ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അത് സിപിഐക്ക് ലഭിക്കുമെന്ന് അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമെന്നാണ് നിലവിൽ സൂചനകൾ. അതിനിടെയാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിന് അവകാശവാദം കടുപ്പിച്ച് സിപിഐ രംഗത്തെത്തിയത്.

To advertise here,

പ്രതിപക്ഷ ഉപനേതൃസ്ഥാനം, കീഴ്‌വഴക്കമാണെന്നും സാങ്കേതികമാണെന്നുമാണ് സിപിഎം സഖാക്കൾ പറഞ്ഞത്. ഭരണഘടനാ പ്രകാരം അങ്ങനെയൊന്നില്ലെന്നും പറഞ്ഞു. അത് ഞങ്ങൾക്കും അറിയാം. ഭരണഘടനാപ്രകാരം അങ്ങനെയൊന്നില്ല. പക്ഷേ, കേരളത്തിൽ അതുണ്ട്. എല്ലാത്തവണയും പ്രതിപക്ഷ നേതാവും ഉപനേതാവും ഒരു പാർട്ടിയിൽനിന്നുതന്നെ ആകണമെന്ന് നിർബന്ധമൊന്നുമില്ല. ആരും പറയുന്നുമില്ല, അങ്ങനൊരു കീഴ്‌വഴക്കവുമില്ല. അത് മാറിവരാം. ചില വഴക്കങ്ങൾ മാറണം. അങ്ങനെ മാറേണ്ട ഒരു വഴക്കമാണിത്. ഇത് മാറും, ബിനോയ് വിശ്വം ഡൽഹിയിൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് തോൽവി ജനങ്ങളുടെ മുന്നറിയിപ്പാണെന്നും തെറ്റുകൾ തിരുത്തി മുന്നോട്ടുവരണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. ആശാസമരത്തിൽ തൊഴിലാളികളെ അപമാനിച്ചത് തെറ്റായിപ്പോയെന്നും തൊഴിലാളിസമരങ്ങളെ ആക്ഷേപിക്കുന്നത് കമ്യൂണിസ്റ്റ് പാരമ്പര്യമല്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കിൽ അത് വലിയ പിഴവാണ്. താൻ മാറണമെന്ന് ചിലർ ഫെയ്‌സ്ബുക്കിൽ പറഞ്ഞിട്ട് കാര്യമില്ലെന്നും അതല്ല കമ്യൂണിസ്റ്റ് രീതിയെന്നും സിപിഐയിലെ നേതൃമാറ്റച്ചർച്ചയിൽ ബിനോയ് വിശ്വം പറഞ്ഞു. 

ആശാ സമരത്തെച്ചൊല്ലി സിപിഎമ്മുമായി ആദ്യംതന്നെ സിപിഐയ്ക്ക് അഭിപ്രായഭിന്നതയുണ്ടായിരുന്നു. എന്നിരുന്നാലും കടുത്തപ്രതിഷേധം ഉന്നയിക്കാൻ സിപിഐ തയ്യാറായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ തോൽവിക്ക് പിന്നാലെയാണ് ഇപ്പോൾ സിപിഐ നിലപാട് പരസ്യമായി പ്രകടിപ്പിക്കുന്നത്.