
ന്യൂഡൽഹി: സംസ്ഥാന മന്ത്രിസഭാ രൂപവത്കരണം സംബന്ധിച്ച് ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഉടൻ ചർച്ച ആരംഭിക്കും. സുപ്രധാനമായ ചില വകുപ്പുകൾ വെച്ചുമാറുന്നത് സംബന്ധിച്ചും ഘടകകക്ഷികളുമായി ചർച്ച നടത്തും. ഇത്തവണ വിദ്യാഭ്യാസ വകുപ്പ് മുസ്‌ലിം ലീഗിൽനിന്ന് ഏറ്റെടുക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാണ്. പകരം ലീഗിന് ആരോഗ്യവകുപ്പ് വിട്ടുനൽകിയേക്കും.
ആഭ്യന്തരം, ധനകാര്യം, റവന്യൂ, വനം, ദേവസ്വം, ഊർജ്ജം, ടൂറിസം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കോൺഗ്രസ് ഘടകകക്ഷികൾക്ക് വിട്ടുനൽകില്ലെന്നാണ് വിവരം. വ്യവസായം, തദ്ദേശ സ്വയംഭരണം, പൊതു മരാമത്ത് എന്നിവയാണ് മുസ്‌ലിം ലീഗ് ഉറപ്പിച്ച വകുപ്പുകൾ.
2011-ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഐ.ടി. വകുപ്പ് മുസ്‌ലിം ലീഗിന് നൽകിയിരുന്നു. എന്നാൽ അത് ഇത്തവണ കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാണ്. ജലസേചനം, കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സിവിൽ സപ്ലൈസ്, ഫിഷറീസ്, തൊഴിൽ, ഗതാഗതം തുടങ്ങിയ വകുപ്പുകൾ ആണ് മറ്റ് ഘടക കക്ഷികൾക്ക് നൽകാൻ കോൺഗ്രസ് ആലോചിക്കുന്നത്.
കോൺഗ്രസിന് 12 + 1, ലീഗിന് 4 + 1
പുതിയ മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പടെ 12 മന്ത്രിമാർ കോൺഗ്രസിൽനിന്ന് ഉണ്ടാകും. സ്പീക്കർ സ്ഥാനവും കോൺഗ്രസിന് ലഭിക്കും. മുസ്‌ലിം ലീഗിന് നാല് മന്ത്രിസ്ഥാനവും, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും നൽകിയേക്കും. അഞ്ചാം മന്ത്രി പദവിക്ക് മുസ്‌ലിം ലീഗ് സമ്മർദ്ദം ചെലുത്തുമോ എന്ന ആശങ്ക കോൺഗ്രസ് നേതാക്കൾക്ക് ഉണ്ട്. ലീഗ് സമ്മർദ്ദം ശക്തമാക്കിയാൽ അഞ്ചാം മന്ത്രിസ്ഥാനം നൽകിയേക്കും. അങ്ങനെയെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകില്ല.
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് ഒരു മന്ത്രി സ്ഥാനവും, ചീഫ് വിപ്പ് സ്ഥാനവും ലഭിച്ചേക്കും. ആർഎസ്പിക്ക് ഒരു മന്ത്രിസ്ഥാനം ലഭിക്കും. ഒരു സീറ്റിൽ മാത്രം ലഭിച്ച കേരള കോൺഗ്രസ് (ജേക്കബ്), ആർഎംപി, സിഎംപി എന്നീ പാർട്ടികളും മന്ത്രിസ്ഥാനം ആവശ്യപ്പെടും. വിജയിച്ച നാല് സ്വതന്ത്രരിൽ ചിലർ മന്ത്രിസ്ഥാന മോഹികൾ ആണ്. ചെറിയ പാർട്ടികൾക്കും പാർട്ടികൾക്കും സ്വതന്ത്രർക്കും ടെം വ്യവസ്ഥ ഏർപ്പെടുത്തുന്നതിനെ കുറിച്ചും ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
Content Highlights: Congress leads cabinet formation talks for 2026., Proposed shift of Education portfolio from Muslim League to Congress., Key portfolios like Finance, Home, and Revenue remain with Congress., Negotiations underway for cabinet berths and Deputy Speaker positions., Potential power-sharing arrangements with smaller allies and independents.
Published: 05 May 2026, 01:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented