കരുനാഗപ്പള്ളി: കടലും കായലും ടി.എസ്. കനാലുമെല്ലാം ഉൾപ്പെടുന്ന മണ്ഡലമാണ് കരുനാഗപ്പള്ളി. ആലപ്പാട്, ഓച്ചിറ, ക്ലാപ്പന, കുലശേഖരപുരം, തൊടിയൂർ, തഴവ പഞ്ചായത്തുകളും കരുനാഗപ്പള്ളി നഗരസഭയും ഉൾപ്പെടുന്ന മണ്ഡലം. പടിഞ്ഞാറ് തീരദേശംമുതൽ ആലപ്പുഴ ജില്ലയുടെ അതിർത്തിവരെ നീളുന്ന വിശാലമായ ഭൂവിസ്തൃതി. കുന്നത്തൂർ, ചവറ മണ്ഡലങ്ങളെ വേർതിരിച്ചുകൊണ്ട് പള്ളിക്കലാർ ഒഴുകുന്നു. മണ്ഡലത്തിലെ എല്ലാ ഭാഗത്തും ഓടിയെടുത്തുക സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും ഏറെ ദുഷ്‌കരമാണ്.

To advertise here,

എന്നാൽ ഇതൊന്നും പ്രചാരണത്തെ ബാധിക്കുന്നില്ല. പരമാവധി സ്ഥലങ്ങളിൽ പലവട്ടം സ്ഥാനാർഥികൾ നേരിട്ടെത്തി വോട്ട്‌ അഭ്യർഥിച്ചുകഴിഞ്ഞു.

യു.ഡി.എഫ്. സ്ഥാനാർഥിയായി നിലവിലെ എം.എൽ.എ. സി.ആർ. മഹേഷ്, എൽ.ഡി.എഫ്. സ്ഥാനാർഥിയായി സി.പി.ഐ.യിലെ എം.എസ്. താര, എൻ.ഡി.എ. സ്ഥാനാർഥിയായി ബി.ജെ.പി.യിലെ വി.എസ്. ജിതിൻദേവ്, എസ്.ഡി.പി.ഐ. സ്ഥാനാർഥിയായി ലത്തീഫ്, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്യൂണിസ്റ്റ്) സ്ഥാനാർഥിയായി ട്വിങ്കിൾ പ്രഭാകരൻ എന്നിവരാണ് മത്സരരംഗത്തുള്ളത്.

വർഷങ്ങളായി ഇടതുകോട്ടയെന്ന് അറിയപ്പെട്ടിരുന്ന മണ്ഡലത്തിൽ പക്ഷേ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർക്ക് അടിതെറ്റി. കേരളരാഷ്ട്രീയത്തിലെ അതികായൻമാരായ പല സി.പി.ഐ. നേതാക്കളും മണ്ഡലത്തിൽനിന്നു നിയമസഭയിലെത്തി. അതിൽ പലരും മന്ത്രിമാരുമായി. ബി.എം. ഷെരീഫ്, പി.എസ്. ശ്രീനിവാസൻ, ഇ. ചന്ദ്രശേഖരൻനായർ, സി. ദിവാകരൻ, ആർ. രാമചന്ദ്രൻ തുടങ്ങിയവർ ഈ മണ്ഡലത്തിൽ ഇടതുകൊടി പാറിച്ചു.

എന്നാൽ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് കാലിടറി. രണ്ടാം അങ്കത്തിനിറങ്ങിയ കോൺഗ്രസിലെ സി.ആർ. മഹേഷ് 29,208 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലത്തിൽ വിജയിച്ചു. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ഭരിച്ചിരുന്ന കരുനാഗപ്പള്ളി നഗരസഭയും ക്ലാപ്പന, കുലശേഖരപുരം പഞ്ചായത്തുകളും യു.ഡി.എഫ്. പിടിച്ചെടുത്തു.

എൽ.ഡി.എഫിനും യു.ഡി.എഫിനും തുല്യ സീറ്റുകൾ ഉണ്ടായിരുന്ന ഓച്ചിറ പഞ്ചായത്തിൽ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചു. ആലപ്പാട് പഞ്ചായത്ത് യു.ഡി.എഫിന് നഷ്ടമായപ്പോൾ തഴവ, തൊടിയൂർ പഞ്ചായത്തുകൾ എൽ.ഡി.എഫ്. നിലനിർത്തുകയും ചെയ്തു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിലും യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചു.

മണ്ഡലത്തിൽ ഉൾപ്പെടുന്ന ഓച്ചിറ, കുലശേഖരപുരം ജില്ലാപഞ്ചായത്ത്‌ ഡിവിഷനുകൾ എൽ.ഡി.എഫിന് നഷ്ടമായി. രണ്ടിടത്തും യു.ഡി.എഫാണ് വിജയിച്ചത്. കരുനാഗപ്പള്ളി മണ്ഡലംകൂടി ഉൾപ്പെടുന്ന തൊടിയൂർ ജില്ലാപഞ്ചായത്ത് ഡിവിഷൻ എൽ.ഡി.എഫ്. നിലനിർത്തുകയും ചെയ്തു.