ സംഘടിതമായി ഇടതുപക്ഷ മാധ്യമങ്ങൾ എനിക്കെതിരെ നടത്തിയ ഒരു ഗൂഢാലോചനയാണ്. അത് പിന്നീട് കോൺഗ്രസ് ഏറ്റെടുത്തു. ഈ വാക്കിന്റെ പേരിൽ എനിക്കെതിരെ കേസെടുത്തു. പക്ഷേ, ഞാൻ ജാമ്യം പോലും എടുക്കാൻ പോയില്ല. കാരണം ഈ കേസും എവിടെയുമെത്തില്ലെന്ന് എനിക്കറിയാമായിരുന്നു. ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ കോടതിയിൽ കേസ് വന്നപ്പോൾ ആദ്യ പരിഗണനയിൽ തന്നെ തള്ളിപ്പോയി. ഇവിടെ കോൺഗ്രസ് പാർട്ടിയുടെ വഞ്ചന ഞാൻ ആവർത്തിച്ചു പറയാൻ ആഗ്രഹിക്കുകയാണ്. 2018 സെപ്റ്റംബർ 28ന് വിധി വന്നതിന് ശേഷം ഒക്ടോബർ അഞ്ചാം തീയതി തന്നെ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്തനംതിട്ടയിൽ ഈ വിധിക്കെതിരെ ഭക്തജനങ്ങൾക്ക് വേണ്ടി ഉപവാസമിരുന്നു. പക്ഷേ എട്ടാം തീയതി എഐസിസിയുടെ നിർദേശം അനുസരിച്ച് ആ സമരത്തിൽ നിന്ന് പിന്മാറി. ഈ നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോയെന്ന് കോൺഗ്രസ് നേതാക്കൾ പറയണം. അല്ലെങ്കിൽ തെറ്റ് പറ്റിയെന്ന് തുറന്ന് പറയണം. ഈ കേസുമായി ബന്ധപ്പെട്ട് എനിക്കും തന്ത്രിക്കുമെതിരെ നിലപാടെടുക്കാൻ ഭരണകൂടത്തെക്കാൾ മുന്നിൽ നിന്നത് കോൺഗ്രസ് നേതാക്കളായിരുന്നു.
സുവർണാവസര വിവാദ സമയത്ത് താങ്കളായിരുന്നല്ലോ ബിജെപി സംസ്ഥാന അധ്യക്ഷൻ. വലിയ രീതിയിൽ ബിജെപിക്ക് ഗുണം കിട്ടേണ്ട ഒരു സമരങ്ങളൊക്കെ ആയിരുന്നു അത്. പക്ഷേ അത് വേണ്ടപോലെ ഗുണം ചെയ്തില്ല എന്ന് തോന്നുന്നുണ്ടോ?
അതിന്റെ കാരണങ്ങളെപറ്റി ഞാൻ പറയുന്നില്ല. അങ്ങനെ വന്നാൽ അത് മലർന്നുകിടന്ന് തുപ്പുന്നതിന് തുല്യമാവും. ഞാൻ അതിലേക്കില്ല. അന്ന് മുഖ്യമന്ത്രി പോലും ഇത് നവോത്ഥാനമാണെന്ന് പറഞ്ഞു. വലിയ നീക്കം നടത്തി. പക്ഷേ, പിന്നീട് പോലീസിന്റെ അതിക്രമങ്ങളെല്ലാം ഉണ്ടായപ്പോൾ അക്രമത്തിന്റെ ലാഞ്ചന ഉണ്ടായി. ഞാൻ അതിനെ പറ്റി കൂടുതൽ ഒന്നും പറയുന്നില്ല.
തിരഞ്ഞെടുപ്പ് കാലമാണ് വരുന്നത് താങ്കൾ മത്സരംരംഗത്ത് ഉണ്ടോ?
ഞാൻ മത്സരിക്കില്ല എന്ന് എന്നോട് ആവശ്യപ്പെട്ട ഉന്നതരായ ആൾക്കാരോടെല്ലാം പറഞ്ഞിട്ടുണ്ട്. എന്റെ ജീവിതത്തിൽ ഞാനൊരിക്കലും ഒരു സ്ഥാനാർഥിയാവാനോ, പാർട്ടിയിൽ സ്ഥാനം നൽകാനോ ആരോടും ആവശ്യപ്പെട്ടില്ല. ഗവർണർ ചുമതല പൂർത്തിയാക്കി തിരിച്ചു വന്നതിനുശേഷം ഇപ്പോൾ 12 പുസ്തകങ്ങളെഴുതി. ഈ നാലു മാസം കൊണ്ട് എനിക്കതിന് സാധിച്ചപ്പോൾ വലിയ സംതൃപ്തിയാണ് ലഭിച്ചത്. മത്സരിക്കാനൊക്കെ ആവശ്യപ്പെട്ടിരുന്നു
പക്ഷേ, ഞാൻ അതിന് തയ്യാറല്ല. എന്നാൽ ഇത് രാഷ്ട്രീയത്തിൽ നിന്നള്ള എന്റെ വിരമിക്കലൊന്നുമല്ല. കൂടുതൽ ആക്ടീവ് ആകാനുള്ള ശ്രമമാണ്. ഉടൻ വക്കീൽ പ്രാക്ടീസിലേക്കും പോവും. അപ്പോൾ ഞാനെടുക്കുന്നത് മുൻപത്തേക്കാൾ വലിയ എഫേർട്ട് ആണ്. അതിന്റെ കൂടെ രാഷ്ട്രീയ പ്രവർത്തനവും തുടരും എനിക്കതിന് വലിയ സ്ഥാനമൊന്നും ആവശ്യമില്ല.
ഏറെ കാലമായി ബിജെപി കേരളത്തിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, ഇടക്കാലത്താണ് ഒന്ന് ശരിയായി വരുന്നത്. ആ സമയത്ത് താങ്കളെ പോലെയുള്ള ഒരാൾ മത്സരിക്കുന്നില്ല എന്ന് പറയുന്നത് ശരിയാണോ?
മത്സരം എന്നത് വ്യക്തിനിഷ്ഠമാണ്. അധികാരം ഒരു ലഹരിയായി കൊണ്ടുനടക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്. പണ്ട് രാഷ്ട്രീയം എല്ലാം അങ്ങോട്ട് കൊടുക്കുന്നവരുടേതായിരുന്നു. എന്നാൽ, ഇന്നതിന് മാറ്റം വന്നു. ഞാനിതൊക്കെ ചെയ്തു എനിക്ക് സ്ഥാനാർഥിത്വം തരണം, അല്ലെങ്കിൽ എന്നെ കമ്മിറ്റികളിലേക്ക് നോമിനേറ്റ് ചെയ്യണം എന്നൊക്കെ നിർബന്ധിക്കുന്ന അവസ്ഥയിലേക്ക് പോയി. ഇത് എല്ലാ രാഷ്ട്രീയ പാർട്ടികളിലുമുണ്ട്. അത് ജനാധിപത്യത്തിൽ നല്ലതല്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പാർട്ടിക്ക് ആവശ്യമുള്ള ഏതു കാര്യത്തിനും എന്റെ പ്രൊഫഷനോ എന്റെ എഴുത്തോ ഒന്നും ബാധകമല്ല, ഞാൻ കൂടെ ഉണ്ടാകും. സുവർണാവസരം എന്ന പ്രസ്താവനയുടെ വിശദീകരണം എന്ന രീതിയിലാണ പുസ്തകത്തിന് ശബരിമല സമരവും സുവർണാവസര വിധിയും എന്ന് പേരിട്ടത്. സുവർണാവസരം ഇപ്പോഴും ചർച്ച ചെയ്യുന്നുണ്ട്. പക്ഷേ, ഞാൻ പറഞ്ഞതിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
സുവർണാവസരം എന്നത് നല്ല പദമാണ്. അതിനെ വാസ്തവത്തിൽ അപമാനിക്കരുത്, ഉപയോഗപ്പെടുത്തണം. വെല്ലുവിളികളെ അവസരമാക്കി മാറ്റുന്നതാണ് രാഷ്ട്രീയം.
ശബരിമല യുവതീ പ്രവേശനം കഴിഞ്ഞു ഇപ്പോൾ ശബരിമല സ്വർണക്കൊള്ള വലിയ വലിയ ചർച്ചയാണ് താങ്കളുടെ ഒരു ബോധ്യം എന്താണ്?
വലിയ പ്രതീക്ഷയായിരുന്നു എനിക്ക് അന്വേഷണത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ആ പ്രതീക്ഷ പൂർത്തിയാക്കാൻ സാധിക്കുമോ എന്ന സംശയത്തിലാണ്. കാരണം തന്ത്രിയുടെ അറസ്റ്റും ജാമ്യവുമാണ്. ഒരു തെളിവുമില്ലാത്ത കേസിലാണ് 41 ദിവസം വരെ അദ്ദേഹത്തെ ജയിലിലിട്ടത്. തെളിവിന്റെ അംശം പോലും വിദൂരമായി പോലുമില്ല എന്ന് പറഞ്ഞ് കോടതി എല്ലാ ഫയലും പരിശോധിച്ചാണ് തന്ത്രിക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണം നടത്തുന്ന എസ്ഐടിയും കേരള പോലീസിന്റെ ഭാഗമാണ്. അവർ എന്ത് കോടതിയിൽ പറഞ്ഞാലും അത് പൂർണമായും വിശ്വസിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ടാണ് ഞങ്ങളുടെ സംസ്ഥാന അധ്യക്ഷൻ തന്നെ സിബിഐ അന്വേഷണം വേണമെന്ന് പറയുന്നത്.
തന്ത്രി എപ്പോഴും അയ്യപ്പനുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആളാണെങ്കിലും അദ്ദേഹത്തിന് അവിടെയുള്ള ആചാരാനുഷ്ഠാനങ്ങളിലും ആത്മീയ കാര്യങ്ങളിലുമാണ് ഉത്തരവാദിത്തം. മറ്റുള്ള കാര്യത്തിൽ ഉത്തരവാദിത്തമില്ല. ഇനി വിഷയങ്ങളെല്ലാം തന്ത്രി അറിഞ്ഞു എന്നു തന്നെ വിചാരിക്കുക, അറിഞ്ഞു എന്നുള്ളത് ഒരു കുറ്റമാണോ? നടപടി എടുക്കേണ്ടിവർ അത് ചെയ്യണം. അതിൽ പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികൾ ആയവരാണ് കുറ്റവാളികൾ. ശബരിമല വിഷയത്തിൽ അന്ന് വിശ്വാസികൾക്കെതിരായ നിലപാട് എടുത്തവരുടെ ചരിത്രം നോക്കിയാൽ ഒരു കാര്യം മനസ്സിലാവും. അന്നത്തെ നിയമരംഗത്തുള്ളവർ ഉൾപ്പെടെ ഭൂരിഭാഗം പേർക്കും കാലത്തിന്റെ പ്രഹരമേറ്റിട്ടുണ്ട്. അവരൊക്കെ ചെയ്ത കുറ്റത്തിന് പശ്ചാത്തപിക്കേണ്ടി വന്നു. അത് ഓരോരുത്തരെയും എടുത്തു നോക്കിയാൽ മനസ്സിവും.
ഭഗവാൻ പ്രതികാരം ചെയ്യുന്ന ആളാണെന്ന് പറയുന്നത് ശരിയല്ല എന്നാലും കാലം അവരോടൊക്കെ പ്രതികാരം ചെയ്തിട്ടുണ്ട്. ഇവിടെ കട്ടിളയുടെ കാര്യത്തിലും ഇപ്പോഴത്തെ സംഭവമെല്ലാം വന്നത് ദൈവനിശ്ചയാണ്. ഉപ്പ് തിന്നവരൊക്കെ വെള്ളം കുടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. തന്ത്രി ഇപ്പോൾ പറഞ്ഞിരിക്കുന്നത് തന്നോട് അന്നത്തെ വിഷയത്തിൽ പ്രതികാരം ചെയ്തതാണ് എന്നാണ്. ഞാനതിനോട് നൂറ് ശതമാനം യോജിക്കുന്നു. കാരണം അന്ന് അദ്ദേഹത്തെ ക്രിമിനൽ കേസിൽ കുടുക്കാനുള്ള ശ്രമം നടന്നു. സർക്കാർ പറഞ്ഞതുപോലെ ചെയ്യാതെ അവരുടെ നിഗൂഢ ശ്രമത്തെ ചേർത്ത് തോൽപ്പിക്കുന്നതിൽ മുന്നിൽ നിന്നു.
Content Highlights: P.S. Sreedharan Pillai claims he advised the Sabarimala Thantri to close the temple doors to prevent women's entry, stating it was crucial in halting the Supreme Court verdict's implementation., He asserts his famous 'suvarnavasaram' (golden opportunity) statement was deliberately misinterpreted by political opponents and the media., Pillai alleges a conspiracy by the then-government and Congress against him and the Thantri following the incident., He clarifies that he will not contest in the upcoming elections but will remain active in politics and legal practice., He believes the current Sabarimala gold theft investigation is a retaliatory action against the Thantri for his role in the 2018 protests.
Published: 04 Mar 2026, 12:43 pm IST
ABOUT THE AUTHOR

K P Nijeesh Kumar
nijeeshkuttiadi@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, രാഷ്ട്രീയം, വികസനം ഇഷ്ട വിഷയങ്ങൾ.
.
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented