കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും പിണറായി വിജയനെതിരേ വിമർശനം. പിണറായിയുടെ ധാർഷ്ട്യംനിറഞ്ഞ പെരുമാറ്റം പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കിയെന്ന് ഉൾപ്പെടെയുള്ള വിമർശനങ്ങളാണ് യോഗത്തിൽ ഉയർന്നത്. ശനിയാഴ്ച ആരംഭിച്ച യോഗം ഞായറാഴ്ചയും തുടരുകയാണ്. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിലാണ് പിണറായിയെയും പാർട്ടിനേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കുന്ന വിമർശനങ്ങൾ ഉയരുന്നത്.
നിസാരമായ കാര്യങ്ങളോടുപോലും പിണറായി ധാർഷ്ട്യത്തോടെ പെരുമാറിയെന്നും തുടർച്ചയായ ഇത്തരം പെരുമാറ്റം പിണറായിയുടെ ഭാഗത്തുനിന്നുണ്ടായിട്ടും പാർട്ടി നേതൃത്വം അത് തിരുത്താൻ തയ്യാറായില്ലെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നു. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റായ ശൈലികളെ തിരുത്തേണ്ടിയിരുന്നത് പാർട്ടി ആയിരുന്നു. എന്നാൽ, തിരുത്താതിരുന്നതോടെ യുവതലമുറയ്ക്കിടയിൽ മുഖ്യമന്ത്രിക്ക് അവമതിപ്പുണ്ടാക്കി. ഇത് സർക്കാരിനും ഇടതുമുന്നണിക്കും പ്രതിച്ഛായാനഷ്ടമുണ്ടാക്കിയെന്നും വിമർശനം ഉയർന്നു.
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി തുടർച്ചയായ വർഗീയ പരാമർശങ്ങൾ നടത്തിയപ്പോൾ മന്ത്രിമാരുടെ ഭാഗത്തുനിന്നോ സിപിഎമ്മിന്റെ ഭാഗത്തുനിന്നോ അതിന് അനുസരിച്ചുള്ള മറുപടിയുണ്ടായില്ല. ഇത് ന്യൂനപക്ഷ വോട്ടുകൾ അകറ്റുന്നതിന് കാരണമായി. സ്ത്രീ വോട്ടർമാരും പാർട്ടിയിൽനിന്ന് അകന്നെന്നും വിമർശനമുണ്ടായി. കെ.കെ. ശൈലജയെ പേരാവൂരിൽ മത്സരിപ്പിച്ചതും അനുബന്ധവിവാദങ്ങളുമാണ് ഇതിന് കാരണമായത്. ശൈലജയെ ഒതുക്കാനാണ് പേരാവൂരിൽ മത്സരിപ്പിച്ചതെന്ന ആരോപണം സ്ത്രീ വോട്ടർമാർക്കിടയിൽ അവമതിപ്പിന് കാരണമായെന്നാണ് യോഗത്തിൽ വിമർശനം ഉയർന്നു.
നേരത്തെ, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ സിപിഎം ജില്ലാ കമ്മിറ്റികളിലും തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പിണറായിക്കെതിരേ രൂക്ഷവിമർശനം ഉയർന്നിരുന്നു.
Content Highlights: Kozhikode CPM district committee criticizes Pinarayi Vijayan's leadership style., Allegations of arrogance leading to public and youth alienation., KK Shailaja's Peravoor candidature cited as a cause for losing female voters., Failure to address communal remarks and lack of party intervention noted as key failures.
Published: 17 May 2026, 11:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented