കായംകുളം (ആലപ്പുഴ): തിരഞ്ഞെടുപ്പിൽ മൂന്നുതവണ തോറ്റവർ നാലാമതും സീറ്റു ചോദിക്കുകയാണെന്നും ഇക്കാര്യം കെ.പി.സി.സി. പ്രസിഡന്റിനോടു സംസാരിച്ചിട്ടുണ്ടെന്നും സെക്രട്ടറി എ. ത്രിവിക്രമൻ തമ്പി. പാൽ-പഴ കച്ചവടക്കാർക്കല്ല അവസരം നൽകേണ്ടതെന്നും മറ്റുള്ളവരെക്കൂടി പരിഗണിക്കണമെന്നും അദ്ദേഹം മാതൃഭൂമിയോടു പറഞ്ഞു.

To advertise here,

ആലപ്പുഴ ജില്ലയിൽ കോൺഗ്രസിനുള്ളിൽ ഏതു വീതംവെപ്പു വന്നാലും ഒന്നുരണ്ടു പേർക്കു മാത്രമാണ് പരിഗണന കിട്ടുന്നത്. പ്രവർത്തന പാരമ്പര്യമുള്ളവർ പുറത്താകുന്നു. കെ.എസ്.യു.വിൽ പ്രവർത്തിക്കുമ്പോൾ എസ്.എഫ്.ഐ.ക്കാർ തന്നെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. 1996-ലെ തിരഞ്ഞെടുപ്പിൽ തന്നെ കായംകുളത്തു പരിഗണിച്ചിരുന്നു. പിന്നീടുള്ള എല്ലാ തിരഞ്ഞെടുപ്പിലും പേരു പരിഗണനയ്ക്കു വരും. വർഷങ്ങളോളം പ്രവർത്തന പാരമ്പര്യമുണ്ടായിട്ടും ഒരവസരവും ലഭിച്ചില്ല. ഇനി മത്സരിക്കാൻ താത്പര്യവുമില്ല.

ജയസാധ്യതയാണ് സീറ്റു നൽകുന്നതിനുള്ള മാനദണ്ഡമെന്നു പറയുന്നു. എന്നിട്ടും, മൂന്നു തവണ തോറ്റവർ വീണ്ടും സീറ്റു ചോദിക്കുന്നു- തമ്പി പറഞ്ഞു. ജില്ലയിലെ രണ്ടു നേതാക്കളെ ഉന്നംവെച്ചാണ് അദ്ദേഹത്തിന്റെ വിമർശനമെന്നാണു സൂചന.