
തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആരാകണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്നും അതിൽ തർക്കങ്ങൾക്കോ ആശയക്കുഴപ്പങ്ങൾക്കോ സ്ഥാനമില്ലെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ചെയർമാൻ തന്നെയാണ് തീരുമാനിക്കുന്നത്, അതിൽ സംശയം വേണ്ടയെന്ന് റോഷി അഗസ്റ്റിൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി തീരുമാനിച്ചു എന്നല്ല, തീരുമാനിക്കുമെന്നാണ് റോഷി പറഞ്ഞത്. മാധ്യമങ്ങൾ ഭാവനയിൽ നിന്നും വിശദീകരിക്കുന്നതുകൊണ്ടാണ് തിരുത്തേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൈക്ക് തട്ടിപ്പറിക്കുകയല്ല ഉണ്ടായതെന്നും സഹോദരതുല്യരാണ് തങ്ങളെന്നും ആ സ്വാതന്ത്ര്യം റോഷി അഗസ്റ്റിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാനലുകൾ നൽകുന്ന പല വാർത്തകളും സ്വന്തമായി നിർമ്മിക്കുന്ന നരേറ്റീവുകൾ മാത്രമാണെന്ന് അദ്ദേഹം വിമർശിച്ചു. ഒരു പാർട്ടി അംഗം തന്റെ ആഗ്രഹം പ്രകടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും അത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതുപോലെ ഗൗരവകരമായ ചർച്ചയാക്കി മാറ്റേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ തിരഞ്ഞെടുപ്പും വളരെ പ്രധാനപ്പെട്ടതാണ്. വിവാദങ്ങൾക്ക് പിന്നാലെയല്ല, വികസനങ്ങൾക്ക് പിന്നാലെ പോകണം. അതനുസരിച്ച് വേണം ഈ തിരഞ്ഞെടുപ്പിനെ കാണാനെന്നും ജോസ് കെ മാണി വ്യക്തമാക്കി. പാർട്ടി നേതൃത്വവും അണികളും താൻ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടാകാം, എന്നാൽ അന്തിമ തീരുമാനം പാർട്ടി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരാൾ മത്സരിക്കുമെന്ന് പറയുന്നതിൽ എവിടെയാണ് ഇത്ര കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.
എൽഡിഎഫിന്റെ വികസനമുന്നേറ്റ ജാഥയുടെ ശോഭ കെടുത്താൻ സംഘടിതനീക്കം നടക്കുന്നുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. പിന്നിൽ പെയ്ഡ് പ്ലാറ്റ്ഫോമാണെന്നും ഇതൊന്നും ജനങ്ങൾ മുഖവിലയ്ക്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് കെ. മാണി പാലായിൽ തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു. എന്നാൽ അതേവേദിയിൽ വച്ചുതന്നെതാനോ സിറ്റിങ് എംഎൽഎമാരോ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പിച്ചു പറയാനാകില്ലെന്ന് പറഞ്ഞത് ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉള്ളതിന്റെ സൂചനകളാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
Content Highlights: Jose K. Mani clarifies that the party, not individuals, will decide candidates for the upcoming elections. Addresses media speculation and emphasizes unity.
Published: 14 Feb 2026, 11:03 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented