കൊല്ലം: പത്തനാപുരം മണ്ഡലം കെ.ബി. ഗണേഷ് കുമാറിനെ സംബന്ധിച്ചിടത്തോളം ഒരു ‘ഫിക്സഡ് ഡെപ്പോസിറ്റാ’ണ്. എന്നാൽ, 2021-ൽ ഗണേഷ് കുമാറിന്റെ ഭൂരിപക്ഷം പകുതിയാക്കി കുറച്ച കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല കഴിഞ്ഞ അഞ്ചുവർഷം അവിടെ നടത്തിയ നിക്ഷേപം എങ്ങനെ സ്വാധീനിക്കുമെന്നാണ് ഈ തിരഞ്ഞെടുപ്പിൽ അറിയാനുള്ളത്. ആദ്യ മൂന്നുതവണ യു.ഡി.എഫിലും പിന്നീട് രണ്ടുതവണ എൽ.ഡി.എഫിലുമാണ് കേരള കോൺഗ്രസ് (ബി) ടിക്കറ്റിൽ ഗണേഷ് കുമാർ മണ്ഡലം സ്വന്തമാക്കിയത്.

To advertise here,

2021-ൽ ഗണേഷ് കുമാറിനോട് തോറ്റ ജ്യോതികുമാർ പത്തനാപുരത്ത് സ്ഥിരതാമസമാക്കി, അവിടെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുകയാണ്. ഇത്തവണ, രാഷ്ട്രീയം, സാമുദായികം, വികസനം, വിവാദം എല്ലാ ചേരുവകളും കളംനിറഞ്ഞ് നിൽക്കുന്നതും പ്രവചനം അസാധ്യമാക്കുന്നു. സോളാർ കേസിനെ ഓർമ്മിപ്പിക്കാനെന്നവണ്ണം ഉമ്മൻചാണ്ടിയുടെ ചിത്രമുള്ള ബോർഡുകൾ യു.ഡി.എഫ്. മണ്ഡലത്തിലാകെ നിരത്തിയിട്ടുണ്ട്. സോളാർ ഗൂഢാലോചനക്കേസിലെ വിചാരണ കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നടന്നുവരുകയുമാണ്. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിചാരണനടപടികൾ നിർത്തിവെക്കണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഗണേഷ്‌കുമാർ പ്രസിഡന്റായിരുന്ന പത്തനാപുരം താലൂക്ക് എൻ.എസ്.എസ്. യൂണിയനുമായി ബന്ധപ്പെട്ടുയർന്ന സാമ്പത്തികക്രമക്കേടും വിവാദങ്ങളുമാണ് മറ്റൊരു പ്രധാന വിഷയം. പത്മാ കഫേ നിർമാണത്തിൽ അഴിമതിയാരോപിച്ച എൻ.എസ്.എസ്. നേതാവിന് ക്ഷേത്രപരിസരത്തുവെച്ച് മർദനമേറ്റിരുന്നു. പിന്നാലെ ഗണേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള യൂണിയൻ ഭരണസമിതി പിരിച്ചുവിടുകയും ചെയ്തു. ഇതിന്റെ പ്രതിഫലനം ഗണേഷ് കുമാറിന്റെ വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. ‘ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന’ ഭാര്യ ബിന്ദു മേനോന്റെ ആരോപണത്തിൽ, നിയമനടപടി ഒഴിവായെങ്കിലും തിരഞ്ഞെടുപ്പിലെ ചർച്ചാവിഷയമാക്കാനും ശ്രമിക്കുന്നുണ്ട്.

വിവാദങ്ങൾക്ക് മറുപടിപറയാതെ വികസനത്തിലൂന്നി മുന്നോട്ടുപോകുകയെന്ന തന്ത്രമാണ് ഗണേഷ്‌കുമാർ സ്വീകരിച്ചിരിക്കുന്നത്. മന്ത്രി എന്നനിലയിൽ കെ.എസ്.ആർ.ടി.സി.യിൽ നടപ്പാക്കിയ പരിഷ്കാരങ്ങളും പത്തനാപുരം കൈവരിച്ച വികസനനേട്ടങ്ങളും എണ്ണിപ്പറഞ്ഞാണ് അദ്ദേഹം വോട്ടുതേടുന്നത്. മുൻ തിരഞ്ഞെടുപ്പുകളിലും സമാനമായ ആരോപണങ്ങളും വിവാദങ്ങളും ഉയർന്നിട്ടും പത്തനാപുരത്തെ ജനത കൈവിട്ടിട്ടില്ലെന്ന ആത്മവിശ്വാസം എൽ.ഡി.എഫിനുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ ആറും നേടിയ യു.ഡി.എഫ്., ചരിത്രത്തിലാദ്യമായി പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലും വിജയിച്ചു. തദ്ദേശതിരഞ്ഞെടുപ്പിൽ നല്ലനേട്ടമുണ്ടാക്കിയ ആത്മവിശ്വസവുമായാണ് എൻ.ഡി.എ.യും മത്സരരംഗത്തുള്ളത്. മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനും മാനേജ്മെൻറ് വിദഗ്ധനുമായ എസ്. അനിൽകുമാറാണ് എൻ.ഡി.എ. സ്ഥാനാർഥി. ട്വൻറി 20യ്ക്ക് സീറ്റ് നൽകിയതിൽ ബി.ജെ.പി. അണികൾ അമർഷത്തിലാണ്. ഇത് ഏതുനിലയിൽ പ്രതിഫലിക്കുമെന്നത് പ്രധാനമാണ്.