വൈവിധ്യമുള്ള നിരവധി കഥാപാത്രങ്ങൾക്ക് രൂപഭാവങ്ങൾ നൽകുന്ന തിരക്കിലാണ് നടൻ  ജഗദീഷ്. 2016-ൽ പത്തനാപുരത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും കെ.ബി. ഗണേഷ് കുമാറിനോടു പരാജയപ്പെട്ടു. ജഗദീഷ്, തിരഞ്ഞെടുപ്പ് അനുഭവങ്ങൾ മാതൃഭൂമി ഡോട്ട്‌കോമുമായി പങ്കുവെക്കുന്നു.

To advertise here,

രാഷ്ട്രീയവും തിരഞ്ഞെടുപ്പുമായും ബന്ധപ്പെട്ടുള്ള ആദ്യകാല ഓർമ്മകൾ

എന്റെ അച്ഛൻ ചരിത്രാധ്യാപകനായിരുന്നു. തിരുവനന്തപുരത്തെ പല ഹൈസ്‌കൂളുകളിലും ഹെഡ്മാസ്റ്ററായിരുന്നു. ലോകരാജ്യങ്ങളുടെ ഭരണം, അമേരിക്ക, ഹിറ്റ്ലർ... അങ്ങനെ പല കാര്യങ്ങളെ കുറിച്ചും അച്ഛൻ പറഞ്ഞു തരും. അച്ഛൻ തിരക്കിലായിരിക്കുമ്പോൾ ഞാൻ പത്രം വായിച്ചു കൊടുക്കുമായിരുന്നു. അച്ഛൻനിന്ന് പ്രാതൽ കഴിക്കുമ്പോഴാണ് ഞാൻ പത്രം വായിക്കുക. അപ്പോൾ അതിന്റെ ഒരു വിശകലനം പോലെ അച്ഛൻ കാര്യങ്ങൾ പറഞ്ഞു തരുമായിരുന്നു.

അന്നത്തെ അമേരിക്കൻ വൈസ് പ്രസിഡന്റ് ലിൻഡൻ ബി. ജോൺസൺ പറഞ്ഞ ഒരു വാചകം അച്ഛൻ പറഞ്ഞു തന്നത് ഇപ്പോഴും ഓർമ്മയുണ്ട് 'The ultimate aim of American foreign policy is the unification of Germany.' അമേരിക്കയുടെ ആത്യന്തികമായ ലക്ഷ്യം ജർമ്മനിയെ ഏകീകരിക്കുക എന്നതാണെന്ന്. അതിനും എത്രയോ വർഷങ്ങൾക്ക് ശേഷമാണ് ജർമ്മനി ഒന്നായത്. ഹിറ്റ്ലറുടെ ചില പ്ലസ്സുകൾ, ഒരുപാട് മൈനസ്സുകൾ, ജൂതവിരോധം ഇതെല്ലാം അച്ഛൻ എനിക്ക് പറഞ്ഞു തന്നു. അതാണ് എന്റെ രാഷ്ട്രീയം. പിന്നെ തിരുവനന്തപുരം കോർപ്പറേഷനിലെ തിരഞ്ഞെടുപ്പുകൾ, വീട്ടിലെ ചർച്ചകൾ ഇതൊക്കെയാണ് എന്റെ ആദ്യകാല ഓർമ്മകൾ. അന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ റോഡിലൂടെയുള്ള വിജയാഘോഷങ്ങൾ ഞാൻ കൗതുകപൂർവ്വം നോക്കി നിൽക്കുമായിരുന്നു.

വിദ്യാർഥി രാഷ്ട്രീയം

തിരുവനന്തപുരത്ത മോഡൽ സ്‌കൂളിൽ പഠിക്കുമ്പോൾ ഞാൻ ക്ലാസ്സ് റെപ്രസന്റേറ്റീവ് ആയി മത്സരിച്ചു ജയിച്ചിട്ടുണ്ട്. ക്ലാസ്സ് റെപ്രസന്റേറ്റീവ്മാരാണ് സ്‌കൂൾ ലീഡറെ തിരഞ്ഞെടുക്കുന്നത്. അന്ന് രണ്ടു പേരാണ് സ്‌കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചത്- വസന്തനും പ്രതാപചന്ദ്ര മേനോനും. വസന്തനാണ് പഠിക്കാൻ ഏറ്റവും മിടുക്കൻ, മാതൃകാ വിദ്യാർഥി. പ്രതാപചന്ദ്രൻ കൊള്ളാം, പക്ഷേ വസന്തനാണ് എല്ലാത്തിലും മുന്നിൽ. ഞങ്ങൾ കുറെ പേർ തീരുമാനിച്ചത് പ്രതാപചന്ദ്ര മേനോനെ വിജയിപ്പിക്കാനാണ്. അതിനൊരു കാരണമുണ്ട്. വസന്തൻ സ്‌കൂൾ ലീഡർ ആയാൽ സ്‌കൂളിൽ സമരത്തിന്റെ അവധി കിട്ടില്ല എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. പ്രതാപചന്ദ്ര മേനോൻ കുറച്ചു സമരമൊക്കെ ചെയ്യാനും ആർട്സ് കോളേജിലെ പിള്ളേരൊക്കെ വരുമ്പോൾ സമരത്തിന് ഇറങ്ങാനുമൊക്കെ നേതൃത്വം നൽകുന്നയാളും എന്നുകരുതി ഞങ്ങൾ അയാൾക്ക് വോട്ട് ചെയ്തു വിജയിപ്പിച്ചു. ഇതാണ് തിരഞ്ഞെടുപ്പിന്റെ ശാസ്ത്രം.

ഏറ്റവും മിടുക്കനെയല്ല ഞങ്ങൾ തിരഞ്ഞെടുത്തത്. ഞങ്ങളുടെ തോളിൽ കൈയിട്ടു നടന്ന് പല വാഗ്ദാനങ്ങൾ നൽകി പലതവണ വോട്ടു ചോദിച്ചയാളെ ജയിപ്പിച്ചു. ജയിച്ച ശേഷം പ്രതാപചന്ദ്രമേനോൻ വാഗ്ദാനങ്ങളെല്ലാം പാലിച്ചോ എന്നു ചോദിച്ചാൽ ഇല്ല. ഇന്ന് ആലോചിക്കുമ്പോൾ വസന്തനായിരുന്നു ബെറ്റർ കാൻഡിഡേറ്റ് എന്ന് എനിക്ക് തോന്നുന്നു. ഇതാണ് ഇവിടെ ജനാധിപത്യം എന്നു പറയുന്നത്. എന്റെ ഈ അനുഭവത്തിൽനിന്ന് ലോകത്തെ ജനാധിപത്യം എന്താണെന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കാം.

വസന്തനെയും പ്രതാപചന്ദ്ര മേനോനെയും പിന്നീട് കണ്ടിട്ടുണ്ടോ?

ഇല്ല, പിന്നീട് കണ്ടിട്ടില്ല. അതാണ് അതിന്റെ രസം. അവർ പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് മത്സരിച്ചത്. ഞാൻ ആറോ, ഏഴോ ക്ലാസ്സിലും.

സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായിട്ടുണ്ടോ?

ഇല്ല. അതിനൊന്നും എന്നെ കിട്ടില്ല. എനിക്കതിൽ താൽപര്യമില്ല. അച്ചടക്കമുള്ള വിദ്യാർഥിയായിരുന്നു ഞാൻ. ആഘോഷമൊക്കെ വീട്ടിനകത്തുനിന്നു കാണും. സിനിമ കാണുന്നതായിരുന്നു അക്കാലത്തെ ഏറ്റവും വലിയ ഭ്രാന്ത്. രാഷ്ട്രീയത്തിന് അന്ന് അത്രയ്ക്ക് വലിയ പ്രാധാന്യം കൊടുത്തിട്ടില്ല.

കോളേജ് രാഷ്ട്രീയം

ആർട്സ് കോളേജിലായിരുന്നു പ്രീ ഡിഗ്രിയും ബികോമും. അവിടെ മൂന്ന് വർഷം ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു. കെഎസ്‌യുവിന്റെ സ്ഥാനാർഥിയായിരുന്നു ഞാൻ. കോൺഗ്രസ് രാഷ്ട്രീയത്തോടുള്ള താല്പര്യത്തേക്കാൾ ഉപരി, കെഎസ്‌യു നേതാക്കൾ ആദ്യം എന്നെ സമീപിച്ചത് കൊണ്ടാണ് ഞാൻ കെഎസ്‌യു ആയത്. ഞാൻ സ്‌കൂളിലൊക്കെ മിമിക്രിയും പാട്ടും ഒക്കെയായി അത്യാവശ്യം പോപ്പുലർ ആയിരുന്നതുകൊണ്ട് നേതാക്കൾക്ക് വലിയ കാര്യമായിരുന്നു. അന്ന് നിർമാതാവ് സുരേഷ്‌കുമാറിന്റെ ചേട്ടൻ മോഹൻകുമാർ എന്റെ ക്ലാസ്മേറ്റ് ആയിരുന്നു. മോഹൻലാലിന്റെ ജ്യേഷ്ഠൻ പ്യാരേലാൽ കോളേജ്മേറ്റ് ആയിരുന്നു. മോഹൻകുമാർ ഐഎഎസ് നേടി, പ്രതിരോധസെക്രട്ടറിയായി വിരമിച്ചു.

കെഎസ്‌യുവിന്റെ വലിയ സമരങ്ങളിലൊന്നും ഞാൻ പങ്കെടുത്തിട്ടില്ല, ഒരു പോലീസ് സ്റ്റേഷനിലും പോയിട്ടില്ല. തിരഞ്ഞെടുപ്പുകളിലെല്ലാം ജയിച്ചു. ബികോം ഫൈനൽ ഇയർ ആയപ്പോൾ 18-ൽ 17 സീറ്റും എസ്എഫ്‌ഐ ജയിച്ചപ്പോൾ ആർട്സ് ക്ലബ് സെക്രട്ടറി സീറ്റ് എനിക്ക് കിട്ടി. പിന്നീട് എംകോം പഠിക്കാൻ മാർ ഇവാനിയോസ് കോളേജിൽ പോയി. രാഷ്ട്രീയതാൽപര്യമില്ലാത്തതിനാൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ചില്ല. മാർ ഇവാനിയോസ് കോളേജിലെ ആർട്ട് ക്ലബ് സെക്രട്ടറി ആവുക എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ എല്ലാവരും കൂടി നിർബന്ധിച്ച് ഞാൻ ചെയർമാൻ ആയി. അന്നത്തെ ആഭ്യന്തരമന്ത്രി കെ. കരുണാകരനാണ് യൂണിയൻ ഉദ്ഘാടനം ചെയ്തത്. തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചെങ്കിലും രാഷ്ട്രീയപ്രവർത്തനത്തിൽ എന്റെ പങ്ക് പൂജ്യമായിരുന്നു. യൂണിയൻ ചെയർമാൻ എന്ന നിലയിൽ രാഷ്ട്രീയത്തേക്കാൾ കലാപ്രവർത്തനങ്ങൾക്കും സാംസ്‌കാരിക പ്രവർത്തനങ്ങൾക്കുമാണ് ഞാൻ പ്രാധാന്യം നൽകിയത്. ഏറ്റവും കൂടുതൽ കവിയരങ്ങുകൾ സംഘടിപ്പിച്ച, ഏറ്റവും കൂടുതൽ സിനിമാതാരങ്ങളെ കൊണ്ടുവരാനായ, ഒരുപാട് കായിക പ്രവർത്തനങ്ങൾ ഒക്കെ നടന്ന സുവർണകാലഘട്ടമായിരുന്നു അത്. യൂണിയൻ ഉദ്ഘാടനത്തിന് കരുണാകരൻ സാറിനെ കൊണ്ടുവന്നതൊഴിച്ചാൽ രാഷ്ട്രീയനേതാക്കളെയൊന്നും ആ കാമ്പസിൽ വേറെ കൊണ്ടുവന്നിട്ടില്ല

ഔദ്യോഗികജീവിതവും പേരാവൂർ തിരഞ്ഞെടുപ്പും

എം.കോം റിസൾട്ട് വരുന്നതിന് മുൻപേ എനിക്ക് കാനറ ബാങ്കിൽ ജോലി കിട്ടി. മലപ്പുറം എടപ്പാളിലായിരുന്നു ബാങ്ക്. ജോലി കിട്ടിയ ആ സമയത്ത് ജനതാ ഭരണകാലം കഴിഞ്ഞ് ഇന്ദിരാഗാന്ധി തിരിച്ചുവരുന്ന സമയമായിരുന്നു. അവിടെ ഇന്ദിരാഗാന്ധി വന്നത് ഞാൻ ഓർക്കുന്നു. പിന്നീട് കോളേജ് അധ്യാപകനായി. അന്ന് പേരാമ്പ്ര നിയോജക മണ്ഡലത്തിൽ എനിക്ക് ഇലക്ഷൻ ഡ്യൂട്ടി കിട്ടി. കഷ്ടിച്ച് ആറുമാസം മാത്രം സർവീസുണ്ടായിരുന്ന ഞാൻ പേരാവൂർ മണ്ഡലത്തിൽ പ്രിസൈഡിംഗ് ഓഫീസറായിരുന്നു. അന്ന് മത്സരിച്ചത് കോൺഗ്രസ് ഐയിലെ കരുണാകരൻ നമ്പ്യാരും കോൺഗ്രസ് എസ്സിലെ കെ.പി നൂറുദ്ദീനും തമ്മിലാണ് എന്നാണ് ഓർമ്മ. ജയിച്ചത് നൂറുദ്ദീനാണ്. പ്രിസൈഡിങ് ഓഫീസർ എന്ന നിലയിൽ ഒരുപാട് ഫോറങ്ങളും ഡേറ്റാ ഷീറ്റുകളും പൂരിപ്പിക്കാനുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് സമയം ആറുമണി വരെയായിരുന്നു. ആറു മണി കഴിഞ്ഞതും ജോലി തീർത്ത് കൂടെയുള്ള എല്ലാ പോളിങ് ഓഫീസേഴ്സിനും ഡ്യൂട്ടിയുടെ പ്രതിഫലമടങ്ങുന്ന കവറും നൽകി. അപ്പോൾ കൂടെയുള്ള വളരെ സീനിയറായ അധ്യാപകർ എന്നെ അഭിനന്ദിച്ചത് വളരെ സന്തോഷമുള്ള ഓർമ്മയാണ്. ആ സന്തോഷമുള്ള ഓർമ കഴിഞ്ഞാൽ ഏറ്റവും ദുഃഖകരമായ ഓർമ തിരഞ്ഞെടുപ്പിൽ മത്സരിച്ചതാണ്.

പത്തനാപുരത്തെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഓർമ്മ ഇപ്പോഴും വേദനിപ്പിക്കുന്നുണ്ടോ?

ഇല്ല. വീട്ടുകാരും കുട്ടികളും പറയുന്നത് അനുസരിക്കാത്തതിൽ എനിക്ക് വേദനയുണ്ട്. ആ തീരുമാനം ഒഴിവാക്കാമായിരുന്നു എന്ന് ഞാൻ തിരിച്ചറിയുന്നു. ഭാര്യയും കുട്ടികളും ഒക്കെ പറയുന്നത് ധിക്കരിക്കുന്നതു കൊണ്ട് ചിലപ്പോൾ ജീവിതത്തിൽ വലിയ തിരിച്ചടികളുണ്ടാകും.

മത്സരിക്കാൻ താങ്കളെ നിർബന്ധിച്ചത് ആരായിരുന്നു?

നിർബന്ധിച്ച ആൾക്കാരുടെ പേരൊന്നും പറഞ്ഞ് അവരെ പ്രതിക്കൂട്ടിലാക്കാനില്ല, ആരെയും കുറ്റപ്പെടുത്തുന്നില്ല. അവര് പറഞ്ഞത് കേട്ട് ചാടിപ്പുറപ്പെട്ട എന്നെ വേണം പറയാൻ. പക്ഷേ, അത് എനിക്ക് ജീവിതത്തിൽ വലിയ അനുഭവമായി. മത്സരം ഈസി വാക്കോവർ എന്നാണ് ഞാൻ വിചാരിച്ചത്. രാവിലെ പ്രചാരണ പര്യടനത്തിനോ വാഹന പ്രചാരണത്തിലോ ഒക്കെ പോകുന്ന ഗണേഷ് കുമാറിന്റെ ആൾക്കാരും എന്റെ ചുറ്റിലും കൂടും. അത് വോട്ടായി മാറുമെന്ന് ഞാൻ തെറ്റിദ്ധരിച്ചു. ആളുകൾ എന്നെ കാണാൻ വന്നു, ഓട്ടോഗ്രാഫ് വാങ്ങി. അവർ പറഞ്ഞ പാട്ട് ഞാൻ പാടിക്കൊടുത്തു. പത്തനാപുരത്തെ ജനങ്ങൾ രാഷ്ട്രീയപ്രബുദ്ധതയുള്ളവരാണ്. അവരെന്നെ പറഞ്ഞു മനസ്സിലാക്കി, എന്നെപ്പോലുള്ള ഒരു കലാകാരൻമാർ പൊതുസ്വത്താണെന്നും ഏതെങ്കിലും ഒരു പാർട്ടിയുടെ ആളായി മത്സരിക്കുന്നതിൽ താല്പര്യമില്ലെന്നും.

പത്തനാപുരത്തെ ജനങ്ങൾ എന്നെ തിരഞ്ഞെടുത്തിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ഇന്ന് സിനിമാനടൻ നിലയിൽ എനിക്ക് ഇത്രയും വൈവിധ്യമുള്ള വേഷങ്ങൾ കിട്ടുമായിരുന്നില്ല. കഴിഞ്ഞ മൂന്നു നാല് വർഷങ്ങളായി എനിക്ക് ഒരുപാട് നല്ല വേഷങ്ങൾ കിട്ടി. എംഎൽഎ ആയിരുന്നെങ്കിൽ മണ്ഡലത്തിൽ തന്നെ കൂടുതൽ വർക്ക് ചെയ്യാൻ ബാധ്യസ്ഥനാവുമായിരുന്നു. അപ്പോൾ ഇത്രയും വേഷങ്ങളൊന്നും എനിക്ക് കിട്ടില്ല, കിട്ടിയാൽ ചെയ്യാനും പറ്റില്ല. എന്നെപ്പോലുള്ള ഒരു കലാകാരൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് മൗഢ്യമാണെന്ന് എന്നെ പറഞ്ഞു മനസ്സിലാക്കി തന്നത് അവിടത്തെ ജനങ്ങളാണ്. അതിന് പത്തനാപുരത്തെ ജനങ്ങളോട് എന്നും നന്ദിയും കടപ്പാടുമുണ്ടാവും.

ഇന്ന് ഞാൻ സർവ്വതന്ത്ര സ്വതന്ത്രനാണ്, എല്ലാ പാർട്ടിയിലും സുഹൃത്തുക്കളുണ്ട്. നഷ്ടമായ സുഹൃത്തുക്കളെയെല്ലാം എനിക്ക് തിരിച്ചു പിടിക്കാൻ കഴിഞ്ഞു. .ഇപ്പോൾ എനിക്ക് സ്വഭാവനടനെന്ന നിലയിൽ എനിക്ക് വൈവിധ്യമുള്ള വേഷങ്ങൾ നൽകിക്കൊണ്ടിരിക്കുന്നവരിൽ എല്ലാ പാർട്ടിക്കാരും ഉണ്ട്. ഏതെങ്കിലും ഒരു മതിൽക്കെട്ടിൽ ഞാൻ തളച്ചിടപ്പെടാത്തതിൽ അവർക്കെല്ലാവർക്കും വലിയ സന്തോഷമാണ്. എല്ലാ രാഷ്ട്രീയകക്ഷി നേതാക്കൾക്കും എന്നെ വലിയ കാര്യമാണ്. രാഷ്ട്രീയത്തിൽ നിന്ന് ഞാൻ മാറിയതിൽ ആർക്കും പരിഭവമില്ല, ഞാൻ മാറിയപ്പോൾ അത് പറ്റില്ലെന്ന് പറഞ്ഞ് എന്നെ നിർബന്ധിച്ച് വീണ്ടും കൊണ്ടുവന്നില്ല. അതിൽ എനിക്ക് സന്തോഷമുണ്ട്.

തിരഞ്ഞെടുപ്പു മത്സരത്തിൽ വ്യക്തിപരമായി വലിയ സാമ്പത്തികനഷ്ടം ഉണ്ടായോ?

(ചിരിക്കുന്നു.) ഉത്തരം ജഗദീഷ് ഒരു പുഞ്ചിരിയിൽ ഒതുക്കി, കരുണാകരൻ സാറിനെ പോലെ കണ്ണിറുക്കി കാണിച്ചു എന്നെഴുതിയാൽ മതി. മണിയൻപിള്ള രാജു ഒരു ഇന്റർവ്യൂവിൽ പറഞ്ഞു, 'അവൻ അല്ലെങ്കിലും കാശൊന്നും അധികം ചെലവാക്കാത്ത ആളാണ്. അവന്റെ കൈയീന്ന് കാശ് കുറെ പോകാനുള്ള ഒരു നിമിത്തമായിരുന്നു ഈ തെരഞ്ഞെടുപ്പ് എന്നു കരുതിയാൽ മതി'. രാജുവിന്റെ അഭിപ്രായത്തെക്കുറിച്ച് എന്ത് പറയുന്നു എന്ന് ചോദിച്ചപ്പോൾ ഞാൻ 'കണ്ണിറുക്കി പുഞ്ചിരിച്ചു' എന്ന് പറഞ്ഞാൽ മതി.

യഥാർഥ സുഹൃത്തുക്കളെ തിരിച്ചറിയാനുള്ള സമയമായിരുന്നോ തിരഞ്ഞെടുപ്പു മത്സരം

ഞാനാരെയും കുറ്റപ്പെടുത്താൻ തയ്യാറല്ല. ഞാൻ ചെയ്ത തെറ്റിന് ഞാൻ തന്നെ അനുഭവിക്കേണ്ടി വരും. ആ തെറ്റിന്റെ മൂലകാരണം ഞാനല്ലേ. സുഹൃത്തുക്കളുടെ അനുവാദം വാങ്ങിയിട്ടല്ലല്ലോ ഞാൻ മത്സരിച്ചത്. എങ്കിൽ ആരെങ്കിലും നമ്മളെ പിന്തുണച്ചില്ലെന്നൊക്കെ പരിഭവിക്കാം. ആരോടും പറയാതെ അങ്ങ് തെരഞ്ഞെടുപ്പിൽ ഞാൻ കയറി നിന്നതല്ലേ. അതുകൊണ്ട് ആരെയും എനിക്ക് കുറ്റപ്പെടുത്താൻ കഴിയില്ല. അതിനുള്ള ധാർമിക അവകാശം എനിക്കില്ല.

തലസ്ഥാനത്തെ പ്രധാനപ്പെട്ട പയ്യൻസ് അടക്കമുള്ള നിരവധി സിനിമകളിൽ രാഷ്ട്രീയക്കാരനായി അഭിനയിച്ചല്ലോ. ആ വേഷങ്ങളിൽ താങ്കളുടെ മനസ്സിലെ ആദർശവും ചിന്താഗതിയുമൊക്കെ ഉണ്ടായിരുന്നോ?

അങ്ങനെ പറയാൻ പറ്റില്ല. സിനിമ ഒരു വിനോദോപാധിയാണ്. രാഷ്ട്രീയവും സിനിമയും രണ്ടും രണ്ടാണ്.

അഭിനയിച്ച രാഷ്ട്രീയക്കാരന്റെ റോളുകളിൽ വ്യക്തിപരമായി ഏറ്റവും പ്രിയപ്പെട്ടത്

സ്ഥലത്തെ പ്രധാന പയ്യൻസിലെ ഗോപാലകൃഷ്ണൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ്. അതിനകത്ത് പത്തും നാൽപ്പതും അമ്പതും പേജുള്ള ഡയലോഗ്സ് കാണാതെ പഠിച്ച് പറഞ്ഞത് എനിക്ക് ഏറ്റവും സന്തോഷവും അഭിമാനവും തന്ന കാര്യമാണ്. ആ കഥാപാത്രത്തെ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. പ്രേക്ഷകർ ഇഷ്ടപ്പെട്ട നന്മയുള്ള കഥാപാത്രം, ന്യൂസ് പേപ്പർ ബോയ് ഒരു ആഭ്യന്തര മന്ത്രി ആകുന്ന കഥ. യഥാർത്ഥ ജീവിതത്തിൽ അത് നടക്കുമോയെന്ന് അറിയില്ല, പക്ഷെ സിനിമയിൽ അങ്ങനെ നടന്നു കാണുമ്പോൾ സന്തോഷം തോന്നുന്ന ഒരു കാര്യമാണ്.

ഇത്രയും കാലത്തെ അനുഭവത്തിൽ നിന്നും രാഷ്ട്രീയത്തെ കുറിച്ചുള്ള അഭിപ്രായം

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരാൾ എന്ന നിലയിൽ എനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് പറയാൻ അവകാശമില്ല.

അങ്ങനെയല്ലല്ലോ. ഒരു വോട്ടർ എന്ന നിലയ്ക്ക്...

ഇല്ലില്ല. ആൾക്കാർക്ക് ഓക്കേ എന്ന് തോന്നുന്നവർ ജയിക്കും. രാഷ്ട്രീയത്തെ കുറിച്ച് പറയണമെങ്കിൽ അത്രത്തോളം പഠനവും കാര്യങ്ങളും അറിവും ഒക്കെ ഉണ്ടാവണം. രാഷ്ട്രീയത്തെ ഞാൻ മാറിനിന്ന് നോക്കിയിട്ടുള്ള ആളാണ്. അതുകൊണ്ടാണ് പരാജയപ്പെട്ടത്. മാറിനിന്ന് നോക്കിക്കാണുന്ന ഒരാൾക്ക് അഭിപ്രായം പറയാൻ അവകാശമില്ല. ദൂരെ നിന്ന് നോക്കി വേലിയുടെ ഇപ്പുറത്ത് നിന്ന് അഭിപ്രായം പറയാൻ പാടില്ല.

ഇത്തവണ സുഹൃത്തുക്കളാരെങ്കിലും മത്സരിക്കുകയാണെങ്കിൽ അവർക്ക് വേണ്ടി പ്രചാരണത്തിന് പോകുമോ?

ഇല്ല, ഒരിക്കലും പോകില്ല

ജീവിതത്തിൽ നിന്ന് പൂർണമായും രാഷ്ട്രീയം ഒഴിവാക്കിയോ?

നൂറുശതമാനം. ഏറ്റവും അടുത്ത സുഹൃത്തുക്കൾ മത്സരിച്ചാൽ, എന്റെ സ്വന്തം സഹോദരൻ മത്സരിച്ചാൽ പോലും ഞാൻ പ്രചാരണത്തിന് പോവില്ല

അപ്പോൾ സമൂഹത്തിൽ ഒരു മാറ്റം വരണം, വരുത്തണം, അതിനു പറ്റുന്ന ആൾക്കാരെ വേണം അങ്ങനെയുള്ള ഒരു ആഗ്രഹവുമില്ല..?

അല്ല അത് ജനാധിപത്യമല്ലേ, ആരാണ് തിരഞ്ഞെടുക്കേണ്ടത് എന്ന് വ്യക്തികൾ തീരുമാനിക്കും. ആ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ ഞാൻ പോകും. ഞാൻ വോട്ട് ചെയ്യുന്ന ആള് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, ഓക്കേ. ഞാൻ വോട്ട് ചെയ്യാത്ത ആള് ജയിച്ചാലും അയാൾ എന്റെ എംഎൽഎ ആണ്, എന്റെ മന്ത്രിയും കാര്യങ്ങളും ഒക്കെയാണ്. മത്സരഫലം വന്നാൽ പിന്നെ നമുക്ക് രാഷ്ട്രീയം ഇല്ല. അരാഷ്ട്രീയവാദി അല്ല, ഞാൻ രാഷ്ട്രീയം മനസ്സിൽ കൊണ്ടുനടക്കുന്ന ആളാണ്. സ്ഥാനാർത്ഥിയും മറ്റുകാര്യങ്ങളും എല്ലാം നോക്കിയിട്ടായിരിക്കും ഞാൻ വോട്ട് ചെയ്യുന്നത്.

ഇപ്പോൾ ഏതൊക്കെ സിനിമകളാണ് ചെയ്യുന്നത്

പോൾ ജോർജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' ചെയ്യുകയാണ്. അടുത്തത് തരുൺമൂർത്തിയുടെ മോഹൻലാൽ പടം. പിന്നെ ഷറഫുദ്ദീന്റെ 'മധുവിധു', കൃഷ്ണാന്ദിന്റെ 'മസ്തിഷ്‌കമരണം'. വേറെയും ഒരുപിടി ചിത്രങ്ങൾ കൈയിലുണ്ട്.

ഈ വർഷം കോൾഷീറ്റ് ഫുള്ളാണ്

അതേ. ഒരുപാട് ചിത്രങ്ങൾ, നല്ല നല്ല വേഷങ്ങൾ. അതിന്റെ സന്തോഷത്തിലാണ് ഞാൻ. അതിന്റെ ഇടയിലും ഞാൻ വോട്ട് ചെയ്യാൻ പോകും, വോട്ട് ചെയ്ത ഉടൻ ലൊക്കേഷനിലേക്ക് മടങ്ങും.

വരുംവർഷങ്ങളിലും തിരക്കോട് തിരക്കായിരിക്കട്ടെ… 

തിരക്കിനെക്കാൾ, നല്ല വേഷങ്ങൾ കിട്ടണമെന്നാണ് ആഗ്രഹം.