തുടർഭരണം ലക്ഷ്യമിടുന്ന ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസാരിക്കുന്നു

To advertise here,

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെപ്പറ്റി?

ഈ തിരഞ്ഞെടുപ്പ് കേരളത്തിൽ ജനപക്ഷവികസനത്തിന്റെ യഥാർഥവഴി വെട്ടിത്തെളിക്കുന്ന, ഇടതുപക്ഷത്തിന്റെ തുടർച്ചയായ മൂന്നാമൂഴത്തിനു വേണ്ടിയാണ്. ഈ പോരാട്ടം അടിമുടി രാഷ്ട്രീയമാണ്. മൂന്നാമൂഴം ഉറപ്പാക്കാനുള്ള രാഷ്ട്രീയപ്പോരാട്ടമായതിനാൽ, രാഷ്ട്രീയം മാത്രമേ പറഞ്ഞേ മുന്നോട്ടുപോകൂവെന്ന നിർബന്ധം സി.പി.ഐയ്ക്കും എൽ.ഡി.എഫിനുമുണ്ട്. പക്ഷെ, രാഷ്ട്രീയം പറയാൻ യു.ഡി.എഫ്. ഭയപ്പെടുന്നു. അവർ ഗൗരവമുള്ള രാഷ്ട്രീയപ്രശ്‌നങ്ങളൊന്നും ഉന്നയിക്കുന്നില്ല. പുതുയുഗയാത്രയിൽ പോലും അതുണ്ടായില്ല.

തിരഞ്ഞെടുപ്പിന്റെ ദേശീയപ്രാധാന്യം?

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പ്രത്യേകത കേരളത്തിനുണ്ട്. ഇന്ത്യയിലെമ്പാടും ജനങ്ങൾ കൊളുത്തിവെച്ച വെളിച്ചമെല്ലാം വലതുപക്ഷ-ഫാസിസ്റ്റ് ശക്തികൾ ഊതിക്കെടുത്തിക്കഴിഞ്ഞു. ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങളായ ജനാധിപത്യം, മതേതരത്വം, സോഷ്യലിസ്റ്റ് ലക്ഷ്യം ഒക്കെയാണ് ഈ വെളിച്ചത്തിന്റെ അടിസ്ഥാനം. ആർ.എസ്.എസ്-ബി.ജെ.പി. പ്രതിനിധീകരിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്ക് വെറുപ്പും ഭയവുമാണ് ഈ വെളിച്ചം.

ഭരണഘടനാമൂല്യങ്ങളുടെ കാതലായ സങ്കല്പമായ പരമാധികാരം ഇന്തോ-അമേരിക്കൻ കരാറിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ കാൽക്കൽ പണയം വെച്ചു. നാടിന്റെ ഹൃദയത്തിൽ നിന്നും പരമാധികാരം അടർന്നു പോവുമ്പോൾ നിർത്തൂവെന്നു പറയാനുള്ള നാക്ക് മോദിക്കില്ല.

ഈ രാജ്യത്തിന്റെ തെക്കേ കോണിൽ, കേരളത്തിലുള്ള വെളിച്ചമാണ് എൽ.ഡി.എഫ്. ഇടതുപക്ഷം മുന്നോട്ടുവെയ്ക്കുന്ന മുന്നേറ്റത്തിന്റെയും വികസനത്തിന്റെയും പ്രതീകമാണ് എൽ.ഡി.എഫ്. സർക്കാർ. അതിന്റെ മൂന്നാമൂഴം ഉറപ്പാക്കേണ്ടത് ഇന്ത്യക്കു കൂടി ബാധകമായ രാഷ്ട്രീയമാണ്.

ദേശീയബദലാണെങ്കിൽ എന്തിനാണ് എൽ.ഡി.എഫിന് തുടർഭരണം? ബി.ജെ.പിക്കെതിരേയുള്ള ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണല്ലോ കോൺഗ്രസും. അവർ വിജയിച്ചാലും പോരേ?

കോൺഗ്രസിന് ഈ ബദൽ പാലിക്കാനാവില്ല. കോൺഗ്രസ് സർക്കാർ ലാഭകരമല്ലാത്ത സ്‌കൂളുകൾ പൂട്ടി. സർക്കാർ ആശുപത്രികളിൽ അഴിമതി കൊടികുത്തി വാഴുകയായിരുന്നു. പോലീസ് മർദനങ്ങൾ, മാറാടും പൂന്തുറയിലും വർഗീയകലാപങ്ങളുണ്ടായത് കോൺഗ്രസിന്റെ കാലത്താണ്.

ശശി തരൂരിനെപ്പോലെ ബി.ജെ.പിയെ സ്തുതിക്കുന്നതു ശീലമാക്കിയ രണ്ടോ മൂന്നോ നേതാക്കളുണ്ട് കോൺഗ്രസിൽ. കോൺഗ്രസിലെവിടെയോ ഹിന്ദുത്വത്തോടു സ്‌നേഹമുണ്ട്. ദേശീയരാഷ്ട്രീയത്തിൽ ഇന്ത്യ സഖ്യത്തിന്റെ കാഴ്ചപ്പാട് ഉൾക്കൊള്ളാൻ അവർക്കാവുന്നില്ല. ഇന്ത്യ സഖ്യത്തിന്റെ രാഷ്ട്രീയം കോൺഗ്രസിന്റെ രാഷ്ട്രീയവുമല്ല.

പത്തു വർഷത്തെ ഇടതുഭരണം കേരളത്തിൽ എന്തു മാറ്റമുണ്ടാക്കി?

65 ലക്ഷം പേർക്ക് പെൻഷനുണ്ട്. അഞ്ചു ലക്ഷം ലൈഫ് വീടുകളായി. വിദ്യാഭ്യാസത്തിലും വ്യവസായത്തിലുമൊക്കെ വലിയ മാറ്റമുണ്ടായി. ലക്ഷക്കണക്കിനു സ്റ്റാർട്ടപ്പുകൾ വന്നു. നോളജ് ഇക്കണോമി എന്ന സങ്കല്പത്തെ ഉയർത്താനായി. ബൗദ്ധികശേഷിയും നൈപുണിയുമുള്ള നാടായി മാറി. സ്ത്രീസമത്വം ഉറപ്പാക്കി. ന്യൂനപക്ഷങ്ങൾ ഇവിടെ സുരക്ഷിതബോധത്തിൽ ജീവിക്കുന്നു.

എന്താണ് ഇടതുപക്ഷം ഉയർത്തിപ്പിടിക്കുന്ന കേരള മോഡൽ?

ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്, ജനപക്ഷരാഷ്ട്രീയത്തിന്റെ പ്രായോഗികമായ കേരള മോഡൽ ഉണ്ടായിട്ടുണ്ട്. അതാണ് 1957ൽ തുടങ്ങിവെച്ച യാത്രയുടെ ആരംഭം. അതിൽ ഒരു നാഴികക്കല്ലാണ് 1970കളിലെ അച്യുത മേനോൻ സർക്കാർ. ഭൂപരിഷ്‌കരണത്തിലൂടെ കേരളത്തിന്റെ മണ്ണിൽ ജന്മിത്വം അവസാനിപ്പിച്ച സർക്കാറാണത്. കേരളത്തിന്റെ വളർച്ചയുടെ വഴിയാണ് അന്നു തുറക്കപ്പെട്ടത്. 1957ൽ ആരംഭിച്ച ഇടതുഭരണ മാതൃകകളുടെ നാഴികക്കല്ലാണ് അച്യുത മേനോൻ സർക്കാർ.

കർഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കു പ്രാധാന്യം നൽകി. അങ്ങനെയാണ് ഗ്രാറ്റുവിറ്റി നിയമമുണ്ടായത്. കർഷകത്തൊഴിലാളി നിയമം, കർഷകത്തൊഴിലാളി പെൻൻ ഇതൊക്കെ വന്നു. ശ്രീചിത്ര, സി.ഡി.എസ്, കെൽട്രോൺ, കാർഷിക സർവകലാശാല, കുസാറ്റ് തുടങ്ങീ വികസന വഴിയിലെ വിളക്കുമരങ്ങൾ എന്നു വിളിക്കാവുന്ന അറുപതോളം സ്ഥാപനങ്ങളുണ്ടായി. ഇന്ത്യയിൽ 'ഇലക്ട്രോണിക്‌സ്' എന്ന വാക്ക് കേൾക്കാത്ത കാലത്താണ് ഇവിടെ കെൽട്രോൺ ഉണ്ടായത്. ഇങ്ങനെ, വിജ്ഞാനത്തിലും ഗവേഷണത്തിലും വളർച്ചയിലുമൊക്കെ മുൻനിര ഉയർത്തിപ്പിടിക്കാവുന്ന എല്ലാമുണ്ടായി. ഇടതുരാഷ്ട്രീയത്തിന്റെ ഉള്ളടക്കം ഉൾക്കൊണ്ട്, ഭരണരംഗത്തുള്ള നടപടികൾ ഉണ്ടായത് അച്യുതമേനോൻ സർക്കാറിന്റെ കാലത്താണ്. ഇന്നത്തെ കേരളത്തിന്റെ വളർച്ചയുടെ വഴികാട്ടി എന്നു വിളിക്കാവുന്ന എല്ലാറ്റിന്റെയും ആരംഭം അന്നായിരുന്നു.

അച്യുത മേനോൻ സർക്കാറിനെ സി.പി.എം. അംഗീകരിക്കുന്നില്ലല്ലോ?

ഇ.എം.എസിന്റെ 67ലെ സർക്കാറിനു ശേഷമുള്ള തുടർച്ച 1980ലാണെന്നാണ് ഒരു വാദഗതി. അതു ചരിത്രപരമായി ശരിയല്ല. ഗുണപരമായ കുതിച്ചുചാട്ടം ഉണ്ടായത് അച്യുത മേനോൻ സർക്കാറിന്റെ കാലത്താണ്. ജന്മിത്വത്തിന്റെ അന്ത്യം 57ൽ സ്വപ്‌നം കണ്ടെങ്കിലും യാഥാർഥ്യമായത് 1970ലാണ്. അച്യുത മേനോനാണ് അന്ന് മുഖ്യമന്ത്രി. അതൊരു വലിയ മാറ്റമല്ലേ. ജന്മിത്വം അവസാനിച്ചാൽ സമൂഹം ആകെത്തന്നെ മാറും. അങ്ങനെയാണ് വിദ്യാഭ്യാസം സാർവത്രികമായത്. എല്ലാവർക്കും സ്‌കൂളിൽ പോകാമെന്നായി. എല്ലാ പഞ്ചായത്തിലും സ്‌കൂൾ തുറന്നത് ആ സർക്കാറാണ്. പഞ്ചായത്തിൽ ആരോഗ്യകേന്ദ്രങ്ങൾ വന്നു. ആ സർക്കാറാണ് ലക്ഷംവീട് നിർമിച്ചത്. അതിന്റെ അടുത്ത വളർച്ചയാണ് ഇപ്പോഴത്തെ ലൈഫ് മിഷൻ. ആ സർക്കാറിന്റെ തുടർച്ചയാണ് പിന്നീട് നായനാരും വി.എസും ഇപ്പോൾ പിണറായി വിജയനുമൊക്കെ നയിച്ച സർക്കാറുകൾ.

പക്ഷെ, ഇന്ന് സി.പി.ഐയുടെ എതിരാളിയായ കോൺഗ്രസായിരുന്നു അന്ന് അച്യുത മേനോൻ സർക്കാറിന്റെ സഖ്യകക്ഷി?

അതൊരു രാഷ്ട്രീയ വൈരുധ്യമാണ്. കോൺഗ്രസുണ്ടായിട്ടു പോലും ആ സർക്കാറിന്റെ ഓരോ ചുവടും പുരോഗമനപരമായിരുന്നു. ഇടുക്കിയിൽ രാജ്യം കണ്ട ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി വന്നു. അഞ്ചു കൊല്ലം കൂടുമ്പോൾ ജീവനക്കാർക്ക് ശമ്പള പരിഷ്‌കരണവും ഉറപ്പാക്കിക്കൊടുത്തു. കോൺഗ്രസായിരുന്നില്ല ഘടകം, ഇടതുപക്ഷ ബോധ്യമാണ്. കോൺഗ്രസിന്റെ സർവാധികാരമുള്ള അക്കാലത്ത് കേരളത്തിലല്ലാതെ മറ്റെവിടെയും അങ്ങനെ ഉണ്ടായിട്ടില്ല.

ഈ സർക്കാറിന്റെ നേട്ടങ്ങൾ നിരത്തുമ്പോഴും എ.ഡി.ജി.പി.-ആർ.എസ്.എസ്. കൂടിക്കാഴ്ച, പി.എം-ശ്രീ തുടങ്ങിയവയിലൊക്കെ സി.പി.ഐയ്ക്കു പ്രതിപക്ഷ റോളും വഹിക്കേണ്ടി വന്നില്ലേ?

ഇതു വിവാദങ്ങളുടെ ഘട്ടമല്ല. അന്നുണ്ടായ പ്രശ്‌നങ്ങളെല്ലാം തീർന്നു. ഇടതുപക്ഷമൂല്യങ്ങളുടെയും രാഷ്ട്രീയബോധ്യത്തിന്റെയും അടിസ്ഥാനത്തിൽ എല്ലാറ്റിനും വേഗത്തിൽ പരിഹാരമുണ്ടായി. അത് സി.പി.എം.-സി.പി.ഐ. തർക്കമല്ല. സി.പി.ഐയ്ക്കും സി.പി.എമ്മിനും വഹിക്കേണ്ടി വന്നത് ഇടതുപക്ഷ റോളാണ്. അതു രണ്ടു പാർട്ടികളും നിർവഹിച്ചു. രണ്ടു കൂട്ടർക്കുമിടയിലെ യോജിപ്പാണ്, പ്രശ്‌നങ്ങൾ തീരാനുള്ള കാരണം.

പക്ഷെ, ഇടതുസർക്കാർ സംഘപരിവാർ അജൻഡ നടപ്പാക്കുന്നതായുള്ള തോന്നലിൽ ന്യൂനപക്ഷങ്ങൾ അകന്നല്ലോ?

ന്യൂനപക്ഷങ്ങളെ ഞങ്ങൾ ഏറ്റവുമടുത്ത ബന്ധുക്കളായി കാണുന്നു. ന്യൂനപക്ഷങ്ങളോട് ഞങ്ങൾക്കു കരുതലുണ്ട്. ദളിതരെയും ആദിവാസികളെയും പാവങ്ങളെയുമൊക്കെ സ്വന്തം നിലയിൽ ഞങ്ങൾ നോക്കും. അവർ അക്രമിക്കപ്പെടുമ്പോൾ രക്ഷിക്കാൻ ചാടി വീഴും. മതം യാഥാർഥ്യമാണെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ കണ്ണടച്ചു പിടിച്ചാൽ മതബോധം ഇല്ലാതാവില്ല. ഈ സമൂഹത്തിലെ ഇത്തരം ബോധങ്ങളേയോ വിശ്വാസങ്ങളേയോ ഞങ്ങൾ അപമാനിക്കുകയോ അപകടപ്പെടുത്തുകയോ ഇല്ല.

മതവിശ്വാസങ്ങൾക്ക് ഞങ്ങൾ എതിരല്ല. വിശ്വാസികൾ ഞങ്ങളുടെ ശത്രുക്കളല്ല. പക്ഷെ, മതത്തിന്റെ മറപിടിച്ച് തീവ്രവാദത്തിന്റെ വിത്തുവിതയ്ക്കുന്നവരോട് യോജിപ്പില്ല. മതത്തേയും മതഭ്രാന്തിനേയും ഞങ്ങൾ വെവ്വേറെ കാണുന്നു. മതതീവ്രവാദം മതത്തിൽ നിന്നും ദൈവത്തെ കുടിയിറക്കും. മതം പറയുന്ന എല്ലാ മനുഷ്യനന്മകളെയും കുടിയിറക്കും. തീവ്രവാദത്തിന് മതവുമായി ബന്ധമില്ല. മഹാഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ കൈപിടിച്ച് ഞങ്ങൾ മതതീവ്രവാദത്തെ നേരിടും.

വിശ്വാസികളെ ഞങ്ങൾ തള്ളിപ്പറയുന്നുവെന്ന് കഥയുണ്ടാക്കിയത്, ചിലരിലെങ്കിലും തെറ്റിദ്ധാരണയുണ്ടാക്കി. ഞങ്ങൾ ഗൃഹസമ്പർക്കത്തിലൂടെ ഞങ്ങളവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. ഞങ്ങളുടെ സഖ്യശക്തികളാണ് ന്യൂനപക്ഷങ്ങൾ.

ശബരിമലക്കേസും ഒരു കാരണമല്ലേ? അറസ്റ്റിലായ നേതാക്കൾക്കെതിരെ നടപടിയെടുത്തില്ലല്ലോ?

ഞങ്ങളാരെയും തുറന്നുവിട്ടില്ല. ആർക്കും രക്ഷാകവചമൊരുക്കിയില്ല. കുറ്റക്കാർ ശിക്ഷിക്കപ്പെടും. എസ്.ഐ.ടിയെ വഴി മാറ്റിവിടാനും ശ്രമിച്ചിട്ടില്ല. ഒരു തരി സ്വർണം കട്ടാൽ ഏതു പാർട്ടിക്കാരായാലും ശിക്ഷിക്കപ്പെടുമെന്നു പറയാൻ എൽ.ഡിഎഫിന് ചങ്കൂറ്റമുണ്ട്.

ശബരിമല തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന് സി.പി.എം. പറയുന്നു. സി.പി.ഐ. മറിച്ചും വിലയിരുത്തിയല്ലോ?

ഇടതുപക്ഷത്തിന്റെ അടിത്തറ തകർന്നെന്നു പറയുന്നതു ശരിയല്ല. പക്ഷെ, ഇടതുപക്ഷത്തിന്റെ ബന്ധുക്കളായ ചില വിഭാഗങ്ങൾക്ക് ചെറിയ ഇളക്കമുണ്ടായി. അതു മാറിക്കഴിഞ്ഞു. എൽ.ഡി.എഫിന്റെ മേഖലാജാഥകളിൽ ഇതു പ്രകടമായി.

ഇത്രയൊക്കെ ചെയ്‌തെങ്കിൽ തദ്ദേശഫലം എങ്ങനെ നെഗറ്റീവായി? അതൊരു ഭരണവിരുദ്ധ വികാരമല്ലേ?

നിങ്ങൾ പറയുന്ന നെഗറ്റീവല്ലത്. എൽ.ഡിഎഫാണ് ശരിയെന്നും അതിൽ മാത്രമേ പ്രതീക്ഷിക്കാനുള്ളൂവെന്ന് ജനങ്ങൾ പൊതുവെ ചിന്തിക്കുന്നു. ഇങ്ങനെ പോയാൽ പോരാ, ചില വിഷയങ്ങളിൽ വീണ്ടുവിചാരം വേണമെന്നും ഞങ്ങളോടു സ്‌നേഹപൂർവം പറഞ്ഞതാണവർ. ആ വിധിയെഴുത്ത് എൽ.ഡി.എഫിനെ ശപിച്ചു കൊണ്ടല്ല. എൽ.ഡി.എഫ് കുറച്ചുകൂടി ശ്രദ്ധിക്കണമെന്നു പറഞ്ഞതാണ്. ജനങ്ങളുടെ താക്കീതോ ഭരണവിരുദ്ധവികാരമോ അല്ല. സ്‌നേഹത്തിന്റെ സ്‌നേഹവികാരമാണ്. അതു ഞങ്ങൾ പാഠമായി കാണുന്നു.

പക്ഷെ, മുൻപൊന്നുമില്ലാത്ത വിധത്തിൽ ബി.ജെ.പിയുമായി അന്തർധാരയാണെന്ന് പഴി കേൾക്കേണ്ടി വന്നതോ?

അന്തർധാര ഇടതുപക്ഷവഴിയല്ല. അത്തരം ബന്ധങ്ങളൊന്നും ഇടതുപക്ഷത്തിന്റേതല്ല. എൽ.ഡി.എഫിൽ ഒരു പാർട്ടിക്കും പുറത്തു പറയാൻ പറ്റാത്ത, അടിയിൽ ഒതുക്കി വെയ്‌ക്കേണ്ട ബന്ധങ്ങളില്ല. ഉണ്ടാവുകയുമില്ല.

തൃശൂർ ലോക്‌സഭാ സീറ്റിൽ ബി.ജെ.പി. ജയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ പിടിച്ചു. കേരളത്തിൽ സംഘപരിവാർ രാഷ്ട്രീയം വളർന്നു വരികയല്ലേ?

തൃശൂരിലെ നേട്ടം തദ്ദേശ തിരഞ്ഞെടുപ്പിൽ മാഞ്ഞു പോയി. അപ്പുറത്തു പോയ വോട്ടർമാരെല്ലാം തിരിച്ചു വന്നു. തിരുവനന്തപുരത്ത് വിജയമുണ്ടായെന്നതു ശരിയാണ്. അയ്യപ്പനെ കാണിച്ച് ജയിക്കാൻ നോക്കി. എന്നാൽ, അയ്യപ്പൻ ജനിച്ചിടത്ത്, പന്തളം മുനിസിപ്പാലിറ്റിയിൽ ബി.ജെ.പിക്കു ഭരണം പോയി, എൽ.ഡി.എഫ് ഭരിക്കുന്നു. ശബരിമല ക്ഷേത്രമുള്ള വാർഡും പഞ്ചായത്തും എൽ.ഡി.എഫ് വിജയിച്ചു. ദൈവമെന്നാൽ നന്മയാണ്, സ്‌നേഹമാണ്, ശ്രേഷ്ഠതയാണ്, സത്യമാണ് എന്നൊക്കെയാണ് വിശ്വാസികളുടെ സങ്കല്പം. അങ്ങനെയെങ്കിൽ, ദൈവം ഞങ്ങളുടെ കൂടെയായിരിക്കും. ദൈവത്തിന് രാഷ്ട്രീയത്തിൽ ബന്ധുക്കളെ വേണമെന്നു തോന്നിയാൽ ഞങ്ങളുടെ കൂടെയായിരിക്കും.

എൽ.ഡി.എഫിനെ ആര് നയിക്കുമെന്നും ചർച്ച ഉയരുകയുണ്ടായി. ഇടതുപക്ഷത്തിന് നയമാണോ നായകനാണോ മുഖ്യം?

തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. നയവും അതിന്റെ രാഷ്ട്രീയവും നയിക്കും. മുഖ്യം നയമല്ലെന്നാരു പറഞ്ഞു? നായകന് നയം വഴി കാണിക്കും. നയത്തിനേക്കാൾ വലുതല്ല നായകൻ. നയത്തേക്കാൾ മേലെയല്ല നായകൻ. ഈ നയം നടപ്പാക്കാനുള്ള വലിയ സമരത്തിന്റെ മുന്നിൽ നായകനുണ്ട്. സ്വാഭാവികമായും ഏറ്റവും വലിയ പാർട്ടിയുടെ നേതാവാണ് സമരം നയിക്കേണ്ടയാൾ.

നായകനെയല്ല, നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫിന്റെ പോരാട്ടം. വികസനം, കരുതൽ തുടങ്ങീ അടിസ്ഥാന ഇടതുപക്ഷ കാഴ്ചപ്പാടുകളുണ്ട്. പത്തു കൊല്ലത്തെ നേട്ടങ്ങളുടെ ഒരു കൊടുമുടി തന്നെയുണ്ട്. അതു ചൂണ്ടിക്കാണിച്ചാൽ മതി. ആ തുടർച്ചയ്ക്കു വേണ്ടിയാണ് പോരാട്ടം.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പലസ്തീൻ ഒരു വിഷയമായി ഉയർത്തിക്കാട്ടി. ഈ തിരഞ്ഞെടുപ്പിലോ?

ട്രംപിനു വേണ്ടി ഇന്ത്യ വിദേശനയം ബലി കഴിച്ചു. വെനിസ്വേല പ്രസിഡന്റിനെ പിടിച്ചു കൊണ്ടുപോയി. ഇറാനെ അക്രമിച്ചിരിക്കുന്നു. അമേരിക്ക നേതൃത്വം നൽകുന്ന സാമ്രാജ്യത്വ-കോർപറേറ്റ് കൂട്ടുകെട്ടിനും കൊള്ളയ്ക്കും എതിരായും അക്രമിക്കപ്പെടുന്ന എല്ലാവർക്കു വേണ്ടിയും ഞങ്ങൾ ശബ്ദിക്കും. ഒരു സംശയവും വേണ്ടാ.

ഈ രാഷ്ട്രീയം ബി.ജെ.പിക്കു പറയാനാവില്ല. അവർക്കു പറയാൻ പറ്റാത്തതൊന്നും കോൺഗ്രസും പറയില്ല. കേരളത്തിലെ കോൺഗ്രസിന് ബി.ജെ.പിയെ പേടിയാണ്. ഇവിടുത്തെ കോൺഗ്രസ് എല്ലാക്കാലത്തും ബി.ജെ.പിക്കൊപ്പമാണ്. അങ്ങനെ വന്നതാണ് കോ-ലീ-ബി മോഡൽ. അവർക്കു ഗാന്ധിയും നെഹ്‌റുവും വേണ്ട. ബി.ജെ.പിയുമായുള്ള ചങ്ങാത്തത്തിന്റെ പാപഭാരം മൂടിവെയ്ക്കാൻ ഇവിടുത്തെ കോൺഗ്രസുകാർ നെഹ്‌റുവിയൻ ലെഫ്റ്റാണെന്ന് അവകാശപ്പെടുന്നു. എന്നാൽ, നെഹ്‌റു ഇടതുവിരുദ്ധാനായിരുന്നില്ല.

തുടർഭരണം ലക്ഷ്യമായതിനാൽ സ്ഥാനാർഥിനിർണയത്തിൽ ഇളവുണ്ടല്ലോ?

മത്സരിക്കുന്നതിന്റെ ലക്ഷ്യം ജയം തന്നെയാണ്. ആ ജയത്തിനു വേണ്ടി ഉണ്ടാക്കിയതാണ് വ്യവസ്ഥകൾ. രണ്ടും പരസ്പരബന്ധിതമാണ്. വ്യവസ്ഥകളെയും വിജയത്തെയും ഉയർത്തിപ്പിടിക്കും. പാർട്ടിയിലും മുന്നണിയിലും സ്ഥാനാർഥി നിർണയം ചർച്ചകളിലൂടെ പൂർത്തിയാക്കും.