58 വർഷത്തെ പാർട്ടി പാരമ്പര്യം ഉപേക്ഷിക്കുകയാണ് നാട്ടിക എംഎൽഎ സിസി മുകുന്ദൻ. കറകളഞ്ഞ കമ്യൂണിസ്റ്റെന്ന് വിളിപ്പേരുള്ള മുകുന്ദൻ ഇക്കാലമത്രയും സമ്പാദിച്ചത് ഇന്നും ചോർന്നൊലിക്കുന്ന വീട് മാത്രമാണ്. പാർട്ടി ബന്ധം ഉപേക്ഷിക്കുമ്പോൾ സിസി മുകുന്ദന് ഒറ്റ ചോദ്യമേയുള്ളൂ. അനധികൃത പണപ്പിരിവ്, ഭൂമി കൈമറ്റം ഇതിനൊക്കെ ഞാൻ കൂട്ട് നിൽക്കണമായിരുന്നോ? സിസി മുകുന്ദൻ സംസാരിക്കുകയാണ്.
https://www.youtube.com/watch?v=M6YGUIhXleI
- പാർട്ടി നിങ്ങളെ പുറത്താക്കിയതിന് പിന്നിൽ എന്താണ്?
തിരഞ്ഞെടുപ്പിൽ അവരുദ്ദേശിച്ചത് പോലെ എന്നെ കിട്ടാതെ വന്നതാണ് പുറത്താക്കാനുള്ള കാരണം. പാർട്ടി പറഞ്ഞിരുന്ന എന്ത് പണിയും രാവും പകലും നോക്കാതെ ചെയ്തിരുന്ന ആളാണ് ഞാൻ. എന്റെ ജീവിതം തന്നെ ഞാൻ പാർട്ടിക്ക് സമർപ്പിച്ചതാണ്. എന്നിട്ടും എന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയത് പാർട്ടി പറഞ്ഞ പല കാര്യങ്ങളും അവരുദ്ദേശിച്ചത് പോലെ ഞാൻ ചെയ്ത് കൊടുക്കാത്തത് കൊണ്ടാണ്. മാത്രമല്ല നവകേരള സദസ്സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വരികയുണ്ടായി. മുഖ്യമന്ത്രി വരുന്ന പരിപാടിയിൽ എന്നോട് 68 ലക്ഷം രൂപ കൊടുക്കാൻ പറഞ്ഞു. എന്റെ കൈയിൽ പത്ത് പൈസയില്ലെന്ന് പറഞ്ഞപ്പോൾ നിർബന്ധമായും പിരിക്കാൻ പറഞ്ഞു. ഒടുവിൽ എന്റെ കാറ് പണയം വെച്ച് വേണമെങ്കിൽ പണം തരാമെന്നാണ് ഞാൻ പറഞ്ഞത്. അല്ലാതെ ഞാൻ എവിടെ നിന്ന് കൊടുക്കും. അവിടെ നിന്ന് തൊട്ട് എന്നെ പുറത്താക്കാനുള്ള ചർച്ച ആരംഭിക്കുകയായിരുന്നു.
പാർട്ടിക്ക് അവര് പറയുന്ന പൈസ ഞാൻ കൊടുക്കണം. അത് എന്നെകൊണ്ട് സാധിക്കുമായിരുന്നില്ല. ഇതാണ് എന്നോട് വൈരാഗ്യത്തിനുള്ള പ്രധാന കാരണം.
ഗീത ഗോപിക്കെതിരെ ഇന്നലെ വരെ നിലപാടെടുത്തവരാണ് ഇപ്പോൾ അവരെ വീണ്ടും സ്ഥാനാർഥിയാക്കിയത്. അതിനോട് എനിക്ക് യോജിപ്പില്ല. അവർക്ക് ഏത് വിധേനയും പണം പിരിക്കാൻ കഴിവുണ്ടായിരിക്കും. അതിനവർ മിടുക്കിയാണ്. അതുകൊണ്ടാണ് ഇപ്പോൾ വ്യത്യസ്ഥമായ നിലപാടെടുക്കേണ്ടി വന്നത്. പാർട്ടിയുടെ പോളിസി ഞാൻ കുറെ പഠിച്ചിട്ടുള്ളതാണ്. എന്നാൽ ഇപ്പോഴത്തെ പോളിസി ചിലർക്ക് വേണ്ടിയുള്ളതാണ്. ആ പോളിസി എനിക്ക് അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്.
- സീറ്റ് കിട്ടാത്തത് കൊണ്ടാണ് പെയ്‌മെന്റ് സീറ്റ് ആരോപണം എന്നാണ് പറയുന്നത്?
അതിന്റെ അകത്ത് പാർട്ടിക്ക് ചില തെറ്റിദ്ധാരണകൾ ഉണ്ട്. ഞാൻ പാർട്ടിയിൽ സജീവമാവുകയും ജനങ്ങളുടെ വലിയ പിന്തുണ ലഭിക്കുകയും ചെയ്തപ്പോൾ ചിലർക്ക് അവഗണിക്കപ്പെടുകയാണെന്ന തോന്നലുണ്ടായി. എനിക്ക് ചെത്ത് തൊഴിലാളി സംഘത്തിൽ പണി തന്നുവെന്നതൊക്കെ ശരിയായ കാര്യമാണ്. പക്ഷെ അതിനേക്കാൾ ഇരട്ടി എന്റെ ജീവിതം തന്നെ പാർട്ടിക്ക് വേണ്ടി മാറ്റിവെച്ച ആളാണ് ഞാൻ. കുടുംബത്തിന് വേണ്ടി നല്ലൊരു വീട് വെക്കാൻ പോലും ഇപ്പോഴുമെനിക്ക് സാധിച്ചിട്ടില്ല. ചോർന്നൊലിക്കുന്ന വീട്ടിലാണ് ഇപ്പോഴും താമസം. അതൊന്നുമല്ല വിഷയം. പണം ആവശ്യപ്പെട്ടത് ഞാൻ ചോദ്യം ചെയ്തു, ഇപ്പോൾ ഗീത ഗോപിയെ സ്ഥാനാർഥിയാക്കിയതും ഞാൻ ചോദ്യം ചെയ്തു. അത് പലർക്കും ഇഷ്ടപ്പെട്ടില്ല.
- പിഎ നിയമനവുമായൊക്കെ വിവാദമുണ്ടായിരുന്നല്ലോ എന്തായിരുന്നു സംഭവിച്ചത്?
വിഎസ് സുനിൽകുമാറിന്റെ പി.എയെ ആയിരുന്നു പാർട്ടി എനിക്ക് തന്നത്. പക്ഷെ അയാൾ ചർജ്ജെടുത്തതോടെ ഒരു ഡ്യൂപ്ലിക്കേറ്റ് എംഎൽഎയെ പോലെ പ്രവർത്തിക്കാൻ തുടങ്ങി. പലരിൽ നിന്നും പണം ചോദിച്ചു. അക്കാര്യം ഞാൻ അറിഞ്ഞു. അന്വേഷിച്ചപ്പോൾ ഭൂമികൈമാറ്റത്തിനും ഉദ്യോഗസ്ഥ സ്ഥലം മാറ്റത്തിനുമെല്ലാം പണം ചോദിച്ചതാണ്. എന്റെ ലെറ്റർ പാഡിൽ ഒപ്പിട്ട് വെച്ചായിരുന്നു പ്രവർത്തനം. ഇതോടെ പാർട്ടിയിൽ പരാതിപ്പെട്ടു. പക്ഷെ വീണ്ടും അയാൾ തന്നെ തുടരാൻ പാർട്ടി നിർദേശിക്കുകയായിരുന്നു. എല്ലാം എന്റെ തോന്നലാണ് എന്നായിരുന്നു പാർട്ടി സെക്രട്ടറിയായിരുന്ന വത്സരാജ് പറഞ്ഞത്. പക്ഷെ പിന്നെയും ആവർത്തിച്ചു. ഇതോടെ പരാതിപ്പെടാൻ നിർബന്ധിതനായി. ഇതും എന്നിൽ വെറുപ്പുളവാക്കി. എന്റെ ഒപ്പിട്ട് 84000 രൂപ കൈപ്പറ്റിയതിന് എനിക്ക് രേഖ കിട്ടിയിട്ടുണ്ട്. അത് അക്കാലത്ത് വലിയ വാർത്തയൊക്കെ ആയതാണ്. ഇത് പുറത്തുപറഞ്ഞതോടെ എന്നെ എങ്ങനെയെങ്കിലും പുറത്താക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അതിന് പല കാരണങ്ങൾ കണ്ടെത്തുകയും ചെയ്തു.
- ചോർന്നൊലിക്കുന്ന വീട്ടിൽ ഇന്നും താമസിക്കുന്ന എംഎൽഎ എന്ന നിലയായിരുന്നു നേരത്തെ വാർത്തയൊക്കെ വന്നത് ഇതെല്ലാം പരിഹരിച്ചോ?
പരിഹരിച്ചിട്ടില്ല. ഈ മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യവസായി ആണ് യൂസഫലി. ഞാൻ വീണ് കിടക്കുന്ന വാർത്തയൊക്കെ വന്നപ്പോൾ അദ്ദേഹം വിളിച്ചുവെന്ന് പറഞ്ഞ് എന്റെ പി.എ എന്നെ സമീപിച്ചു. നിങ്ങളുടെ കണക്കൊക്കെ ശരിയാക്കൂ എന്നും യൂസഫലി കടമൊക്കെ അടച്ച് തീർക്കാമെന്ന് പറഞ്ഞതായും അറിയിച്ചു. അപ്പോ എനിക്ക് ഒന്നും പറയാൻ പറ്റിയില്ല. വലിയ സങ്കടമാണ് തോന്നിയത്. വീണ്ടും ചോദിച്ചപ്പോൾ പാർട്ടി എന്നെ സഹായിക്കുമെന്നും യൂസഫലിയുടെ പണമൊന്നും വേണ്ട എന്നും മറുപടി നൽകി. അതും വലിയ വാർത്തയായി വന്നിരുന്നു. ഇപ്പോൾ വീടിന്റെ ഓടൊക്കെ ഒന്ന് മാറ്റി ഓട്ടയൊക്കെ അടച്ചിട്ടുണ്ട്. എന്നാലും മഴപെയ്താൽ ആദ്യം വെള്ളം വീഴും. പാർട്ടി എന്തെങ്കിലും സഹായം ചെയ്താൽ അറ്റകുറ്റപണി നടത്താമെന്നായിരുന്നു വിചാരിച്ചത്. എന്റെ കൈയിൽ കാശില്ലല്ലോ.
ഞാൻ വീണ് കിടന്നപ്പോൾ പാർട്ടിയിൽ നിന്നും ആളുകൾ വീട്ടിൽ വന്നു. സഹായിക്കാമെന്നും ആവശ്യമായ നടപടി സ്വീകരിക്കാമെന്നുമൊക്കെ പറഞ്ഞിരുന്നു. എം.എൽ.എ ഒന്ന് നിന്ന് തന്നാൽ മതിയെന്നായിരുന്നു പറഞ്ഞത്. അപ്പോഴാണ് ഇതിൽ ഒരു അപകടമുണ്ടെന്ന് മനസ്സിലായത്.
പാർട്ടി ലെറ്റർ പാഡിൽ വിവരങ്ങളൊക്കെ എഴുതി എന്റെ അടുത്ത് വന്നു. പിന്നീട് എന്റെ ഫോട്ടോ വെച്ച് നോട്ടീസ് അടിച്ചു. അതിൽ ഒപ്പിടാൻ പറഞ്ഞു. എന്നാൽ ഫോട്ടോ വെച്ചൊന്നും പിരിവ് നടത്തേണ്ട എന്ന് ഞാൻ മറുപടി കൊടുത്തു. അങ്ങനെ പിരിവ് നടത്താൻ ഞാൻ സമ്മതിച്ചില്ല. ഇനി ഞാനറിയാതെ എന്റെ പേര് പറഞ്ഞ് പാർട്ടി പിരിച്ചിട്ടുണ്ടോ എന്നൊന്നും എനിക്ക് അറിയില്ല. യൂസഫലിയെ പോലെയുള്ളവർ കാശ് തരാമെന്നൊക്കെ പറഞ്ഞതല്ലേ. ഇനി വാങ്ങിയിട്ടുണ്ടോ എന്ന് ആർക്കറിയാം.
- ഗീത ഗോപി ഇവിടെ രണ്ട് തവണ എം.എൽ.എ ആയതാണ്, എന്തുകൊണ്ടാണ് ഇപ്പോൾ പെയ്‌മെന്റ് സീറ്റ് ആരോപണം ഉന്നയിക്കുന്നത്?
കാരണം പാർട്ടിക്ക് എന്റെ കൈയിൽ നിന്നും സഹായമൊന്നും കിട്ടുന്നില്ല. എന്നാൽ ഗീത ഗോപി അങ്ങനെയല്ല എന്ന് എനിക്കറിയാം. അതുകൊണ്ടാണ് പെയ്‌മെന്റ് സീറ്റെന്ന് ആരോപിച്ചത്. എന്തെങ്കിലും സംഘടനയുടെ ആവശ്യം വരുമ്പോൾ കിട്ടുന്ന പണം പാർട്ടി സെക്രട്ടറിയുടെ അക്കൗണ്ടിലേക്കാണ് അയക്കാൻ പറയാറുള്ളത്. ഞാൻ മേടിക്കാറില്ല. ഞാൻ വാങ്ങിയാൽ സംശയമുണ്ടാവും.
പല സ്ഥലത്തും പിരിവിന് വേണ്ടി പോകുമ്പോൾ അതിന് മുമ്പെ ചില വ്യക്തികൾ വന്ന് പിരിച്ചിട്ടുണ്ടാവും. എംഎൽഎ ആയ ഞാൻ പോലും അറിയില്ല. അപ്പോൾ ആളുകൾ ചോദിക്കുന്നത് ഇന്നേ ആൾ വാങ്ങിച്ചല്ലോ ഇനി എംഎൽഎയ്ക്കും തരണോ എന്നാണ്. വന്നവർക്ക് കൊടുത്തിട്ടുണ്ടെങ്കിൽ അഞ്ച് പയിസ എനിക്ക് തരണ്ട എന്നും പറഞ്ഞ് ഞാൻ പലയിടുത്ത് നിന്നും തിരിച്ചുപോരുകയും ചെയ്യും. ഈപണമൊക്കെ എവിടെപ്പോയി. ഈ വിവരങ്ങളൊക്കെ പറയണമെങ്കിൽ എനിക്ക് മത്സരിച്ചേ മതിയാകൂ.
ഇതുവരെ ഞാൻ മാധ്യമങ്ങളിലൂടെയേ കാര്യങ്ങൾ പറഞ്ഞിട്ടുള്ളൂ. അത് പോരാ, എന്നെ വിശ്വസിച്ചിരുന്ന ജനങ്ങളെ എനിക്ക് ബോധിപ്പിക്കേണ്ടതുണ്ട്. അല്ലാതെ അവസരം ലഭിക്കില്ല. അതിന് വേണ്ടിയാണ് മത്സരിക്കുന്നത്. ജയിക്കുക തോൽക്കുക എന്നത് വിഷയമേയല്ല. അപ്പോ പാർട്ടിയെടുത്ത നിലപാട് പാർട്ടിക്കാർ വിവരിക്കും എന്നെ സഹായിച്ചുവെന്നൊക്കെ പറയും. അതേ സ്ഥലത്ത് പോയി എനിക്ക് മറുപടി പറയണം. മത്സരിക്കുമെന്ന് അറിഞ്ഞപ്പോൾ പലരും പിന്തുണ പ്രഖ്യാപിച്ച് വന്നിരുന്നു. അതിൽ കോൺഗ്രസുകാരും ബിജെപിക്കാരുമുണ്ട്. അവരോടൊക്കെ ഞാൻ പറഞ്ഞത് എന്നെ സഹായിക്കണമെന്നാണ്.
- എന്തുകൊണ്ടാണ് സിസി മുകുന്ദന് ഇത്രകാലമായിട്ടും ഒരു വീട് പോലും ഉണ്ടാക്കാൻ സാധിക്കാതെ പോയത്?
പണ്ടുമുതലേ പാർട്ടിയിലായിരുന്നു ഭൂരിഭാഗം സമയവും. കഷ്ടപ്പാടും ദുരിതവുമായിരുന്നു. സ്വന്തമായി ഭൂമിയില്ല. എല്ലാവർക്കും കൂടെ അവകാശമുള്ള കുറച്ച് ഭൂമിയായിരുന്നു ഉണ്ടായിരുന്നത്. അത് ആറ് സെന്റ് ഭൂമിയാണ്. എന്റെ മക്കളുടെ വിവാഹമൊക്കെ വന്നപ്പോൾ ചേട്ടൻമാരൊക്കെ കൂടി അത് ലോണെടുക്കാൻ എനിക്ക് എഴുതി തന്നു. ആ ഭൂമിയാണ് കുറച്ച് കാശിന് വേണ്ടി പണയപ്പെടുത്തിയത്. പക്ഷെ വീട് പണയാനുള്ള പണമുണ്ടായിരുന്നില്ല. ഇതോടെ അവിടെ എന്റെ പഴയ മണ്ണുവെച്ച ഒരു കൂരയുണ്ടായിരുന്നു. അത് പൊളിച്ച് കുറച്ച് പണം കടം വാങ്ങി താമസിക്കാനുള്ള സാചര്യമൊരുക്കി. അവിടെയാണ് ഇപ്പോഴും താമസം, തേപ്പ് പോലും കഴിഞ്ഞിട്ടില്ല.
സംഘത്തിൽ ജോലിയുണ്ടായിരുന്നുവെങ്കിലും പാർട്ടി പ്രവർത്തനത്തിൽ സജീവമായതോടെ കൃത്യമായി പണിക്ക് പോവാൻ കഴിഞ്ഞിരുന്നില്ല. എനിക്ക് 60,000 ശമ്പളമുണ്ടായിരുന്നുവെന്നാണ് പാർട്ടി ഇപ്പോൾ പറയുന്നത്. 60,000 വാങ്ങിയത് എനിക്ക് ഓർമയില്ല. ഞാൻ സംഘത്തിൽ നിന്ന് എത്രപണം ഒപ്പിട്ട് വാങ്ങിയിട്ടുണ്ട് എന്ന് ധൈര്യമുണ്ടെങ്കിൽ അവരൊന്ന് പരിശോധിക്കട്ടെ.
- ഇനിയും സിസി മുകുന്ദനെ എംഎൽഎ ആക്കിയാൽ അവർ വിചാരിച്ച കാര്യങ്ങളൊന്നും നടക്കില്ല എന്ന തോന്നൽ പാർട്ടിക്ക് ഉണ്ടായിട്ടുണ്ടാവുമോ?
അങ്ങനെയുണ്ടാവും അല്ലെങ്കിൽ എന്നെ മാറ്റേണ്ട കാര്യമില്ലല്ലോ. ഇവർ പറയുന്ന കാര്യങ്ങൾ അതുപോലെ ചെയ്ത് കൊടുക്കാൻ എനിക്ക് അൽപ്പം ആത്മധൈര്യം കുറവാണ്. കളവ് ചെയ്ത പി.എയ്ക്ക് അനുകൂലമായി ഞാൻ നിലപാട് സ്വീകരിക്കണമായിരുന്നോ. അനധികൃത പണപ്പിരിവിന് കൂട്ട് നിൽക്കണമായിരുന്നോ ഇവർ പറയട്ടെ. ഇതെല്ലാം എനിക്ക് തുറന്ന് പറയണം.
Content Highlights: CC Mukundan alleges he was ousted for refusing to collect 68 Lakhs for Navakerala Sadas., Claims party leadership forced illegal fund collection and misused his official letterhead., Highlights personal financial struggle and living in a dilapidated house despite being an MLA., Accuses party of shielding corrupt officials and promoting 'payment seats' for candidates., Decided to run as an independent to expose party malpractices to the public.
Published: 13 Mar 2026, 04:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented